video
play-sharp-fill

Monday, September 29, 2025

കൊച്ചുവേളി പാര്‍ക്കിങ്ങിലെ പൾസറുമായി കോട്ടയത്തേക്ക്; ഇടയ്ക്ക് ചങ്ങനാശേരി പൊലീസ് പെറ്റി; രൂപമാറ്റവും വിനയായി, 5 പേര്‍ പിടിയിൽ; പിടിയിലായത് കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നിരവധി മോഷണ കേസുകളിലെ പ്രതികൾ

Spread the love

 

തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് രൂപമാറ്റം വരുത്തി വിൽക്കാൻ ശ്രമിച്ച അഞ്ചുപേരെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് നിന്ന് മോഷ്ടിച്ച വാഹനം കോട്ടയം പള്ളിയ്ക്കത്തോടിൽ എത്തിച്ച് രൂപമാറ്റം വരുത്തിയ ശേഷം മറുവിൽപനയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി വിഷ്ണു, കോട്ടയം പള്ളിയ്ക്കത്തോട് മുക്കോലി സ്വദേശി സന്ദീപ്, ചങ്ങനാശേരി സ്വദേശി മഹേഷ്, പള്ളിയ്ക്കത്തോട് സ്വദേശികളായ ജീവ‍ൻ, നോയൽ എന്നിവരാണ് അറസ്റ്റിലായത്. കോട്ടയം, ചങ്ങനാശ്ശേരി, പത്തനംതിട്ട ജില്ലകളിലെ നിരവധി മോഷണക്കേസുകളിലെ പ്രതികളാണ് ഇവരെന്നാണ് പൊലീസ് നൽകുന്ന വിവരം.

മോഷണവും രൂപമാറ്റവും

വെൺപാലവട്ടം വേൾഡ് മാർക്കറ്റിൽ നടന്ന കാർണിവലിൻ്റെ ഭാഗമായി ജോലിക്കെത്തിയ വിഷ്ണുവാണ് മോഷണത്തിന് നേതൃത്വം നൽകിയത്. സെപ്റ്റംബർ 14-ന് പുലർച്ചെ റെയിൽവേ സ്റ്റേഷനിലെ കരാർ ജീവനക്കാരനായ കോലിയക്കോട് സ്വദേശി അരവിന്ദൻ്റെ പൾസർ ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്. മോഷ്ടിച്ച ബൈക്ക് പിന്നീട് സന്ദീപ്, മഹേഷ് എന്നിവരുടെ സഹായത്തോടെ ജീവന് വിറ്റു. തുടർന്ന്, ബൈക്കിൻ്റെ പെട്രോൾ ടാങ്കിൻ്റെ നിറം ഉൾപ്പെടെ മാറ്റി മറുവിൽപനയ്ക്ക് തയ്യാറാക്കിയത് നോയലാണ്. നമ്പർ പ്ലേറ്റുകൾ വളച്ചുവെച്ചായിരുന്നു പ്രതികൾ ഈ വാഹനത്തിൽ സഞ്ചരിച്ചിരുന്നത്.

തുമ്പായത് ‘പൊലീസ് പെറ്റി’

ബൈക്ക് രൂപമാറ്റം വരുത്തി കറങ്ങുന്നതിനിടെ ചങ്ങനാശേരി പൊലീസ് പെറ്റിയടിച്ചതാണ് കേസിൽ നിർണായക തുമ്പായി മാറിയത്. നമ്പർ പൂർണ്ണമായി മറയ്ക്കുന്നതിന് മുൻപ് ലഭിച്ച ഈ ‘പെറ്റി’യുടെ രേഖകളിൽ നടത്തിയ അന്വേഷണമാണ് പ്രതികളെക്കുറിച്ച് വിവരം ലഭിക്കാൻ പേട്ട പൊലീസിനെ സഹായിച്ചത്. തുടർന്ന്, കോട്ടയം ഷാഡോ സംഘത്തിൻ്റെ സഹായത്തോടെ പേട്ട പൊലീസ് കോട്ടയത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പേട്ട എസ്എച്ച്ഒ വി.എം. ശ്രീകുമാർ, എസ്‌ഐ സുമേഷ്, സിപിഒമാരായ ദീപു, മഹേഷ് എന്നിവർ ചേർന്നാണ് സംഘത്തെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.