യൂട്യൂബ് ഇന്ത്യക്കാര്‍ക്ക് ഇനി ചിലവേറിയതാവില്ല; 89 രൂപയുടെ പുത്തന്‍ പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചു

Spread the love

ദില്ലി: ഗൂഗിളിന്‍റെ വീഡിയോ സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് ഇന്ത്യയില്‍ പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ (YouTube Premium Lite Subscription) അവതരിപ്പിച്ചു. മാസം 89 രൂപ വിലവരുന്ന പ്ലാനാണ് യൂട്യൂബ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മുമ്പ് ചില രാജ്യങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ അവതരിപ്പിച്ച ശേഷമാണ് ഇന്ത്യയിലേക്കും ഈ പ്ലാന്‍ യൂട്യൂബ് കൊണ്ടുവന്നത്. പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നതോടെ ഇന്ത്യക്കാര്‍ക്ക് പരസ്യങ്ങളുടെ വലിയ തടസമില്ലാതെ യൂട്യൂബില്‍ വീഡിയോകള്‍ ആസ്വദിക്കാനാകും. വരും ആഴ്‌ചകളില്‍ യൂട്യൂബ് പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും റീചാര്‍ജിനായി ലഭ്യമാകും.

യൂട്യൂബ് പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍: ഗുണങ്ങള്‍

യൂട്യൂബ് മ്യൂസിക്, പ്രീമിയം സേവനങ്ങള്‍ ആഗോളതലത്തില്‍ 125 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാരെ സൃഷ്‌ടിച്ചിരിക്കുന്ന അവസരത്തിലാണ് ഈ പുത്തന്‍ പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ യൂട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്. യൂട്യൂബ് പ്രീമിയം ട്രെയല്‍ അക്കൗണ്ട് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം സഹിതമാണ് ഈ കണക്ക്. പുതിയ പ്രീമിയം പ്ലാന്‍ വീഡിയോ ക്രിയേറ്റര്‍മാര്‍ക്കും പരസ്യ പങ്കാളികള്‍ക്കും കൂടുതല്‍ വരുമാനം സൃഷ്‌ടിക്കുമെന്നും ഗൂഗിള്‍ അവകാശപ്പെടുന്നു.

യൂട്യൂബ് വീഡിയോകള്‍ കാണുന്ന സാധാരണ ഉപയോക്താക്കളെ സംബന്ധിച്ച് അവരുടെ ഏറ്റവും വലിയ പരാതി പരസ്യങ്ങളുടെ അതിപ്രസരമാണ്. എന്നാല്‍ യൂട്യൂബ് പ്രീമിയം പ്ലാനുകളുടെ വരിക്കാരാണ് നിങ്ങളെങ്കില്‍ പരസ്യങ്ങളുടെ ഈ ആധിക്യം ഒഴിവാകും. യൂട്യൂബ് പ്രീമിയം പ്ലാനുകളില്‍ എല്ലാ വീഡിയോകളും പരസ്യരഹിതമായി കാണാം. മ്യൂസിക് ആന്‍ഡ് മ്യൂസിക് വീഡിയോകളും പരസ്യം പ്രദര്‍ശിപ്പിക്കില്ല. ഉള്ളടക്കങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും ബാക്ക്‌ക്രൗണ്ടില്‍ പ്ലേ ചെയ്യാനുമുള്ള ഓപ്ഷനും പ്രീമിയം പ്ലാനുകള്‍ നല്‍കുന്നു. അതേസമയം പ്രീമിയം ലൈറ്റ് പ്ലാനില്‍ മിക്ക വീഡിയോകളും പരസ്യരഹിതമായി കാണാമെങ്കിലും മ്യൂസിക് ആന്‍ഡ് മ്യൂസിക് വീഡിയോസ് ആഡ്-ഫ്രീ, ഡൗണ്‍ലോഡ്‌സ് ആന്‍ഡ് ബാക്ക്‌ഗ്രൗണ്ട്‌സ് പ്ലേ എന്നീ സൗകര്യങ്ങളില്‍ ലഭിക്കില്ല. ഇതാണ് മറ്റ് യൂട്യൂബ് പ്രീമിയം പ്ലാനുകളില്‍ നിന്ന് പ്രീമിയം ലൈറ്റ് പ്ലാനിനുള്ള പ്രധാന വ്യത്യാസം. എങ്കിലും മൊബൈല്‍ ഫോണിലും ലാപ്‌ടോപ്പുകളിലും സ്‌മാര്‍ട്ട്‌ടിവികളിലും പ്രീമിയം ലൈറ്റ് പ്ലാന്‍ വഴി ഉപയോക്താക്കള്‍ക്ക് യൂട്യൂബ് ആക്‌സസ് ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂട്യൂബ് പ്രീമിയം നിരക്കുകള്‍

ഇന്ത്യയില്‍ ഏറ്റവും നിരക്ക് കുറഞ്ഞ യൂട്യൂബ് പ്രീമിയം പ്ലാനിന് മാസം തോറും 149 രൂപയാണ് നാളിതുവരെ ഉപയോക്താക്കള്‍ നല്‍കേണ്ടിയിരുന്നത്. ഈ പാക്കേജിലും മിക്ക വീഡിയോകളും ആഡ്-ഫ്രീ ആയിരുന്നെങ്കിലും മ്യൂസിക് കണ്ടന്‍റുകളിലും യൂട്യൂബ് ഷോര്‍ട്‌സിലും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുമായിരുന്നു. കണ്ടന്‍റുകള്‍ക്കായി സെര്‍ച്ച് ചെയ്യുമ്പോഴും പരസ്യങ്ങള്‍ തടസപ്പെടുത്തുമായിരുന്നു. എന്നാല്‍ പുത്തന്‍ യൂട്യൂബ് പ്രീമിയം ലൈറ്റ് പ്ലാന്‍ വന്നതോടെ 89 രൂപയ്ക്ക്, മുമ്പ് 149 രൂപ നല്‍കി മുമ്പ് നേടിയിരുന്ന മിക്ക സൗകര്യങ്ങളും യൂട്യൂബില്‍ നേടാനാകും. എന്നാല്‍ സമ്പൂര്‍ണമായി പരസ്യരഹിതവും, ഓണ്‍ലൈന്‍ ഡൗണ്‍ലോഡും, ബാക്ക്‌ഗ്രൗണ്ട് പ്ലേബാക്കും പോലുള്ള ആനുകൂല്യങ്ങള്‍ വേണമെന്നുള്ളവര്‍ക്ക് യൂട്യൂബ് അധികൃതര്‍ ഇപ്പോഴും പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ തന്നെയാണ് നിര്‍ദ്ദേശിക്കുന്നത്.