മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ടിവികെ നഷ്ടപരിഹാരം നല്‍കണം, ഇനിയെങ്കിലും സുരക്ഷ പാലിക്കട്ടെ; ടിവികെയെ പരസ്യമായി വിമർശിച്ച് നടൻ വിശാൽ

Spread the love

ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ ) നേതാവും സിനിമാതാരവുമായ വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച്‌ നടന്‍ വിശാല്‍.

തീര്‍ത്തും അസംബന്ധമായ കാര്യമാണ് നടന്നതെന്നും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ടിവികെ നഷ്ടപരിഹാരം നല്‍കണമെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പിൽ വിശാൽ വ്യക്തമാക്കി. ഇനി ഭാവിയില്‍ നടക്കുന്ന ഏതൊരു രാഷ്ട്രീയ റാലിയിലും മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മുപ്പതിലധികം പേരുടെ ജീവന്‍ നഷ്ടപ്പെട്ടു എന്നത് ഹൃദയഭേദകമായ കാര്യമാണ്. നിരപരാധികളായ അവര്‍ക്കൊപ്പം തന്റെ ഹൃദയവും വേദനിക്കുന്നുവെന്നും അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും വിശാല്‍ കുറിച്ചു.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. പാര്‍ട്ടിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യം അതായിരിക്കുമെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ടിവികെയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നാല് വകുപ്പുകള്‍ ചുമത്തി റാലിയുടെ മുഖ്യസംഘാടകനായ ടിവികെയുടെ കരൂര്‍ വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ വിപി മതിയഴകനെതിരെയാണ് കേസെടുത്തത്. കുട്ടികളും ഗര്‍ഭിണികളായ സ്ത്രീകളും ഉള്‍പ്പെടെ 39 പേരാണ് മരിച്ചത്. ജീവന്‍ നഷ്ടപ്പെട്ടവരില്‍ കൂടുതലും കരൂര്‍ സ്വദേശികളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനവ്യാപകമായി വിജയ് നടത്തുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച റാലി സംഘടിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.