
മലപ്പുറം: മലപ്പുറത്ത് സ്കൂൾ വിദ്യാര്‍ത്ഥികൾ തമ്മിലുള്ള തര്‍ക്കത്തിൽ ഇടപെട്ട രക്ഷിതാവ് ഏഴാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. കാടാമ്പുഴ സ്വദേശിയായ പതിമൂന്നുകാരനാണ് പരിക്കേറ്റത്. കാലിനും തോളെല്ലിനും പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച വൈകീട്ട് സ്കൂൾ വിട്ടു വരുമ്പോഴാണ് സംഭവം. കാടാമ്പുഴ ജാറത്തിങ്കൽ വച്ചായിരുന്നു മര്‍ദനം. സ്കൂളിൽ വച്ച് വിദ്യാര്‍ത്ഥികൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇക്കാര്യം വിദ്യാര്‍ത്ഥികളിലൊരാൾ അച്ഛനോട് പറഞ്ഞു. പിന്നാലെയാണ് കാടാമ്പുഴ തടംപറമ്പ് സ്വദേശിയായ പതിമൂന്നുകാരന് മർദനമേറ്റത്. വിദ്യാര്‍ത്ഥിയുടെ അച്ഛൻ സക്കീറാണ് കുട്ടിയെ സ്കൂട്ടിയിലെത്തി തല്ലിയത്. മര്‍ദന ദൃശ്യം സിസിടിവിയിലും പതിഞ്ഞു.
മര്‍ദനത്തിൽ നിന്ന് രക്ഷപ്പെടാൻ പതിമൂന്നുകാരൻ, വഴി മാറി ഓടിയെന്നും പിന്നാലെ പോയി തല്ലിയെന്നും മര്‍ദനമേറ്റ വിദ്യാര്‍ത്ഥിയുടെ അച്ഛൻ മുഹമ്മദാലി പറഞ്ഞു. കാലിനും തോളെല്ലിനും പരുക്കേറ്റ് ഇപ്പോള്‍ വളാഞ്ചേരിയിൽ ചികിത്സയിലാണ് 13കാരൻ. വിദ്യാര്‍ത്ഥിയെ തല്ലിയ കേസായിട്ടും പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തിയില്ലെന്ന് കുടുംബം ആരോപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group