
കൊല്ലം: കൊല്ലം പുനലൂർ മുക്കടവിൽ ആളൊഴിഞ്ഞ റബർ തോട്ടത്തിൽ നിന്ന് കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിയാനുള്ള ശ്രമം പൊലീസിന് മുന്നിൽ വലിയ വെല്ലുവിളി. മൃതദേഹത്തിന് പത്ത് ദിവസത്തിലേറെ പഴക്കമുണ്ടെന്നും ആളെ തിരിച്ചറിയുന്നത് വലിയ വെല്ലുവിളിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ടി.ആർ.ജിജു പറഞ്ഞു. ഇടതുകാലിന് വൈകല്യമുള്ള പുരുഷനാണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് പത്ത് ദിവസത്തിലേറെ പഴക്കമുണ്ട്. അത്തരത്തിലൊരാളെ കാണാതായതായെന്ന വിവരമുണ്ടെങ്കിൽ ബന്ധപ്പെടണമെന്നും ഡിവൈഎസ്പി ടി.ആർ.ജിജു അറിയിച്ചു.
സെപ്റ്റംബർ 23നാണ് ചങ്ങലയിട്ട് ബന്ധിച്ച നിലയിൽ റബ്ബർ തോട്ടത്തിൽ മധ്യവയസ്കനായ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മുഖം പെട്രോൾ ഒഴിച്ച് കത്തിച്ച നിലയിലായിരുന്നു. ഇതേ തുടർന്ന് മുഖം തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. കുത്തിക്കൊലപെടുത്തിയ ശേഷം ആളെ തിരിച്ചറിയാതിരിക്കാനായി മുഖത്ത് തീവെക്കുകയായിരുന്നുവെന്നാണ് വിവരം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
മരിച്ചയാൾക്ക് ഇടത് കാലിന് സ്വാധീനക്കുറവ് ഉണ്ടായിരുന്നതായും വ്യക്തമായിട്ടുണ്ട്. ഈ കണ്ടെത്തലാണ് നിലവിൽ അന്വേഷണത്തിൽ പോലീസിന് ലഭിച്ച ഏക പ്രധാന സൂചന. കാലിന് സ്വാധീനക്കുറവുള്ളവരിൽ സംസ്ഥാനത്ത് കാണാതായവരുടെ പട്ടിക പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. സമീപ വിരലടയാള വിദഗ്ധർ, ഫൊറൻസിക് സംഘം, മെറ്റൽ ഡിറ്റക്ടർ സംഘം എന്നിവർ സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയുന്നതോടെ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Whatsapp Group 1 | Whatsapp Group 2 |Telegram Group