വിദേശവിപണിയില്‍ ആവശ്യക്കാര്‍ ഏറെ; കാന്താരി വീട്ടുവളപ്പില്‍ തന്നെ കൃഷി ചെയ്യാം; ഇതൊന്ന് അറിഞ്ഞോളൂ….!

Spread the love

കോട്ടയം: ലോകത്തിലെ ഏറ്റവും എരിവേറിയ പത്ത് മുളകുകളില്‍ ഒന്നാണ് കാന്താരി മുളക്. അത് നിങ്ങള്‍ക്ക് അറിയുമോ? മലയാളികളുടെ ഭക്ഷ്യശീലത്തില്‍ എരിവേറിയ കറികളാണ് മിക്കവര്‍ക്കും ഇഷ്ടം.

കാന്താരി മുളകിന് അവിടെ പ്രത്യേക സ്ഥാനം ഉണ്ട്. വാതരോഗം, അജീര്‍ണം, വായുക്ഷോഭം, പൊണ്ണത്തടി എന്നിവയ്ക്കുള്ള ഔഷധമായ കാന്താരി ദ്രോഹകരമായ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.

ഇത്തിരി കുഞ്ഞൻ മുകളാണെങ്കിലും ഗുണങ്ങളില്‍ കേമൻ ആണെന്ന് ഇപ്പോള്‍ മനസിലായില്ലേ? രക്തശുദ്ധിക്കും ഹൃദയാരോഗ്യത്തിനും രക്തക്കുഴലുകളുടെ വികസനത്തിനും ഗുണകരമാണ്. ജീവകം സി. ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിദേശ വിപണിയിലടക്കം ആവശ്യക്കാരുണ്ട്. വെള്ളക്കാന്താരി, പച്ചക്കാന്താരി, വയലറ്റ് കാന്താരി എന്നിവയില്‍ പച്ചനിറത്തിലുള്ള ചെറിയ കാന്താരിക്കാണ് എരിവ് കൂടുതല്‍. കറികളില്‍ ചേര്‍ക്കുന്നതിനുപുറമേ അച്ചാറായും ഉപ്പിലിട്ടും ഉപയോഗിക്കാം.

കൂടുതല്‍ തണലില്ലാത്ത പുരയിടങ്ങളില്‍ കൃഷി ചെയ്യാം. ഉഷ്ണകാലവിളയായതിനാല്‍ 20-30 ഡിഗ്രി താപനിലയില്‍ നന്നായി വളരും. നല്ല വളക്കൂറുള്ള പശിമരാശി മണ്ണാണ് യോജിച്ചത്. പി.എച്ച്‌. 6.5-നും ഏഴിനും ഇടയിലുള്ള മണ്ണില്‍ നന്നായി വളരും. തനി വിളയായോ ഇടവിളയായോ കൃഷിചെയ്യാം. 35-40 ദിവസം പ്രായമായ തൈകളാണ് നടീലിന് ഉപയോഗിക്കുന്നത്.

നാല്-രണ്ടടി അകലത്തില്‍ ചാലെടുത്ത് അടിവളമായി സെന്റ് ഒന്നിന് നൂറുകിലോഗ്രാം കാലിവളമോ കമ്ബോസ്റ്റോ, രാസവളങ്ങളായി യൂറിയ, 660 ഗ്രാം രാജ് ഫോസ് 880 ഗ്രാം എം.ഒ.പി. 180 ഗ്രാം എന്ന തോതില്‍ ചേര്‍ത്ത് കൊടുക്കണം. വരള്‍ച്ചയെ അധിജീവിക്കാന്‍ കഴിയുമെങ്കിലും നല്ല വിളവ് ലഭിക്കാന്‍ ജലസേചനം ആവശ്യമാണ്. കളകള്‍ വളരുന്നതിനനുസരിച്ച്‌ നീക്കം ചെയ്ത് മണ്ണ്കയറ്റിക്കൊടുക്കണം. മാസംതോറും രാസവളമിശ്രിതമോ ജൈവ കൃഷിയാണെങ്കില്‍ ജൈവ വളക്കൂട്ടുകളോ അല്പം ഓരോ ചെടിക്കും നല്‍കാം.

വിളവെടുപ്പ്

നടീല്‍ കഴിഞ്ഞ് രണ്ടു മാസത്തിനകം പൂവിട്ട് മൂന്നാം മാസം മുതല്‍ വിളവുതരാന്‍ തുടങ്ങും. രണ്ടാഴ്ച ഇടവിട്ട് വിളവെടുക്കാം. ചെടി ഒന്നില്‍ നിന്നും 200 ഗ്രാംവരെ മുളക് ഒരു വിളവെടുപ്പില്‍ ലഭിക്കും. ഒരു വര്‍ഷം രണ്ട്-മൂന്ന് കിലോഗ്രാം എന്ന തോതില്‍ നാല്-അഞ്ചുവര്‍ഷം വരെ വിളവ് ലഭിക്കും. മണ്ഡരി, മുഞ്ഞ, ഇലപ്പേന്‍, വെള്ളീച്ച തുടങ്ങിയ കീടങ്ങള്‍ക്കെതിരേ ജൈവ കീട നിയന്ത്രണങ്ങള്‍മാത്രം സ്വീകരിക്കുക.