
വാഷിംഗ്ടൺ: മാസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിന് വിരാമമായി. യുവാക്കളുടെ പ്രിയപ്പെട്ട ചൈനീസ് ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന് അമേരിക്കയിൽ പ്രവർത്തനം തുടരാൻ ഉപാധികളോടെ അനുമതി നൽകുന്ന ഉത്തരവിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യാഴാഴ്ച ഒപ്പുവെച്ചു. ടിക് ടോക്കിന്റെ അമേരിക്കൻ ഉപഭോക്താക്കളുടെ പ്രവർത്തനങ്ങളും വിവരങ്ങളും ചോരാതെ, അമേരിക്കൻ നിക്ഷേപകരുടെ നിയന്ത്രണത്തിലാകാൻ സഹായിക്കുന്ന നിർദ്ദിഷ്ട കരാറിനാണ് നിലവിലെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ട്രംപ് അംഗീകാരം നൽകിയിരിക്കുന്നത്.
ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസ് ടിക് ടോക്കിന്റെ ആസ്തികൾ ഈ വർഷം ആദ്യം അമേരിക്കൻ കമ്പനിക്ക് വിൽക്കണമെന്നും അല്ലെങ്കിൽ രാജ്യവ്യാപകമായി ടിക് ടോക്ക് നിരോധനം നേരിടേണ്ടിവരുമെന്നും മുൻ പ്രസിഡന്റ് ജോ ബൈഡനാണ് കഴിഞ്ഞ വർഷം ഉത്തരവിട്ടത്. എന്നാൽ, സാമൂഹിക മാധ്യമ സ്ഥാപനത്തിന്റെ വിൽപ്പന സംബന്ധിച്ച് ഒരു കരാറിലെത്താൻ ഭരണകൂടം ശ്രമിക്കുന്നതിനിടെ ടിക് ടോക്കിന് യുഎസിൽ പ്രവർത്തിക്കാൻ അനുമതി നൽകുന്ന ഉത്തരവുകളിൽ ട്രംപ് ഒപ്പുവെക്കുകയായിരുന്നു.
ടിക് ടോക്ക് ഇടപാടിന് അംഗീകാരം നൽകിക്കൊണ്ടുള്ള ഉത്തരവിൽ ഒപ്പുവെച്ച ശേഷം ട്രംപ് പറഞ്ഞത്…
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി സംസാരിച്ചുവെന്ന് ട്രംപ് വ്യക്തമാക്കി. ടിക് ടോക്കിനെക്കുറിച്ചും ചർച്ച ചെയ്തു, അദ്ദേഹം ഞങ്ങൾക്ക് മുന്നോട്ട് പോകാൻ അനുമതി നൽകി. അമേരിക്കൻ നിക്ഷേപകരും അമേരിക്കൻ കമ്പനികളും, മികച്ചവരും, മികച്ച നിക്ഷേപകരും, ഏറ്റവും വലിയവരുമാണ് ഇത് നടത്തുന്നത്. യുവജനങ്ങൾക്ക് ഇത് സംഭവിക്കാൻ തീർച്ചയായും ആഗ്രഹമുണ്ടായിരുന്നു. ലാറി എല്ലിസണും ഓറക്കിളും ഉൾപ്പെടെയുള്ള, അതീവ വൈദഗ്ധ്യമുള്ള അമേരിക്കൻ നിക്ഷേപകർ ഇത് ഏറ്റെടുത്ത് നടത്തുകയാണ്. സുരക്ഷയുടെയും, മറ്റ് എല്ലാ കാര്യങ്ങളുടെയും കാര്യത്തിൽ ഓറക്കിളിന് വളരെ വലിയ പങ്കുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുഎസിൽ ടിക് ടോക്കിന്റെ ഉടമസ്ഥാവകാശം ആർക്ക്?
ടിക് ടോക്കിന്റെ ഉടമസ്ഥർ ബൈറ്റ്ഡാൻസ് ആണെങ്കിലും യുഎസിൽ പ്രവർത്തനം തുടരുന്നതിനായി ഭൂരിഭാഗം ഓഹരികളും യുഎസ് നിക്ഷേപകരിലേക്ക് മാറും. ഓറക്കിൾ, സിൽവർ ലേക്ക് എന്നിവരുൾപ്പെടുന്ന യുഎസ് നിക്ഷേപകരുടെ കൂട്ടായ്മയാണ് യുഎസിലെ പുതിയ ടിക് ടോക്ക് സ്ഥാപനത്തിൻ്റെ ഭൂരിപക്ഷ ഓഹരികളും ഏറ്റെടുക്കുക. വിൽക്കുകയോ നിരോധിക്കുകയോ ചെയ്യാനുള്ള നിയമം പാലിക്കുന്നതിനായി ബൈറ്റ്ഡാൻസിന് 20 ശതമാനത്തിൽ താഴെ ഓഹരികൾ മാത്രമാണ് നിലനിർത്താൻ കഴിയുക. ബൈറ്റ്ഡാൻസിനെ പ്രതിനിധീകരിച്ച് ഒരാൾ ഡയറക്ടർ ബോർഡിൽ ഉണ്ടാകുമെങ്കിലും, സുരക്ഷാ വിഷയങ്ങളിൽ നിന്നോ അതുമായി ബന്ധപ്പെട്ട കമ്മിറ്റികളിൽ നിന്നോ ഈ വ്യക്തിയെ ഒഴിവാക്കും.
ഇടപാടിന്റെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമായിട്ടില്ലെങ്കിലും, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് കരാറുമായി മുന്നോട്ട് പോകാൻ ‘അനുമതി നൽകിയെന്ന് ട്രംപ് പറഞ്ഞു. ജനപ്രിയ വീഡിയോ പ്ലാറ്റ്‌ഫോമിലെ ഏതൊരു വലിയ മാറ്റവും അമേരിക്കക്കാർ ഓൺലൈനിൽ വിവരങ്ങൾ ഉപയോഗിക്കുന്ന രീതിയിൽ വലിയ സ്വാധീനം ചെലുത്തും. 30 വയസിന് താഴെയുള്ള യുഎസ് പൌരന്മാരിൽ ഏകദേശം 43% പേർ പതിവായി ടിക് ടോക്കിൽ നിന്ന് വാർത്തകൾ ലഭിക്കുന്നുണ്ടെന്ന് പറയുന്നു. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെ മറ്റേത് സോഷ്യൽ മീഡിയ ആപ്പിനേക്കാളും ഉയർന്ന നിരക്കാണിത്. ഞങ്ങൾക്ക് ടിക് ടോക്ക് തുടർന്നും പ്രവർത്തിപ്പിക്കാൻ കഴിയണം. എന്നാൽ സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കണം. അതുവഴി അമേരിക്കക്കാർക്ക് ടിക് ടോക്ക് ഉപയോഗിക്കാനും കഴിഞ്ഞ കാലത്തേക്കാൾ കൂടുതൽ ആത്മവിശ്വാസത്തോടെ ഉപയോഗിക്കാനും കഴിയും. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു.