ഈ പോലീസ് എന്തേ ഇങ്ങനെ ? പ്രതിയെന്നു തെറ്റിദ്ധരിച്ച് 80 കാരിയെ അറസ്റ്റു ചെയ്തു: നിരപരാധിയായ വയോധിക കോടതി കയറിയിറങ്ങിയത് 4 വർഷം .

Spread the love

പാലക്കാട് : കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെന്ന് തെറ്റിദ്ധരിച്ച്‌ നിരപരാധിയായ വയോധികയെ അറസ്റ്റ് ചെയ്ത് കോടതി കയറ്റിയിറക്കിയ സംഭവത്തില്‍ ഗുരുതരമായ കൃത്യവിലോപം നടത്തിയ പോലീസുദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നല്‍കി.

“കുറ്റം എന്താണെന്നറിയാതെ 80 കാരി കോടതി കയറിയിറങ്ങിയത് നാലു വർഷം” എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.

പാലക്കാട് ജില്ലാ പോലീസ് മേധാവിയില്‍ നിന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങി.

1998 ഓഗസ്റ്റ് 16 ന് നടന്ന സംഭവമാണ് 80 കാരിയെ കോടതി കയറ്റിയിറക്കിയത്. രാജഗോപാല്‍ എന്നയാളുടെ അച്ഛന്റെ വീട്ടില്‍ ജോലിക്ക് നിന്ന ഭാരതി എന്ന സ്ത്രീയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെ തുടർന്ന് അസഭ്യം പറയുകയും വീട്ടിലെ സാധനങ്ങള്‍ കേടുവരുത്തുകയും ചെയ്തു. ഈ സംഭവത്തില്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് ക്രൈം 496/1998 നമ്പറായി കേസെടുത്ത് 1998 ഓഗസ്റ്റ് 17 ന് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി ജാമ്യം അനുവദിച്ചശേഷം പ്രതി മുങ്ങി. തുടർന്ന് പ്രതിക്കെതിരെ

ലോങ്ങ് പെൻഡിംഗ് വാറണ്ട് കോടതി പുറത്തിറക്കി.

തുടർന്ന് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. മേലുദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം 2019 സെപ്റ്റംബർ 24 ന് ആലത്തൂർ വടക്കേത്തറ സ്വദേശിനി പാർവ്വതി @ എം. ഭാരതി എന്ന വയോധികയെ യഥാർത്ഥ പ്രതിയെന്ന് തെറ്റിദ്ധരിച്ച്‌ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു.

പിറ്റേന്ന് കോടതിയില്‍ ഹാജരാക്കി ജാമ്യമെടുപ്പിക്കാം എന്ന ഉറപ്പില്‍ പാർവ്വതി @ എം. ഭാരതിയുടെ ബന്ധുക്കള്‍ അറസ്റ്റ് തടഞ്ഞു. താൻ ഒരു കേസിലും പ്രതിയായിട്ടില്ലെന്നും വീട്ടുജോലിക്ക് നിന്നിട്ടില്ലെന്നും രാമായണം വായിച്ച്‌ സമാധാനത്തോടെ കഴിയുകയാണെന്നും പറഞ്ഞിട്ടും പോലീസുകാരൻ വിശ്വസിച്ചില്ല.

2019 സെപ്റ്റംബർ 25 ന് പാലക്കാട് ജെ.എം.സി.എം കോടതി III ല്‍ ഹാജരായി 10,000 രൂപയുടെ ജാമ്യത്തിലും 10, 00, 00 രൂപയുടെ രണ്ട്

ആള്‍ ജാമ്യത്തിലും പാർവ്വതി @ എം. ഭാരതിക്ക് കോടതി ജാമ്യം അനുവദിച്ചു. തന്റെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്താൻ പാർവ്വതി @ എം. ഭാരതി ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഇവരുടെ ബന്ധു, വാദിയായ തിരുനെല്ലായി വിജലപുരം കോളനി സ്വദേശി രാജഗോപാലിനെ കണ്ട് പരാതി പിൻവലിപ്പിച്ചതോടെ പാർവ്വതി @ എം. ഭാരതിയെ കോടതി വെറുതെവിട്ടു. 4 വർഷം 8 തവണയാണ് ഇവർ കോടതി കയറിയിറങ്ങിയത്.പാലക്കാട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥർ യഥാർത്ഥ പ്രതിയുടെ വിലാസം ശരിയായ രീതിയില്‍ പരിശോധിച്ചിരുന്നെങ്കില്‍ ഇത്തരം ഒരു അബദ്ധം സംഭവിക്കുകയില്ലായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു.

പ്രതിയുടെ മേല്‍വിലാസം പരിശോധിക്കാതെയാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. വയോധികയുടെ അന്തസിന് ഇടിവ് സംഭവിക്കാനും ജീവിതത്തില്‍ വലിയ ആഘാതം സൃഷ്ടിക്കാനും ഈ സംഭവം ഇടയാക്കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി റിപ്പോർട്ടില്‍ പറഞ്ഞു. സംഭവത്തില്‍ ഉത്തരവാദികളായ പോലീസുദ്യോഗസ്ഥർക്കെതിരെ വാച്യാ അന്വേഷണം ഉത്തരവായിട്ടുണ്ടെന്ന് റിപ്പോർട്ടില്‍ പറഞ്ഞു. രണ്ടുദ്യോഗസ്ഥർ വിരമിച്ചതിനാല്‍ ഇവരുടെ പേരില്‍ അച്ചടക്കനടപടി സ്വീകരിക്കുന്നതിനായി സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

താൻ പ്രായാധിക്യവും രോഗവും കാരണം യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണെന്നും അതിനാല്‍ നഷ്ടപരിഹാരം ആഗ്രഹിക്കുന്നില്ലെന്നും പാർവ്വതി @ എം. ഭാരതിയും സഹോദരൻ കൊച്ചുകൃഷ്ണനും കമ്മീഷനെ അറിയിച്ചു. വയോധികക്ക് മനുഷ്യാവകാശ ലംഘനം സംഭവിച്ചതായി ജസ്റ്റിസ് അലക്സാണ്ടർ തോമസ് വിലയിരുത്തി. ഇരയ്ക്ക് നഷ്ടപരിഹാരത്തില്‍ താത്പര്യമില്ലെന്ന് അറിയിച്ച സാഹചര്യത്തില്‍ കമ്മീഷൻ അതിലേക്ക് കടന്നില്ല. എന്നാല്‍ ഗുരുതരമായ ക്യത്യവിലോപം സംഭവിച്ചിട്ടുണ്ടെന്ന് കമ്മീഷൻ കണ്ടെത്തി.