റോഡിൽ നിൽക്കുന്ന യുവതിക്ക് നേരെ അതിവേഗം ഓടിച്ചുവരുന്ന സ്കൂട്ടര്‍; നിമിഷനേരംകൊണ്ട് ഇടിച്ചിട്ടു പോയി; പ്രണയം അവസാനിപ്പിച്ചതിലെ പകയെന്ന് പോലീസ്

Spread the love

ഇൻഡോർ: ബന്ധം തുടരാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ സ്കൂട്ടർ ഓടിച്ച് മനഃപൂർവം ഇടിച്ചിട്ട് യുവാവ് കടന്നുകളഞ്ഞു. മധ്യപ്രദേശിലെ ഇൻഡോറിലുള്ള കൽപ്പന നഗർ പ്രദേശത്ത് വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പൊലീസ് പറയുന്നതനുസരിച്ച്, യുവതി നേരത്തെ തന്നെ യുവാവുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. എന്നാൽ, വീണ്ടും ബന്ധം തുടരണം എന്ന് ആവശ്യപ്പെട്ട് യുവാവ് യുവതിയെ ഭീഷണിപ്പെടുത്തുകയും നിർബന്ധിക്കുകയും ചെയ്തിരുന്നു. ഇതിന് യുവതി വിസമ്മതിച്ചതോടെയാണ് ഇയാൾ യുവതിയെ ആക്രമിച്ചത്

സാക്ഷികളുടെ മൊഴികളും പ്രാഥമിക അന്വേഷണ വിവരങ്ങളും അനുസരിച്ച്, അതിവേഗതയിലെത്തിയ ആക്ടിവ സ്കൂട്ടർ ഓടിച്ച യുവാവ് റോഡിലുണ്ടായിരുന്ന യുവതിയെ മനഃപൂർവം ഇടിക്കുകയായിരുന്നു. ആക്രമണശ്രമം ചെറുക്കുന്നതിൻ്റെ ഭാഗമായി യുവതി യുവാവിനു നേരെ കല്ലെറിഞ്ഞതോടെ, പ്രകോപിതനായ പ്രതി സ്കൂട്ടറിൻ്റെ വേഗത കൂട്ടി ഇടിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ യുവതി പിന്നീട് ഹിരാനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

ഏഴ് ക്രിമിനൽ കേസുകളിലെ പ്രതി

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, ആക്രമണം, ഭീഷണിപ്പെടുത്തൽ, മനഃപൂർവം മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. അന്വേഷണത്തിൽ, പ്രതി മുൻപും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളയാളാണെന്ന് കണ്ടെത്തി. ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഏഴ് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. “പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്, ഇയാളുടെ ക്രിമിനൽ പശ്ചാത്തലം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടാൻ ഊർജിതമായ തിരച്ചിൽ ആരംഭിച്ചു, ഉടൻ അറസ്റ്റ് ചെയ്യും,” ഹിരാനഗറിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group