വെടിയേറ്റ ശരീരവുമായി ജീവിതത്തോട് പൊരുതിയത് 28 വർഷം; ഒടുവിൽ മരണത്തിന് കീഴടങ്ങി വനിതാ എസ്ഐ

Spread the love

കണ്ണൂർ : 28 വർഷം വെടിയേറ്റ ശരീരവുമായി തളർന്നുകിടന്ന് ജീവിതത്തോട് പൊരുതിയ വനിതാ എസ്‌ഐ മരിച്ചു. മാഹി വളവില്‍ പിച്ചക്കാരന്റവിട ബാനു (75, ജാനു) വാണ് മരണത്തിന് കീഴടങ്ങിയത്.

1997-ല്‍ ഇന്ത്യൻ വൈസ് പ്രസിഡന്റായിരുന്ന കെ.ആർ.നാരായണൻ പുതുച്ചേരി സന്ദർശിച്ചപ്പോഴായിരുന്നു അപകടം സംഭവിച്ചത്. സുരക്ഷാ ഡ്യൂട്ടിക്കിടെ കൂടെയുണ്ടായിരുന്ന ഇൻസ്പെക്ടറുടെ പിസ്റ്റളില്‍നിന്ന്‌ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. വെടിയേറ്റത് എസ്‌ഐ ബാനുവിന്റെ നട്ടെല്ലില്‍. അന്നുമുതല്‍ കിടക്കയില്‍ തളച്ചിട്ട പോലീസ് ഓഫീസറാണ് വെള്ളിയാഴ്ച മരിച്ചത്.

പുതുച്ചേരി പോലീസില്‍ കോണ്‍സ്റ്റബിള്‍ ആയിട്ടായിരുന്നു ബാനു എന്ന ജാനുവിന്റെ നിയമനം. തുടർന്ന് ഹെഡ് കോണ്‍സ്റ്റബിളായി. 1996-ലാണ് എസ്‌ഐ ആയതെന്ന് ബന്ധുവും ഇപ്പോള്‍ മാഹി പോലീസ് ഗ്രേഡ് എസ്‌ഐയുമായ വി.സുരേഷ് പറഞ്ഞു. 1997-ലാണ് നട്ടെല്ലിന് വെടിയേറ്റത്. ഉടൻ പുതുച്ചേരിയിലെ ആസ്പത്രിയിലും തുടർന്ന് മദ്രാസ് അപ്പോളോ ആസ്പത്രിയിലുമെത്തിച്ചു. പിന്നീട് പലവിധ ചികിത്സകളും നടത്തി. എന്നാല്‍ ശരീരം മുഴുവൻ തളരുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധീരതയോടെ പോലീസ് സേനയെ നയിച്ച ബാനു എന്ന ജാനുവിന്റെ ജീവിതം പിന്നീട് കിടക്കയില്‍ തന്നെയായിരുന്നു. ഇടയില്‍ നിർബന്ധിത വിരമിക്കലിന് നീക്കം നടന്നിരുന്നെങ്കിലും അന്നത്തെ ഗവർണർ അതിന് അനുവദിച്ചില്ല. 2010-ല്‍ 60-ാം വയസ്സില്‍ വിരമിക്കുന്നതുവരെ അവർ പോലീസ് സേനയിലുണ്ടായിരുന്നു. പുതുച്ചേരിയിലാണ് താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ 11-ന് പുതുച്ചേരി കരുവാടി കുപ്പത്താണ് സംസ്കാരച്ചടങ്ങുകള്‍ നടക്കുക.

ഭർത്താവ്: പരേതനായ വിജയൻ. മക്കള്‍: മണികണ്ഠൻ, മഹേശ്വരി, ധനലക്ഷ്മി.