
തൃശൂര്‍: സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച അതിഥി തൊഴിലാളി കുറ്റം സമ്മതിച്ചു. കുറ്റൂരില്‍ നൈതലക്കാവില്‍ പ്രവാസി വ്യവസായിയായ കെ വി മോഹനന്റെ വീട്ടില്‍ നിന്ന് ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും രത്‌നാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.
വീട്ടുകാര്‍ രണ്ടു ദിവസം ക്ഷേത്ര ദര്‍ശനത്തിനായി പോയിരുന്നു. തിരിച്ചുവന്നപ്പോഴാണ് ആഭരണങ്ങള്‍ കാണാതായത് തിരിച്ചറിഞ്ഞത്. ഉടനെ വിയ്യൂര്‍ പോലിസില്‍ വിവരമറിയിച്ചു.
കിടപ്പുമുറിയുടെ ലോക്കറില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചല്ല തുറന്നത്. താക്കോല്‍ ഉപയോഗിച്ചാണ് എടുത്തിരിക്കുന്നത്. പുറത്തു നിന്നുള്ളയാളല്ല മോഷണം നടത്തിയതെന്ന് വ്യക്തമായി. തുടര്‍ന്ന് പോലിസിന്റെ അന്വേഷണം ചെന്നെത്തിയത് വീട്ടുജോലിക്കാരനായ അതിഥി തൊഴിലാളിയില്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊല്‍ക്കത്തക്കാരനായ 27കാരന്‍ കച് ഷേക്ക്. പോലിസ് കസ്റ്റഡിയിലെടുത്ത് പലശൈലിയില്‍ ചോദ്യം ചെയ്തിട്ടും സമ്മതിച്ചില്ല. ലോക്കറില്‍ നിന്ന് വിരലടയാളം കിട്ടിയെന്ന് പറഞ്ഞിട്ടും സമ്മതിച്ചിരുന്നില്ല. പിന്നീട്, സ്വര്‍ണം തിരിച്ചുതന്ന് നാട്ടിലേക്ക് മടങ്ങാന്‍ പോലിസ് പറഞ്ഞതോടെ യുവാവ് തുറന്നു പറയുകയായിരുന്നു.
ലോക്കറിന് രണ്ടുതാക്കോലുണ്ട്. ഇവ രണ്ടിടത്തായി സൂക്ഷിച്ചിട്ടുള്ളത് യുവാവ് കണ്ടെത്തിയിരുന്നു. അങ്ങനെയാണ്, ലോക്കര്‍ തുറന്ന് ആഭരണങ്ങളെല്ലാം പൊതിഞ്ഞ് കവറിലാക്കി കോഴിക്കൂടിനരികില്‍ കുഴിച്ചിട്ടത്. നാട്ടില്‍ പോകുമ്ബോള്‍ ഇതെടുത്ത് പോകാനായിരുന്നു യുവാവിന്റെ പദ്ധതി. തട്ടിയെടുത്തതൊന്നും നഷ്ടപ്പെട്ടിട്ടില്ല.
എല്ലാം കോഴിക്കൂടിനരികിലെ കുഴിയില്‍ നിന്നും ലഭിച്ചു. ഒല്ലൂര്‍ എസിപി എസ്പി സുധീരന്‍, വിയ്യൂര്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ പി മിഥുന്‍, എഎസ്‌ഐ എ വി സജീവ് എന്നിവരുടെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടി സ്വര്‍ണം കണ്ടെടുത്തത്.