കേരളത്തില്‍ ‘കാന്താര 1’ ന് കാത്തിരിപ്പുണ്ടോ? അഡ്വാന്‍സ് ബുക്കിം​ഗിന്‍റെ ആദ്യ മണിക്കൂറുകളില്‍ നേടിയത്

Spread the love

കോട്ടയം: ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് കാന്താര ചാപ്റ്റര്‍ 1 നോളം കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ഒരു ചിത്രം അപൂര്‍വ്വമാണ്. 2022 ല്‍ പുറത്തെത്തിയ കാന്താര ആദ്യ ഭാ​ഗം നേടിയ അഭൂതപൂര്‍വ്വമായ വിജയം തന്നെയാണ് കാണികള്‍ക്കിടയില്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ ഈ കാത്തിരിപ്പ് സൃഷ്ടിച്ചിരിക്കുന്നത്. കെജിഎഫിന് ശേഷം കന്നഡ സിനിമയ്ക്ക് ഭാഷാതീതമായി റീച്ച് ഉണ്ടാക്കിക്കൊടുത്ത ചിത്രമായിരുന്നു കാന്താര. ഒക്ടോബര്‍ 2 നാണ് കാന്താര ചാപ്റ്റര്‍ 1 ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിം​ഗ് ആരംഭിച്ചത് ഇന്നലെ ആയിരുന്നു. ഇപ്പോഴിതാ അഡ്വാന്‍സ് ബുക്കിം​ഗിലൂടെ നേടിയ ആദ്യ കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം അഡ്വാന്‍സ് ബിക്കിം​ഗിലൂടെ നേടിയ കളക്ഷന്‍ 4.77 കോടിയാണ്. ബ്ലോക്ക് സീറ്റുകള്‍ കൂട്ടാതെയുള്ള കണക്കാണ് ഇത്. ബ്ലോക്ക് സീറ്റുകള്‍ ചേര്‍ത്ത് ചിത്രം ഇന്ത്യയില്‍ നിന്ന് അഡ്വാന്‍സ് ബുക്കിം​ഗിന്‍റെ ആദ്യ ദിനം നേടിയിരിക്കുന്നത് 8.11 കോടിയുമാണ്. കേരളത്തിലും മികച്ച പ്രതികരണമാണ് അഡ്വാന്‍സ് ബുക്കിം​ഗിലൂടെ ലഭിക്കുന്നത്.

കേരളത്തിലെ ട്രാക്കര്‍മാര്‍ ഇന്നലെ വൈകുന്നേരം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചിത്രം ആദ്യ മണിക്കൂറുകളില്‍ കേരളത്തില്‍ നിന്ന് നേടിയിട്ടുള്ളത് 60- 70 ലക്ഷമാണ്. പ്രധാന സെന്‍ററുകളിലെ പ്രമുഖ തിയറ്ററുകളിലൊക്കെ ചിത്രത്തിന് ഇതിനകം നിരവധി ഫാസ്റ്റ് ഫില്ലിം​ഗ് ഷോകളും ലഭിച്ചിട്ടുണ്ട്. റിലീസിന് മൂന്ന് ദിനം കൂടി അവശേഷിക്കുന്നതിനാല്‍ അഡ്വാന്‍സ് ബുക്കിം​ഗിലൂടെത്തന്നെ ചിത്രം ഇനിയുമേറെ മുന്നോട്ട് പോകാന്‍ സാധ്യതയുണ്ട്. ആദ്യ ഷോയിലെ ആദ്യ പ്രതികരണങ്ങള്‍ പോസിറ്റീവ് ആകുന്നപക്ഷം വലിയ ഹിറ്റിലേക്കാവും ചിത്രം കുതിക്കുക. അത്തരത്തില്‍ ഒരു പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിക്കുവേണ്ടിയാണ് കന്നഡ സിനിമാലോകം കാത്തിരിക്കുന്നതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. കന്നഡത്തിലെ പ്രമുഖ ബാനര്‍ ആയ ഹൊംബാലെ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലാണ് ആ​ഗോള റിലീസ് ആയി ചിത്രം ഒക്ടോബര്‍ 2 ന് എത്തുന്നത്. മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്.