
കോട്ടയം: ചാമ്പ്യൻസ്ബോട്ട് ലീഗിലെ രണ്ടാം മത്സരത്തിന് ഇന്ന് താഴത്തങ്ങാടി ആറ്റിൽ ഒമ്പതു ചുണ്ടൻ വള്ളങ്ങൾ പോരാട്ടത്തിനിറങ്ങും. നെഹ്റു ട്രോഫിയിലും കൈനകരിയിലെ ആദ്യ സി.ബി.എൽ മത്സരത്തിലും ജേതാക്കളായ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം താഴത്തങ്ങാടിയിലും കിരീടം ചൂടുമോ എന്നാണ് വള്ളംകളി പ്രേമികൾ ഉറ്റു നോക്കുന്നത്.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനംചെയ്യും. ശനിയാഴ്ച 2.15-ന് ചുണ്ടൻ വള്ളങ്ങളുടെ മാസ് ഡ്രിൽ. വൈകീട്ട് അഞ്ചിന് കളക്ടർ സമ്മാനദാനം നിർവഹിക്കും. ഇരുകരകളിലും കാണികൾക്ക് നിൽക്കാനുള്ള സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ആലപ്പുഴ പുന്നമടയിൽ നടന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ ആദ്യ ഒൻപത് സ്ഥാനത്തെത്തിയ ചുണ്ടൻ വള്ളങ്ങളാണ് സംസ്ഥാനത്ത് 14 ഇടങ്ങളിലായി സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ ഏറ്റുമുട്ടുക. ഇത്തരത്തിലുള്ള മൂന്നാത്തെ മത്സരമാണ് കോട്ടയം താഴത്തങ്ങാടിയിൽ നടത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജന്മനാട്ടിലെ മത്സരത്തിൽ ജേതാക്കളാകണമെന്ന ആവേശത്തിലാണ്കുമരകം ടൗൺ ബോട്ടു ക്ലബ്ബിന്റെ പായിപ്പാടനും കുമരകം ഇമ്മാനുവേൽ ബോട്ട് ക്ലബ്ബിന്റെ നടുവിലേപറമ്പനും ചങ്ങനാശേരി ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടനും. നെഹ്റുട്രോഫി ഫൈനലിസ്റ്റുകളായ മേൽപ്പാടവും നടുഭാഗവും നിരണവും കിരീട പ്രതീക്ഷയിലാണ്.
കഴിഞ്ഞ വർഷം തങ്ങൾ മത്സരിച്ച ഹീറ്റ്സിൽ കനത്ത മഴയും കാറ്റും തുഴച്ചിലിലെ വേഗത കുറച്ചതിനാൽ ഫൈനലിൽ എത്താൻ കുമരകം ടൗൺ ബോട്ട് ക്ലബ്ബിന് കഴിഞ്ഞിരുന്നില്ല. വീണ്ടും മത്സരംനടത്തണമെന്നാവശ്യപ്പെട്ട് ചുണ്ടൻ വള്ളം കുറുകെയിട്ട് മത്സരം തടസപ്പെടുത്തിയതിന് ടൗൺ ബോട്ട് ക്ലബ്ബിനെ അയോഗ്യരാക്കിയിരുന്നു.
അതിനുള്ള മധുര പ്രതികാരം താഴത്തങ്ങാടിയിൽ ഉണ്ടാകുമെന്ന ആത്മ വിശ്വാസത്തിലാണ് ടീം. കഴിഞ്ഞ വർഷത്തെ ലീഗിൽ താഴത്തങ്ങാടിയിൽ ജേതാക്കളായ യു.ബി.സി കൈനകരി ഇത്തവണയില്ല.
നെഹ്റു ട്രോഫിയിൽ നിന്ന് വ്യത്യസ്ഥമായി25ൽ കൂടുതൽ അന്യ സംസ്ഥാനതുഴച്ചിൽക്കാരെ ഉൾപ്പെടുത്താനും ഏതു തുഴ ഉപയോഗിക്കാനും സി.ബി.എല്ലിൽ ബോട്ട് ക്ലബ്ബുകൾക്ക് അനുവാദം നൽകിയിട്ടുണ്ട്.കൂടുതൽ സാമ്പത്തിക ശേഷിയുള്ള കുട്ടനാടൻ ടീമുകൾക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക.