ഏഷ്യാ കപ്പ്; നീണ്ട കലാശപ്പോരിൽ പാക്കിസ്ഥാനെതിരെ പൊരുതി നേടി ഇന്ത്യക്ക് ഒൻപതാം കിരീടം

Spread the love

ദുബായ്: ഏഷ്യാ കപ്പ് കലാശക്കളിക്കൊടുക്കം ഇന്ത്യക്ക് കിരീടമുത്തം. ഇന്ത്യയുടെ ഒന്‍പതാം ഏഷ്യാകപ്പ് കിരീടമാണിത്. ടൂര്‍ണമെന്റിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇരുരാജ്യങ്ങളും കലാശക്കളിയില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍, കിരീടസൗഭാഗ്യം പാകിസ്താനെ കനിഞ്ഞില്ല. ടൂര്‍ണമെന്റില്‍ ഒരു തോല്‍വി പോലുമില്ലാതെയാണ് ഇന്ത്യയുടെ കിരീടനേട്ടം. പാകിസ്താന്‍ തോറ്റ മൂന്നേ മൂന്ന് മത്സരങ്ങളാവട്ടെ, ഇന്ത്യയോടും.

ഫൈനലിൽ അവേശപ്പോരാട്ടത്തിൽ പാകിസ്താനെ കീഴടക്കി കിരീടം നേടിയെങ്കിലും ജേതാക്കൾക്കുള്ള ട്രോഫി ഇന്ത്യ ഏറ്റുവാങ്ങിയില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലവൻ എന്ന നിലയിൽ പിസിബി ചെയർമാൻ കൂടിയായ മുഹസിൻ നഖ്‌വിയാണ് കപ്പ് കൈമാറേണ്ടിയിരുന്നത്. ഇതൊഴിവാക്കാനാണ് വിതരണ ചടങ്ങിൽനിന്ന് ഇന്ത്യ വിട്ടുനിന്നത്. സമ്മാനദാന ചടങ്ങിലെ അസാധാരണമായ കാലതാമസം അഭ്യൂഹങ്ങൾക്ക് തിരികൊളുത്തുകയും മറ്റൊരു വിവാദത്തിന് വഴിയൊരുക്കുകയും ചെയ്തു.

അര്‍ധ സെഞ്ചുറി നേടിയ തിലക് വര്‍മയും നാലു വിക്കറ്റുകള്‍ നേടി പാക് നിരയെ തകര്‍ത്ത കുല്‍ദീപ് യാദവുമാണ് ഇന്ത്യയുടെ ഫൈനല്‍ ഹീറോകള്‍. പാകിസ്താനുവേണ്ടി സഹിബ്സാദ ഫർഹാൻ അർധസെഞ്ചുറി നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 19.1 ഓവറില്‍ 146 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കോര്‍: 150/5. ഒരു ഘട്ടത്തില്‍ 20-ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ, തിലക് വര്‍മയും സഞ്ജു സാംസണും ചേര്‍ന്നാണ് വീണിടത്തുനിന്ന് എഴുന്നേല്‍പ്പിച്ചത്. 53 പന്തുകള്‍ നേരിട്ട തിലക് നാല് സിക്‌സും മൂന്ന് ഫോറും സഹിതം 69 റണ്‍സ് നേടി. തിലകിന്റെ ഇന്നിങ്‌സാണ് ഇന്ത്യയുടെ കിരീട വിജയത്തില്‍ ഏറ്റവും നിര്‍ണായകമായത്.

നാലാം വിക്കറ്റിൽ തിലക് വർമയും സഞ്ജു സാംസണും ചേർന്ന് 57 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി പ്രതീക്ഷ പകർന്നു. 13-ാം ഓവറിൽ 21 പന്തിൽ 24 റൺസുമായി സഞ്ജു മടങ്ങി. അബ്രാർ അഹ്മദിന്റെ പന്തിൽ ഫർഹാന് ക്യാച്ചായാണ് പുറത്താവൽ. ഒരു സിക്സും രണ്ട് ഫോറും സഞ്ജുവിന്റെ ഇന്നിങ്സിലുണ്ട്.

തിലകിനൊപ്പം ശിവം ദുബെയുടെ ഊഴമായിരുന്നു. തിലകിനൊപ്പം അഞ്ചാംവിക്കറ്റില്‍ ശക്തമായി നിലയുറപ്പിച്ച ദുബെ 22 പന്തില്‍ 33 റണ്‍സ് നേടി ജയത്തില്‍ സുപ്രധാന പങ്കുവഹിച്ചു. രണ്ട് സിക്‌സും ഒരു ഫോറും ചേര്‍ന്ന ഇന്നിങ്‌സാണ് ദുബെയുടേത്. ദുബെ പുറത്തായതോടെ ക്രീസിലെത്തിയ റിങ്കു സിങ് ആണ് ഒരു ഫോറോടെ ഇന്ത്യയുടെ വിജയറൺസ് കുറിച്ചത്. പാകിസ്താനുവേണ്ടി ഫഹീം അഷ്‌റഫ് മൂന്നും ഷഹീൻ അഫ്രീദി, അബ്‌റാര്‍ അഹ്‌മദ് എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ നേടി.

147 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് ഓപ്പണര്‍ അഭിഷേക് ശര്‍മയെയാണ് ആദ്യം നഷ്ടപ്പെട്ടത്. ഫഹീം അഷ്‌റഫ് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ മടങ്ങുമ്പോള്‍ ആറു പന്തില്‍ അഞ്ച് റണ്‍സാണ് അഭിഷേക് നേടിയത്. ശുഭ്മാന്‍ ഗില്ലും (12) ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും (1) പിന്നാലെ മടങ്ങി. ഗില്ലിനെ ഫഹീമും സൂര്യയെ ഷഹീൻ അഫ്രീദിയുമാണ് മടക്കിയത്.