വ്യാജ സ്വർണം പണയം വെച്ച് 9 ലക്ഷം വാങ്ങി ; ആത്മഹത്യാ കുറിപ്പ് എഴുതി സ്കൂട്ടർ പാലത്തിൽ വച്ച് മുങ്ങിയ യുവതി മൂന്നുവർഷത്തിനുശേഷം പോലീസിന്റെ പിടിയിൽ

Spread the love

കോഴിക്കോട്: ഫറോക്കിൽ വ്യാജ സ്വർണം പണയം വെച്ച് 9 ലക്ഷം രൂപയുമായി മുങ്ങിയ യുവതി മൂന്ന് വർഷത്തിന് ശേഷം പൊലീസിൻ്റെ പിടിയിൽ. ചെറുവണ്ണൂർ സ്വദേശി വർഷയെ ആണ് തൃശ്ശൂരിൽ നിന്നും പിടികൂടിയത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 226.5 ഗ്രാം വ്യാജ സ്വർണാഭരങ്ങൾ പണയം വച്ചാണ് യുവതി തട്ടിപ്പ് നടത്തിയത്. സംഭവത്തിന് ശേഷം ആത്മഹത്യ ചെയ്തെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നാട് വിടുകയായിരുന്നു. വാടക വീട്ടിൽ ആത്മഹത്യ കുറിപ്പ് എഴുതിവച്ച് കടന്ന യുവതി, അറപ്പുഴ പാലത്തിന് സമീപം സ്കൂട്ടർ ഉപേക്ഷിച്ചാണ് മുങ്ങിയത്.

പുഴയിൽ ചാടി ആത്മഹത്യ ചെയ്തു എന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം. എന്നാൽ സൈബർ സെല്ലുമായി ചേർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ ഇൻ്റർനെറ്റ് വഴി യുവതി കുടുംബവുമായി സംസാരിക്കാറുണ്ടെന്ന് കണ്ടെത്തി. പിന്നാലെ നടത്തിയ തെരച്ചിലിലാണ് തൃശ്ശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന പ്രതിയെ പിടികൂടുന്നത്.