
തിരുവനന്തപുരം: നാളെ നാളെ, നീളെ നീളെ മട്ടില്‍ നീളുന്ന കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടന അനിശ്ചിതത്വത്തില്‍. സംസ്ഥാനത്തെ നേതാക്കള്‍ ഏകാഭിപ്രായത്തോടെ പേരുനിർദേശിച്ചാല്‍മാത്രം ഉടൻ പുനഃസംഘടന നടത്തിയാല്‍മതിയെന്ന തീരുമാനത്തിലാണ് കേന്ദ്രനേതൃത്വം.
ഇക്കാര്യം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കഴിഞ്ഞദിവസം വ്യക്തമാക്കി. ”കെപിസിസി പുനഃസംഘടനാകാര്യം തീരുമാനിക്കേണ്ടത് സംസ്ഥാനനേതൃത്വമാണ്. എഐസിസി നിരീക്ഷകരെത്തി അഭിപ്രായമാരാഞ്ഞ് പാനലാക്കി പുനഃസംഘടന നടത്തുന്നത് ദീർഘമായ പ്രക്രിയയാണ്. അതിനാല്‍ കേരളം, ബംഗാള്‍, തമിഴ്‌നാട്, ബിഹാർ, അസം സംസ്ഥാനങ്ങളെ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ പുനഃസംഘടനാപ്രക്രിയയില്‍നിന്ന് ഒഴിവാക്കി. നിലവിലെ സ്ഥിതി തുടരും”.
വയനാട് ഡിസിസി പ്രസിഡന്റ് രാജിവെച്ചപ്പോള്‍ പകരം ചുമതല നല്‍കാതെ, പുതിയ പ്രസിഡന്റിനെ നിയമിച്ചത് പൊതുവായ പുനഃസംഘടന ഉടനുണ്ടാകില്ലെന്ന സൂചനയാണ്.
സംസ്ഥാനത്തെ ചർച്ച എങ്ങുമെത്താതെ നീളുന്നതിലുള്ള ഹൈക്കമാൻഡിന്റെ അതൃപ്തികൂടിയാണ് വേണുഗോപാല്‍ വ്യക്തമാക്കിയത്. കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാർ സ്ഥാനങ്ങളിലാണ് പുനഃസംഘടന ലക്ഷ്യമിട്ടത്. ഓഗസ്റ്റ് ആദ്യം കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും മറ്റ് മുതിർന്നനേതാക്കളും ഡല്‍ഹിയിലെത്തി ഹൈക്കമാൻഡുമായി ചർച്ചനടത്തിയിരുന്നു. എന്നാല്‍, ഏകാഭിപ്രായമുണ്ടാകാഞ്ഞതിനാല്‍ ചുരുക്കപ്പട്ടിക തയ്യാറാക്കാനായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം, കോട്ടയം, കൊല്ലം, പത്തനംതിട്ട ഡിസിസി പ്രസിഡന്റുമാരെ സംബന്ധിച്ചാണ് തർക്കം കൂടുതല്‍. കെപിസിസി ഭാരവാഹികളില്‍ കുറച്ചുപേരെ നിലനിർത്തി പുതിയ ടീമിനെ കൊണ്ടുവരാനാണ് ശ്രമം. 40-45 ജനറല്‍ സെക്രട്ടറിമാരും 80 സെക്രട്ടറിമാരും ഏഴ് വൈസ് പ്രസിഡന്റമാരും എന്നനിലയ്ക്കാണ് ചർച്ച. തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പാർട്ടി മത്സരിക്കുന്ന എല്ലാ നിയമസഭാമണ്ഡലത്തിലും ഒരു സെക്രട്ടറിയെന്നതാണ് തത്ത്വം.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദവി ഒരു മാസത്തിലധികമായി ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ആ സ്ഥാനത്തേക്ക് ഉടനെ ആളെ നിയമിക്കാൻ ശ്രമമുണ്ട്. അബിൻ വർക്കി, കെഎം. അഭിജിത്, ബിനു ചുള്ളിയില്‍, ഒ.ജെ. ജനീഷ് എന്നിവരുടെ പേരുകള്‍ക്കാണ് മുൻതൂക്കം.