കേരള ഹൈക്കോടതി പുതിയ സ്ഥലത്തേക്ക് മാറ്റുന്നു; 27 ഏക്കറിൽ 3 ടവറുകളിലായി ജുഡീഷ്യല്‍ സിറ്റി; മന്ത്രി സഭ അംഗീകരിച്ചു

Spread the love

കൊച്ചി: കളമശ്ശേരിയിൽ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാൻ ഇന്നുചേർന്ന മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകിയായി മന്ത്രി പി. രാജീവ്. എച്ച്. എം.ടി യുടെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനാണ് തീരുമാനം. പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 2023 ലെ മുഖ്യമന്ത്രി – ചീഫ് ജസ്റ്റിസ് വാർഷികയോഗത്തിന്‍റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടർച്ചയായാണ് മന്ത്രിസഭാ തീരുമാനം. ഇതിന്‍റെ ഭാഗമായി ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് സതീഷ് നൈനാന്‍ എന്നിവർക്കൊപ്പം കളമശ്ശേരിയിലെ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് പദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറാക്കിയത്.

കേരള ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റിയുടെ പ്രാഥമിക രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 27 ഏക്കർ ഭൂമിയിലായി 12 ലക്ഷത്തിലധികം ചതുരശ്ര അടി കെട്ടിട സൗകര്യമുൾപ്പെടെ രാജ്യാന്തര തലത്തിലുള്ള ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും ഉള്ള ജുഡീഷ്യല്‍ സിറ്റിയാണ് വിഭാവനം ചെയ്യുന്നത്. ഭരണഘടനയിലെ പ്രധാന തത്വങ്ങളായ തുല്യതക്കും, സ്വാതന്ത്ര്യത്തിനും, ജീവനുമുള്ള മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുന്ന 14, 19, 21 ആർട്ടിക്കിളുകൾ സങ്കൽപ്പിച്ച് മൂന്ന് ടവറുകളിലായി ജൂഡീഷ്യൽ സിറ്റി രൂപകൽപന ചെയ്തിരിക്കുന്നു. പ്രധാന ടവറിൽ 7 നിലകളും മറ്റ് രണ്ട് ടവറുകളിൽ 6 നിലകൾ വീതവും ഉണ്ടാകും.