
കോട്ടയ്ക്കല്‍: നഗരസഭയില്‍ അങ്കണവാടി ഹെല്‍പ്പറാവാന്‍ മതിയായ അപേക്ഷകരില്ല. ഹെല്‍പ്പറാവാന്‍ പത്താംക്ലാസ് വിജയിക്കരുതെന്ന നിബന്ധനയാണ് വിനയാവുന്നത്.
നിലവില്‍ കരുവാന്പടി, കോട്ടൂര്‍ അങ്കണവാടികളില്‍ ഹെല്‍പ്പര്‍ തസ്തികയില്‍ താത്കാലികമായും ആളെക്കിട്ടാതിരുന്ന സാഹചര്യത്തിലാണ് സിഡിഎസ് മലപ്പുറം റൂറലിന്റെ കീഴില്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ചത്.
18-നും 46-നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് പാസാകാത്തവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. എന്നാല്‍ ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 25 വരെ ലഭിച്ച അപേക്ഷകളുടെ എണ്ണം വെറും 11. 40-തിനടുത്ത് അപേക്ഷകള്‍ പ്രതീക്ഷിച്ചിരുന്നിടത്താണ് ഇത്.
മൂന്നു വര്‍ഷത്തേക്കുള്ള ഹെല്‍പ്പര്‍ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍ വിരമിക്കുന്ന ജീവനക്കാരുടെ ഒഴിവുകളിലേക്കും അവധിയെടുക്കുന്നവരുടെ ഒഴിവിലേക്കും പ്രമോഷന് നേടി വര്ക്കര്മാരാവുന്നവരുടെ ഒഴിവിലേക്കും എങ്ങനെ ആളെ കണ്ടെത്തുമെന്ന ആശങ്കയിലാണിപ്പോള്‍ അധികൃതര്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മതിയായ അപേക്ഷകരില്ലാത്തത് അങ്കണവാടി പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ തൊട്ടടുത്തുള്ള കുട്ടികള്കുറവുള്ള അങ്കണവാടികളിലെ ഹെല്‍പ്പര്‍മാരെയും താത്പര്യമുള്ള വിരമിച്ചവരെയും പരിഗണിക്കേണ്ടിവരും.
എന്നാല്‍ തുല്യതാ പരീക്ഷകള്‍ നഗരസഭയില്‍ കാര്യക്ഷമമായി നടപ്പാക്കിയതിന്റെ ഫലമായാണ് പത്താംക്ളാസ് ജയിക്കാത്തവര്‍ ഇല്ലാത്തതെന്നും അതിനാല്‍ ഹെല്‍പ്പര്‍ നിയമനത്തിന്റെ മാനദണ്ഡം മാറ്റണമെന്നും കോട്ടയ്ക്കല്‍ നഗരസഭാധ്യക്ഷ ഡോ. കെ. ഹനീഷ പറയുന്നു.
പത്താംക്ലാസ് തോറ്റവര്‍ക്കേ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനാകൂ എന്നത് നഗരസഭയിലെ അങ്കണവാടികളെ പ്രതികൂലമായി ബാധിക്കുമെന്നും ഈ അവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും മലപ്പുറം റൂറല്‍ ശിശുവികസന പദ്ധതി ഓഫീസര്‍ കെ. സീതാലക്ഷമി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ടി.വി. മുംതാസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.