
കോട്ടയം : പിണറായി സർക്കാരിന് വെള്ളാപ്പള്ളിയും സുകുമാരൻ നായരും നല്‍കുന്ന പിന്തുണ ധൃതരാഷ്ട്രാലിംഗനമായി മാറുമെന്ന ആശങ്കയിലാണിപ്പോള്‍, ഇടതുപക്ഷ അണികള്‍ ഉള്ളത്.
ഈ ജാതി സംഘടനാ നേതാക്കള്‍ ഇടതുപക്ഷത്തിന് എതിരെ പ്രവർത്തിച്ച കാലത്തൊക്കെ, അതിനെ തകർത്ത് അധികാരത്തില്‍ വന്ന ചരിത്രമാണ് ഇടതുപക്ഷത്തിന് ഉള്ളതെന്ന ഓർമ്മപ്പെടുത്തലാണ് ഇപ്പോള്‍, ഇടതുപക്ഷ സൈബർ ഇടങ്ങളില്‍ കാണുന്നത്.
സമദൂരമെന്ന നിലപാട് നിരന്തരം പറയുകയും, അതേസമയം തന്നെ, യു.ഡി.എഫിനെയും ബി.ജെ.പിയെയും സഹായിക്കുന്ന നിലപാടുമാണ് എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായർ മുൻപ് സ്വീകരിച്ചിരുന്നത്. വെള്ളാപ്പള്ളി നടേശനാകട്ടെ, മകൻ തുഷാർ വെള്ളാപ്പള്ളിയെ ബി.ജെ.പി മുന്നണിയില്‍ നിർത്തിയാണ് ഇടതുപക്ഷ പ്രേമം പ്രകടിപ്പിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഗോള അയ്യപ്പ സംഗമ വേദിയിലെത്തി, മുഖ്യമന്ത്രിയെ അയ്യപ്പ വിശ്വാസിയായി ചിത്രീകരിച്ച് പ്രസംഗിച്ച അതേ വെള്ളാപ്പള്ളി തന്നെയാണ് ഇപ്പോള്‍, ബി.ജെ.പി കണ്ണുരുട്ടിയപ്പോള്‍, ഹിന്ദു ഐക്യവേദിയെയും ആർ.എസ്.എസിനെയും പ്രകീർത്തിച്ച് രംഗത്ത് വന്നിരിക്കുന്നത്.
“ഹിന്ദു ഐക്യവേദി നടത്തിയ ശബരിമല സംരക്ഷണ സംഗമത്തില്‍ പങ്കെടുത്ത ആള്‍ക്കൂട്ടം പന്തല്‍ മുഴുവൻ നിറഞ്ഞ് കവിഞ്ഞതായി പറഞ്ഞ വെള്ളാപ്പള്ളി നടേശൻ, ആ പന്തലും ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിൻ്റെ പന്തലും തമ്മില്‍ ആടും ആനയും തമ്മിലുള്ള വ്യത്യാസമുണ്ടെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. സർക്കാർ മെഷിനറിയൊന്നുമില്ലാതെ ഹിന്ദു ഐക്യവേദിക്ക് ഇത്രയും ആളുകളെ അവിടെ സമ്മേളിപ്പിക്കാൻ സാധിച്ചതിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്.
കേന്ദ്ര ഏജൻസികളുടെ പിടിയില്‍ നിന്നും രക്ഷപ്പെടാൻ, മകൻ്റെ പാർട്ടിയായ ബി.ഡി.ജെ.എസിനെ എൻ.ഡി.എ ഘടക കക്ഷിയാക്കി മാറ്റിയ വെള്ളാപ്പള്ളി നടേശൻ, മൈക്രോ ഫിനാൻസ് കേസിലെ നടപടിയില്‍ നിന്നും രക്ഷപ്പെടാനാണ്, പിണറായി സർക്കാരിനൊപ്പം കൂടിയിരിക്കുന്നത്.
ഇതിനെ അവസരവാദപരമായ നിലപാട് മാത്രമായി കാണുന്ന ഇടതുപക്ഷ നേതാക്കളും, ജാഗ്രതയോട് കൂടിയാണ് കാര്യങ്ങള്‍ ഇപ്പോള്‍ വീക്ഷിക്കുന്നത്.
പിണറായി വിജയൻ അയ്യപ്പ ഭക്തനാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് പ്രതികരിച്ച് സി.പി.എം നേതാക്കള്‍ പരസ്യമായി തന്നെ രംഗത്ത് വന്നതും അതുകൊണ്ടാണ്.
പിണറായി വിജയൻ വൈരുദ്ധ്യാത്മക ഭൗതിക വാദിയാണെന്നും, വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് സ്വന്തം അഭിപ്രായം മാത്രമാണെന്നുമാണ് സി.പി.എം നേതൃത്വം പറയുന്നത്.
പിണറായി വിജയൻ കേവലഭൗതികവാദിയല്ല, വൈരുദ്ധ്യാത്മക ഭൗതികവാദി തന്നെയാണെന്ന് തറപ്പിച്ച് പറഞ്ഞ മുൻ മന്ത്രി എ.കെ ബാലൻ, പ്രസവ വാർഡിൻറെ മുമ്ബില്‍ ഇവിടെ പ്രസവം സ്ത്രീകള്‍ക്ക് മാത്രം എന്ന് പ്രത്യേകം എഴുതി വയ്ക്കേണ്ട ആവശ്യമില്ലെന്നാണ് വെള്ളാപ്പള്ളിക്ക് മറുപടി നല്‍കിയിരിക്കുന്നത്.
മൂന്നാമതും ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന് കണ്ടപ്പോള്‍, വെള്ളാപ്പള്ളിയും സുകുമാരൻ നായരും നിലപാട് മാറ്റി പ്രീണന നയം പയറ്റാൻ ശ്രമിക്കുകയാണെന്നാണ് സി.പി.എം അണികളും നേതാക്കളും കരുതുന്നത്. വെള്ളാപ്പള്ളിയുടെയും സുകുമാരൻ നായരുടെയും പിന്നില്‍ അണിനിരക്കുന്നവരല്ല ആ സമുദായത്തിലെ ബഹുഭൂരിപക്ഷവും എന്ന് കൃത്യമായി അറിയാവുന്ന സി.പി.എം നേതാക്കള്‍, ഇതൊന്നും തന്നെ മുഖവിലക്കെടുക്കാതെ മുന്നോട്ട് പോകാൻ തന്നെയാണ് കീഴ് ഘടകങ്ങള്‍ക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം, വെള്ളാപ്പള്ളിയോടും സുകുമാരൻ നായരോടും എതിർപ്പുള്ള ആ സമുദായങ്ങളിലെ മഹാഭൂരിപക്ഷവും, ഈ നേതാക്കളുടെ മാറിയ നിലപാടില്‍ പ്രതിഷേധിച്ച് തങ്ങളെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും ഇപ്പോഴുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ അവസാനമോ ഡിസംബർ ആദ്യവാരമോ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ വ്യക്തമാക്കിയതോടെ, എല്ലാ രാഷ്ട്രീയ പാർട്ടികളും ഇപ്പോള്‍ ഉഷാറായിട്ടുണ്ട്. 2020ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളില്‍ 514 ഇടങ്ങളില്‍ ഇടതുപക്ഷവും, 375 ഇടങ്ങളില്‍ യു.ഡി.എഫും 23 സ്ഥലത്ത് ബി.ജെ.പിയുമാണ് വിജയിച്ചിരുന്നത്. മറ്റ് പാർട്ടികള്‍ എല്ലാംകൂടി 29 ഇടങ്ങളിലും വിജയിച്ചിട്ടുണ്ട്.
ആകെയുളള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇടതുപക്ഷം 108 ഇടങ്ങളിലും, യു.ഡി.എഫ് 44 ഇടങ്ങളിലുമാണ് ആധിപത്യം ഉറപ്പിച്ചിരുന്നത്. ജില്ലാ പഞ്ചായത്തുകളിലേക്ക് ആണെങ്കില്‍, 14 ജില്ലാ പഞ്ചായത്തുകളില്‍ പതിനൊന്നിടത്തും ഇടതുപക്ഷം തന്നെയാണ് വിജയിച്ചിരുന്നത് യു.ഡി.എഫിന് വിജയിക്കാൻ കഴിഞ്ഞിരുന്നത് വെറും രണ്ടിടത്ത് മാത്രമാണ്.
വയനാട്ടില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ് എത്തിയത്. മുനിസിപ്പാലിറ്റികളില്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന് ആശ്വാസം. 86 മുനിസിപ്പാലിറ്റികളില്‍ 45 സ്ഥലത്ത് യു.ഡി.എഫും, 35സ്ഥലത്ത് ഇടതുപക്ഷവും രണ്ടിടത്ത് എൻ.ഡി.എയുമാണ് ജയിച്ചിരുന്നത്. നാല് സ്ഥലങ്ങളില്‍ മറ്റു പാർട്ടികളും ജയിച്ചു. കോർപ്പറേഷനുകളില്‍ അഞ്ചെണ്ണം ഇടതുപക്ഷവും ഒന്ന് യു.ഡി.എഫുമാണ് സ്വന്തമാക്കിയത്.
ഭരണ തുടർച്ച ലക്ഷ്യമിട്ടിറങ്ങുന്ന ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം തദ്ദേശ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം അനിവാര്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കാലിടറിയാല്‍, മൂന്നാം ഊഴമെന്ന ഇടതുപക്ഷ സ്വപ്നമാണ് അതോടെ തകരുക. താഴെ തട്ടുമുതല്‍ ഉള്ള ശക്തമായ സംഘടനാ സംവിധാനമാണ് ഇടതുപക്ഷത്തിൻ്റെ പ്രധാന കരുത്ത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരാൻ, യു.ഡി.എഫിനും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തകർന്നടിഞ്ഞാല്‍, മുസ്ലീംലീഗ് ഉള്‍പ്പെടെയുള്ള ഘടക കക്ഷികള്‍ ഇടതുപക്ഷത്തേക്ക് പോകുമോ എന്ന ഭയവും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.
രണ്ട് മുന്നണികള്‍ക്കും ഇടയില്‍ ശക്തി തെളിയിക്കാൻ, ബി.ജെ.പിയും ശക്തമായി തന്നെ രംഗത്തുണ്ട്. തിരുവനന്തപുരം, തൃശ്ശൂർ കോർപ്പറേഷനുകള്‍ പിടിക്കാൻ ബി.ജെ.പിയും ശ്രമം നടത്തുന്നുണ്ട്. ഡിസംബർ 20ന് മുമ്ബ് മട്ടന്നൂർ ഒഴികെ എല്ലായിടത്തും പുതിയ ഭരണസമിതി അധികാരത്തില്‍ വരേണ്ടതുണ്ട്. അതുകൊണ്ടു തന്നെ, സംഘടനാശേഷി പരമാവധി ഉപയോഗിച്ച് എല്ലാ പ്രധാന പാർട്ടികളും കളത്തിലിറങ്ങി കഴിഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിച്ചാല്‍, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും രാജീവ് ചന്ദ്രശേഖറെ നീക്കാൻ സാധ്യതയുണ്ട്. ഇതേ സാഹചര്യം കോണ്‍ഗ്രസിലുമുണ്ടാകും. കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് ഉള്‍പ്പെടെ കെ.പി.സി.സി നേതൃത്വമാകും, വലിയ പരാജയമുണ്ടായാല്‍ തെറിക്കുക. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ കസേരയും അതോടെ ഇളകും. ഇനി ഇടതുപക്ഷത്തിനാണ് തിരിച്ചടി ലഭിക്കുകയെങ്കില്‍, 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയൻ മത്സരിക്കാനുള്ള സാധ്യതയാണ് അടയുക. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭരണം ലഭിക്കുന്ന കാലങ്ങളില്‍ പോലും, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ വൻ വിജയം നേടിയ ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. അതുകൊണ്ടു തന്നെ അപ്രതീക്ഷിത തിരിച്ചടി സംഭവിച്ചാല്‍, അതിനെ ഗൗരവമായി കാണാൻ സി.പി.എം നേതൃത്വവും നിർബന്ധിതമാകും.
അതേസമയം, പാർട്ടി അണികളിലും അനുഭാവികളിലും അതൃപ്തി പടരുന്ന സാഹചര്യം ഒഴിവാക്കാൻ, വെള്ളാപ്പള്ളിയോടും സുകുമാരൻ നായരോടും, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവർ അകലം പാലിക്കണമെന്ന ആവശ്യം സി.പി.എമ്മില്‍ ഇപ്പോള്‍ ശക്തിപ്പെട്ടിട്ടുണ്ട്. ഒരു ജാതി – മത നേതൃത്വത്തിൻ്റെയും പിന്തുണ ഇല്ലാതെ തന്നെ, വൻ വിജയം നേടാൻ കഴിയുമെന്നാണ് സി.പി.എം പ്രവർത്തകർ അവകാശപ്പെടുന്നത്.