ഏഷ്യ കപ്പ്; സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ തകര്‍ത്ത് പാകിസ്താന്‍

Spread the love

അബുദാബി: ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനോട് തോറ്റ് ശ്രീലങ്ക പുറത്ത്. ലങ്ക ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്താന്‍ മറികടന്നു. ജയത്തോടെ ഫൈനല്‍ പ്രതീക്ഷകള്‍ പാകിസ്താന്‍ സജീവമാക്കി. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ശ്രീലങ്കയുടെ ഫൈനല്‍ മോഹങ്ങള്‍ ഏറെക്കുറെ അവസാനിച്ചു.

വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സഹിബ്‌സദാ ഫര്‍ഹാന്‍ 24(15), ഫഖര്‍ സമന്‍ 17(19) എന്നിവര്‍ ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 45 റണ്‍സാണ് നേടിയത്.

ആറാം ഓവറില്‍ ഫര്‍ഹാന്‍ ആണ് ആദ്യം പുറത്തായത്. തൊട്ടുപിന്നാലെ സമന്‍ മടങ്ങി. സ്പിന്നര്‍ മഹീഷ തീക്ഷണ ആണ് രണ്ട് പാക് ഓപ്പണര്‍മാരേയും മടക്കിയത്. തൊട്ട് പിന്നാലെ സയീം അയൂബ് 2(3), ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ 5(6) എന്നിവരെ വാണിന്ദു ഹസരംഗ പുറത്താക്കിയപ്പോള്‍ പാകിസ്ഥാന്‍ 57ന് നാല് എന്ന സ്‌കോറിലേക്ക് വീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ചാം വിക്കറ്റില്‍ ഹുസൈന്‍ താലത് മുഹമ്മദ് ഹാരിസ് സഖ്യം 23 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 13(11) റണ്‍സെടുത്ത ഹാരിസിനെ ദുഷ്മന്ദ ചമീര ക്ലീന്‍ ബൗള്‍ഡ് ആക്കിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് വന്ന മുഹമ്മദ് നവാസ് 38(24), ഹുസൈന്‍ താലത് 32(30) എന്നിവര്‍ പുറത്താകാതെ നിന്നു.നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് നേടിയത്.

44 പന്തുകളില്‍ നിന്ന് 50 റണ്‍സ് എടുത്ത കാമിന്ദു മെന്‍ഡിസ് ആണ് ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ചാരിത് അസലംഗ 20(19), കുസാല്‍ പെരേര 15(12), വാണിന്ദു ഹസരംഗ 15(13), ചമിക കരുണരത്ന 17*(21) എന്നിവര്‍ മാത്രമാണ് പിന്നീട് ലങ്കന്‍ നിരയില്‍ പിടിച്ചുനിന്നത്.

പാകിസ്ഥാന് വേണ്ടി ഷഹീന്‍ ഷാ അഫ്രീദി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഹാരിസ് റൗഫ്, ഹുസൈന്‍ തലത്ത് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും അബ്രാര്‍ അഹമ്മദ് ഒരു വിക്കറ്റും വീഴ്ത്തി.