
കോട്ടയം: സർക്കാർ ആശുപത്രികളെക്കുറിച്ചുള്ള പതിവു സങ്കൽപ്പങ്ങൾ പഴങ്കഥയായ കാലഘട്ടത്തിൽ കോട്ടയം ജില്ലയ്ക്ക് സ്വന്തമായത് 75 കുടുംബാരോഗ്യ കേന്ദ്രങ്ങളും 333 ജനകീയ ആരോഗ്യ കേന്ദ്രങ്ങളും.
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 19 എണ്ണം ഗുണമേന്മയ്ക്കുള്ള ദേശീയ അംഗീകാരമായ എൻ.ഒ.എ.എസും നേടി. പ്രാഥമിക, സാമൂഹിക ആരോഗ്യകേന്ദ്രങ്ങളെ 2017 മുതലാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി(എഫ്.എച്ച്.സി)ങ്ങളാക്കി മാറ്റിത്തുടങ്ങിയത്. എട്ടുവർഷം കൊണ്ട് 25 കോടി രൂപയിലേറെ ചെലവഴിച്ച് ജില്ലയിലെ ഒൻപതു നിയോജകമണ്ഡലങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങൾ ഒരുക്കി.
വൈക്കം, പൂഞ്ഞാർ, കടുത്തുരുത്തി, പുതുപ്പള്ളി, നിയോജകമണ്ഡലങ്ങളിലായി ആറ് എഫ്.എച്ച്.സികളുടെ നവീകരണപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു.
ടിവി പുരം(1.96 കോടി രൂപ), ഞീഴൂർ കാട്ടാമ്പാക്ക് (ഒരു കോടി), തീക്കോയി(ഒരു കോടി), കോരുത്തോട് (3.65 കോടി), കാളകെട്ടി (1.50 കോടി), വാകത്താനം (2.42 കോടി) എന്നിവയാണ് നവീകരണം നടക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേശീയ ആരോഗ്യദൗത്യത്തിനു കീഴിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും ഫണ്ടുപയോഗിച്ചാണ് വികസനം സാധ്യമാക്കിയത്.
കൂടുതൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നത്.
രജിസ്ട്രേഷൻ കൗണ്ടർ, മൂന്ന് ഒ.പി മുറികൾ, പ്രാഥമിക പരിശോധന, കണ്ണു പരിശോധന, നിരീക്ഷണം, നെബുലൈസേഷൻ, മുലയൂട്ടൽ, ഡ്രസിംഗ് എന്നിവയ്ക്കുള്ള മുറികൾ, ഫാർമസി, ലാബ്, വിശാലമായ രോഗി സൗഹൃദ കാത്തിരിപ്പു സ്ഥലം, നഴ്‌സിംഗ് സ്റ്റേഷൻ, ഇ ഹെൽത്ത് സംവിധാനം, പൊതുജനങ്ങൾക്കും- ജീവനക്കാർക്കും പ്രത്യേകം ടോയ്ലറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ കേന്ദ്രങ്ങളിൽ ഈവനിംഗ് ഒ.പി സൗകര്യവുമുണ്ട്.
രണ്ടാം നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 333 കുടുംബക്ഷേമ ഉപകേന്ദ്രങ്ങളെ ജനകീയ ആരോഗ്യകേന്ദ്രങ്ങളാക്കി. ഏഴു ലക്ഷം രൂപയാണ് ഒരു ജനകീയ ആരോഗ്യകേന്ദ്രത്തിനായി ചെലവഴിച്ചത്. എല്ലാ കേന്ദ്രങ്ങളിലും മിഡ്ലെവൽ സർവീസ് പ്രൈാവൈഡർ(എം.എൽ.എസ്.പി) ജീവനക്കാരെയും നിയോഗിച്ചു.
ജനകീയ ആരോഗ്യകേന്ദ്രങ്ങളിൽ പ്രാഥമിക ചികിത്സയ്ക്കായി 36 ഇനം മരുന്നുകൾ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യപരിശോധന, കൗമാര, വാർധക്യ കാലങ്ങളിലെ ആരോഗ്യപരിശോധന, ജീവിതശൈലീ രോഗ പ്രതിരോധത്തിനായി യോഗ, വ്യായാമം എന്നിവയ്ക്കായുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.