
കേളകം: അടക്കാതോട് സഭയിലെ പ്രവർത്തകർ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചതിനെ തുടർന്ന് കേളകം ഗ്രാമപഞ്ചായത്ത് ശക്തമായ നടപടി സ്വീകരിച്ചു.
പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ, സഭാ പ്രവർത്തകർ പ്ലാസ്റ്റിക് കത്തിച്ചതായി തെളിഞ്ഞതിനെ തുടർന്ന്, പഞ്ചായത്ത് 1994-ലെ പഞ്ചായത്ത് നിയമത്തിലെ വകുപ്പ് 219, 340 പ്രകാരം 10,000 രൂപ പിഴ ചുമത്തി.


2025 സെപ്റ്റംബർ 14-ന് ഉച്ചയ്ക്ക് 1.30ഓടെ നടന്ന സംഭവത്തിൽ, സഭാഅംഗങ്ങൾ പ്ലാസ്റ്റിക് കത്തിക്കുന്നതായി കണ്ടിരുന്നു . സംഭവം നടന്നതിന് ശേഷം സഭയിലെ ആളുകൾ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും
പ്ലാസ്റ്റിക്ക് കത്തിച്ചത് ചോദ്യം ചെയ്തവരെ സഭാ പ്രവർത്തകർ വെല്ലുവിളിക്കുകയുമാണ് ഉണ്ടായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്ലാസ്റ്റിക് നിരന്തരം കത്തിക്കുന്നത് മൂലം പ്രദേശത്ത് കടുത്ത ദുർഗന്ധവും വിഷപുകയും അനുഭവപ്പെടുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സമീപത്ത് ക്യാൻസർ രോഗിയും ആസ്ത്മ രോഗിയും ഉൾപ്പെടെ രോഗികളും കുട്ടികളും താമസിക്കുന്നതിനാൽ, ആരോഗ്യത്തിനും ജീവൻ അപകടത്തിനും കാരണമാകുന്ന പ്രവൃത്തിയാണ് സഭയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് നാട്ടുകാർ ആരോപിച്ചു.
ഹരിതകർമസേന പ്രവർത്തനം ആരംഭിച്ചിട്ടും സഭ ഒരിക്കൽ പോലും മാലിന്യം കൈമാറാത്തതും പഞ്ചായത്തിൻ്റെ നിയമങ്ങളെ വെല്ലുവിളിക്കുന്ന പ്രവൃത്തിയാണെന്നും പരാതി ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് സെക്രട്ടറി നൽകിയ നോട്ടീസിൽ, 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ, മറ്റൊരു അറിയിപ്പ് കൂടാതെ പ്രോസിക്യൂഷൻ ഉൾപ്പെടെ നിയമ നടപടികൾ സ്വീകരിക്കുമെന്നും,
പ്രസ്തുത കുറ്റകരമായ പ്രവർത്തി തടയുന്നതിലേക്ക് യുക്തമായ പരിഹാര നടപടികൾ സ്വീകരിക്കുന്നതാണ് എന്നും അറിയിച്ചു.



