
തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയിൽ പേരു ചേര്‍ക്കാൻ വീണ്ടും അവസരം. തിങ്കളാഴ്ച മുതൽ അടുത്ത മാസം 14 വരെ അപേക്ഷ നൽകാം. എല്ലാ വോട്ടര്‍മാര്‍ക്കും പ്രത്യേക തിരിച്ചറിയൽ നമ്പര്‍ നൽകുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാൻ അറിയിച്ചു.
വോട്ടര്‍ പട്ടിക പുതുക്കുന്നതിനായി കരട് പട്ടിക തിങ്കളാഴ്ച പുറത്തിറക്കും. പുതുക്കി ഈ മാസം ആദ്യം ഇറക്കിയ പട്ടികയാണ് കരട് പട്ടികയായി പ്രസിദ്ധീകരിക്കുന്നത്. ഇതിൽ 2.83 കോടിയലധികം വോട്ടര്‍മാരാണുള്ളത്.
2025 ജനുവരിന് ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പേര് ചേര്‍ക്കാൻ ഓണ്‍ലൈനായി അപേക്ഷിക്കാം. പേര് ഒഴിവാക്കാനും സ്ഥാന മാറ്റത്തിനും അപേക്ഷ നൽകാം. ഹിയറിങ് ഉണ്ടാകും. അടുത്ത മാസം 25ന് അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാ വോട്ടര്‍മാര്‍ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സവിശേഷ തിരിച്ചറിയൽ നമ്പര്‍ നൽകും. തിങ്കളാഴ്ച കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഈ തിരിച്ചറിയൽ നമ്പരോടെയാണ്. പുതുതായി ചേര്‍ക്കുന്നവര്‍ക്കും തിരിച്ചറിയൽ നമ്പര്‍ നൽകും.
SEC എന്ന ഇംഗ്ലീഷ് അക്ഷരങ്ങളും 9 അക്കങ്ങളും ചേര്‍ന്നതാകും തിരിച്ചറിൽ നമ്പര്‍. കാസര്‍കോട് മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലാണ് ഈ നമ്പരിലെ ഒന്നാമത്തെ വോട്ടര്‍. ചില വോട്ടര്‍മാര്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാര്‍ഡ് നമ്പര്‍, 2015 മുതൽ വോട്ടര്‍മാരായവര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ നമ്പര്‍, ചിലര്‍ക്ക് ഒരു നമ്പരുമില്ല എന്നതാണ് നിലവിലെ സ്ഥിതി.
ഇത് മാറ്റിയാണ് എല്ലാവര്ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയിൽ നമ്പര്‍ നൽകുന്നത്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ തുടര്‍ നടപടികള്‍ക്കും ഈ നമ്പരാകും ഉപയോഗിക്കുക.