വായില്‍ കുപ്പിച്ചില്ലുമായി കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി ; ഒടുവിൽ താഴെയിറക്കി പൊലീസ്

Spread the love

കോഴിക്കോട് : ബീച്ച്‌ പരിസരത്തെ കെട്ടിടത്തിനു മുകളില്‍ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി.

ലൈറ്റ് ഹൗസിന് സമീപമുള്ള മർച്ചന്റ് നേവി ക്ലബ് കെട്ടിടത്തിന് മുകളില്‍ കയറിയായിരുന്നു ആത്മഹത്യാഭീഷണി. ഒടുവില്‍, പോലീസും ഫയർഫോഴ്സും ചേർന്ന് ഒരു മണിക്കൂറോളം നീണ്ട അനുനയ ശ്രമത്തിനൊടുവിലാണ് യുവാവിനെ താഴെയിറക്കിയത്.

 

ഒടുമ്ബ്ര സ്വദേശിയായ റോഷനാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഉച്ചയ്ക്ക് 1.30-ഓടെയാണ് സംഭവങ്ങളുടെ തുടക്കം. വായില്‍ കുപ്പിച്ചില്ലുമായാണ് റോഷൻ കെട്ടിടത്തിന് മുകളില്‍ നിലയുറപ്പിച്ചത്. വാഹനം മോഷ്ടിച്ചുവെന്ന് ആരോപിച്ച്‌ ചിലർ തന്നെ മർദ്ദിച്ചെന്നും ഇവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യുവാവിന്റെ പ്രതിഷേധവും ആത്മഹത്യാശ്രമവും.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് യുവാവിനെ സുരക്ഷിതമായി താഴെയിറക്കാൻ സാധിച്ചത്. റോഷന്റെ മാതാവും സംഭവസ്ഥലത്ത് എത്തിയിരുന്നു.