play-sharp-fill
വാടകയ്ക്കെടുക്കുന്ന വാഹനങ്ങൾ പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്: പിടിച്ചെടുത്തത് ഇരുപത്തഞ്ച് വാഹനങ്ങൾ ; നാല് പ്രതികൾ പിടിയിൽ

വാടകയ്ക്കെടുക്കുന്ന വാഹനങ്ങൾ പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്: പിടിച്ചെടുത്തത് ഇരുപത്തഞ്ച് വാഹനങ്ങൾ ; നാല് പ്രതികൾ പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം : വിവിധമാർഗ്ഗങ്ങളിലൂടെ ആളുകളിൽ നിന്ന് വിലകൂടിയ വാഹനങ്ങൾ കരസ്ഥമാക്കി പണയം വച്ച് ലക്ഷങ്ങൾ തട്ടുന്ന ക്രിമിനൽ സംഘത്തെ ജില്ലാ പോലിസ് മേധാവി  സാബു പി എസ് ഐ പി എസിന്റെ നിർദ്ദേശത്തെ തുടർന്ന് കോട്ടയം ഡി വൈ എസ് പി  ആർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ  പിടികൂടി.  ഇവർ കോവളം മുതൽ കൊയിലാണ്ടി വരെ പണയം വച്ചിരുന്ന ഇരുപത്തിനാല് വണ്ടികളാണ് പോലിസ്  പിടികൂടിയത്.  കോട്ടയം കേന്ദ്രീകരിച്ചുള്ള ക്രിമിനൽ സംഘമാണ് ഇതിനു പിന്നിൽ.  ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ ഇവർ സ്വീകരിച്ചിരുന്ന മാർഗ്ഗം ഇതാണ്.   പതിനെട്ടിനും ഇരുപത്തഞ്ചിനും ഇടയിലുള്ള  നിരവധി ചെറുപ്പക്കാരെയാണ് വാഹനം കണ്ടെത്തുന്നതിനായി ഇവർ ഉപയോഗിച്ചിരുന്നത്.  നഗരത്തിലെ മുന്തിയ ഹോട്ടലുകളിൽ ആഴ്ചകളോളം  മുറി എടുത്ത്  വിലകൂടിയ വാഹനങ്ങളിൽ കറങ്ങി  ആഡംബര ജീവിതം നയിച്ച്ചുപോന്ന ഇവർ ഹൈഫൈ രീതികളിലൂടെ  നിരവധി ചെറുപ്പക്കാരെ ആകർഷിക്കുകയും അവരുടെ പരിചയത്തിലുള്ള ആളുകളുടെ വാഹനങ്ങൾ കൌശലത്തിൽ കൈക്കലാക്കുകയും തുടർന്ന് തൃശ്ശൂർ എറണാകുളം  തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗാങ്ങുകൾക്ക് ലക്ഷക്കണക്കിന് രൂപയ്ക്ക്  പണയം വയ്ക്കുകയും  ചെയ്യുന്നതാണ് ഇവരുടെ പ്രധാന രീതി.

വാഹനം കാണാതെ   ഉടമകൾ അന്വേഷിച്ച് എത്തുമ്പോൾ തങ്ങൾ പല ഗുണ്ടാ സംഘങ്ങളുടെയും പിണിയാളുകളാണെന്നും പൈസ വാങ്ങിയത് ഗുണ്ടാ നേതാക്കാൻമാർ ആണെന്നും ഒക്കെ പറഞ്ഞ്  ഇവർ കയ്യൊഴിയുകയും   ചെയ്യുകയാണ് സ്ഥിരം പതിവ്.  കൂടാതെ  അവധിക്കു വന്നിട്ടുള്ള വിദേശ മലയാളികൾക്ക് വാടകയ്ക്ക് നൽകാനാണെന്ന വ്യാജെനയും ഇവർ  പരിചയക്കാരിൽ നിന്നും വാഹനങ്ങൾ കരസ്ഥമാക്കി പണയം വയ്ക്കും.  പണയം  വാങ്ങുന്ന ആളുകൾ കൂടിയ തുകയ്ക്ക് മറ്റാളുകൾക്ക് പണയം വയ്ക്കുകയും വാടകയ്ക്ക് കൊടുക്കുകയും ചെയ്യുകയാണ് പതിവ്.   കോവളം, കൊല്ലം , എഴുപുന്ന , തൃശ്ശൂർ , പുതുക്കാട് , കുറ്റിപ്പുറം, പാണ്ടിക്കാട് , കൊയിലാണ്ടി, കോട്ടക്കൽ, കരിപ്പൂർ, കോഴിക്കോട് , വടക്കൻ പറവൂർ , ആതിരപ്പള്ളി – മലക്കപ്പാറ , ബാലുശ്ശേരി, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് വാഹനങ്ങൾ കണ്ടെടുത്തത്.  വാഹനരജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഉടമസ്ഥന്റെ ആധാർ കാർഡും വ്യാജമായി ഉണ്ടാക്കി ഉടമസ്ഥൻ ആണെന്ന വ്യാജേന ഇവരിൽ ഒരാൾ എത്തി  വാഹന വിൽപ്പനയും നടത്തിയതായി ബോധ്യപ്പെട്ടിട്ടുണ്ട്.  ഇത്തരത്തിൽ  കിട്ടുന്ന  തുകകൾ ആഡംബര ജീവിതം നയിക്കാനും മറ്റു ക്രിമിനൽ പ്രവർത്തനങ്ങൾക്കും ആണ് ഇവർ ഉപയോഗിക്കുന്നത്.  പ്രതികളിൽ ഒരാളുടെ ഇരുപത്തഞ്ചാം പിറന്നാൾ പട്ടണത്തിലെ മുന്തിയ ഹോട്ടലിൽ വച്ചാണ് കൊണ്ടാടിയത്.  വാഹനം വിവിധ ഇടങ്ങളിൽ എത്തിക്കുവാനായും ഇവർ കൌമാരക്കാരായ കുട്ടികളെ ഉൾപ്പടെ ഉപയോഗിച്ചു വരികയായിരുന്നു.  കോട്ടയം ഡി വൈ എസ് പി   ആർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഈസ്റ്റ് പോലിസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഓഫ് പോലിസ് നിർമ്മൽ ബോസ്  കോട്ടയം ഡി വൈ എസ് പി ഓഫീസിലെ സീനിയർ സിവിൽ പോലിസ് ഓഫീസർ അരുൺ കുമാർ കെ,ആർ  എ എസ് ഐ പ്രസാദ് കെ.ആർ , സിവിൽ പോലിസ് ഓഫീസർ രാധാകൃഷ്ണൻ കെ. എൻ എന്നിവർ ചേർന്നാണ് വാഹനങ്ങൾ കണ്ടെത്തിയത് .    വാകത്താനം വില്ലേജിൽ വാകത്താനം കരയിൽ പാലച്ചുവട് , കടുവാക്കുഴിയിൽ വീട്ടിൽ                   കെ എസ് എന്ന് വിളിക്കുന്ന അരുൺ കെ.എസ് , പനച്ചിക്കാട് വില്ലേജിൽ പൂവന്തുരുത്ത് കരയിൽ  പവർ  ഹൌസ് ഭാഗത്ത് , മാങ്ങാപ്പറമ്പിൽ  വീട്ടിൽ ജസ്റ്റിൻ വർഗ്ഗീസ് , മലപ്പുറം ജില്ലയിൽ മേലാറ്റൂർ വില്ലേജിൽ മേലാറ്റൂർ കരയിൽ  പള്ളിപ്പടി ഭാഗത്ത് ചാലിയത്തോടിക വീട്ടിൽ അബ്ദുള്ള മകൻ അഹമ്മദ് ഇര്ഫാനൂൽ ഫാരിസ് (ഇർഫാൻ) തൃശൂർ കൂർക്കഞ്ചേരി കൊട്ടക്കത്തിൽ വീട്ടിൽ ദിലീപ് എന്നിവർ ആണ്  അറസ്റ്റിൽ ആയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജസ്റ്റിന്റെയും അരുൺ കെ.എസി ന്റെയും തട്ടിപ്പിനിരയായ ഓണംതുരുത്ത് സ്വദേശിയായ  യുവാവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ ഗാങ്ങിനെ കുടുക്കാൻ ഇടയായത്.  ഇയാളുടെ  പുത്തൻ ഇന്നോവ ക്രിസ്റ്റ വാഹനം  വാടകയ്ക്ക് കൊണ്ടുപോയ  ഇവർ തൃശ്ശൂർ സ്വദേശികൾക്ക് കൂടിയ തുകയ്ക്ക് വാഹനം പണയപ്പെടുത്തുകയും തുടർന്ന്  രണ്ടുലക്ഷം രൂപ തൃശൂർ ലോബിക്ക്  നൽകി ഓണംതുരുത്ത്  സ്വദേശി തിരികെ എടുക്കുകയും ആയിരുന്നു.   ഇയാളുടെ പരാതിയെ തുടർന്നാണ് പോലിസ് അന്വേഷണം ഊർജ്ജിതമാക്കിയത്.

ഇനിയും ഈ കേസുകളിലെയ്ക്ക് സംക്രാന്തി സ്വദേശിയായ മനാഫ് നസീർ ,  പനച്ചിക്കാട് പഞ്ചായത്ത്  തുണ്ടിയിൽ വീട്ടിൽ ഉണ്ണി നാരായണൻ  മകൻ ശംഭു ഉണ്ണി എന്നിവരെ അറസ്റ്റ് ചെയ്യുവാനുണ്ട്.