
ദില്ലി: ‘ഐ ലവ് മുഹമ്മദ്’ കാമ്പയിനിനെ പിന്തുണച്ച് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന് പൊലീസ് ഇ ത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ മേധാവി തൗഖീർ റാസയടക്കം 50 പേരെ യുപി ബറേലിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസുകാർക്ക് നേരെ പ്രതിഷേധക്കാർ വെടിയുതിർത്തെന്നും, 10 പൊലീസുകാർക്ക് പരിക്കേറ്റെന്നും ഡിഐജി അറിയിച്ചു. കുറ്റക്കാർക്കുനേരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രവാചകനെ അധിക്ഷേപിക്കുന്ന സംഭവങ്ങൾ രാജ്യത്ത് വർദ്ധിക്കുന്നുവെന്നാരോപിച്ച് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം വിശ്വാസികളോട് സംഘടിക്കാൻ ബറേലിയിലെ ഇത്തിഹാദ് ഇ മില്ലത്ത് കൗൺസിൽ ആവശ്യപ്പെട്ടതാണ് സംഘർഷത്തിന് കാരണമായതെന്നാണ് യുപി പോലീസ് പറയുന്നത്. പരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചിട്ടും ആളുകൾ സംഘടിച്ചു. പ്രതിഷേധക്കാർ പോലീസിന് നേരെ വെടിയുതിർത്തെന്നും, കല്ലും ചെരിപ്പും എറിഞ്ഞെന്നും തുടർന്നാണ് നടപടി തുടങ്ങിയതെന്നും പോലീസ് പറയുന്നു.
സംഘർഷം മുൻകൂട്ടിയുള്ള ഗൂഢാലോചനയാണെന്ന് പോലീസ്
ഇത്തിഹാദ് ഇ മില്ലത്ത് കൗൺസിൽ നേതാവ് മൗലാന തൗഖീർ റാസ ഖാനടക്കം സംഘർഷവുമായി ബന്ധപ്പെട്ട് അൻപത് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. സംഘർഷം മുൻകൂട്ടിയുള്ള ഗൂഢാലോചനയാണെന്നും പോലീസ് പറയുന്നു. കുറ്റക്കാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. ആരാണ് അധികാരത്തിലുള്ളതെന്ന് ചിലർ മറന്നുപോകുന്നുവെന്നും, ഇവർക്കെതിരെ ഇനിയൊരു കലാപമുണ്ടാക്കാൻ അടുത്ത തലമുറപോലും ആലോചിക്കാൻ ഭയക്കുന്ന രീതിയിലുള്ള നടപടിയുണ്ടാകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം പോലീസ് ലാത്തിച്ചാർജിനെ പ്രതിപക്ഷം വിമർശിച്ചു. സമാധാനം നിലനിർത്താനായിരിക്കണം സർക്കാറിന്റെ നടപടികളെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.