അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം നാട്ടകത്തെ മോർച്ചറിയില്‍ എത്തിച്ച ശേഷം കരാറുകാരൻ മുങ്ങി; പണമില്ലാത്തതിനാൽ ചിതാഭസ്മം എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാമോ എന്ന് ബന്ധുകൾ; ഒടുവിൽ മധ്യപ്രദേശില്‍ എത്തിച്ചുകൊടുത്ത് ചിങ്ങവനം പോലീസ്; സമൂഹത്തിന് വീണ്ടും മാതൃകയായി കേരള പോലീസ്…!

Spread the love

കോട്ടയം: ഇതര സംസ്ഥാന തൊഴിലാളിയായ പതിനെട്ടു വയസുകാരന്റെ ചിതാഭസ്മം നാട്ടിലെത്തിച്ചുകൊടുത്ത് കേരള പോലീസ്.

മധ്യപ്രദേശ് സ്വദേശി അമൻകുമാറാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇടുക്കിയില്‍ ജോലി ചെയ്യാൻ എത്തിയ അമൻ രോഗബാധിതനാകുകയും ചികിത്സ തേടുകയുമായിരുന്നു.

കരാറുകാരൻ മൃതദേഹം നാട്ടകത്തെ മോർച്ചറിയില്‍ എത്തിച്ച ശേഷം സ്ഥലം വിട്ടതോടെയാണ് കേരള പോലീസ് ഇടപ്പെട്ടത്. ചിങ്ങവനം പോലീസ് അമൻകുമാറിന്റെ ബന്ധുക്കളുമായി സംസാരിച്ചപ്പോള്‍ മൃതദേഹം കൊണ്ടുപോകാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെന്നറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബന്ധുക്കളുടെ ആഗ്രഹപ്രകാരം മുട്ടമ്പലം ശ്മശാനത്തില്‍ മൃതദേഹം സംസ്കരിച്ചു.
ചിതാഭസ്മം എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാമോയെന്ന് പോലീസിനോട് ബന്ധുക്കള്‍ അഭ്യർഥിച്ചിരുന്നു.

നാട്ടിലേക്ക് ചിതാഭസ്മം അയക്കാൻ ശ്രമിച്ചപ്പോള്‍ കുറിയർ കമ്പനികളെന്നും അമൻകുമാറിന്റെ വിലാസമുള്ള സ്ഥലത്തില്ല. ഒടുവില്‍ തപാല്‍ മാർഗം ചിതാഭസ്മം അയച്ചു. ശരിയായ വിലാസം കണ്ടെത്തുന്നതുവരെ ചിതാഭസ്മം ആദരവോടെ പോലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചത്.

ചിതാഭസ്മം കൈകാര്യം ചെയ്ത സിവില്‍ പോലീസ് ഓഫിസർ യു.ആർ. പ്രിൻസ് ഈ ദിവസങ്ങളില്‍ മത്സ്യവും മാംസവും വർജിച്ചു. ചിതാഭസ്മം ലഭിച്ച ശേഷം ബന്ധുക്കള്‍ ചിങ്ങവനം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ വി.എസ്.അനില്‍കുമാറിനും സിവില്‍ പോലീസ് ഓഫിസർ സഞ്ജിത്തിനും നന്ദിയറിയിച്ചു.