
ഇൻഡോർ: പാമ്പുകളെ പിടിക്കുന്നതിൽ വിദഗ്ധനായിരുന്ന പൊലീസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. ഇൻഡോറിൽ നിന്നുള്ള കോൺസ്റ്റബിൾ സന്തോഷ് ആണ് അപകടത്തിൽപ്പെട്ടത്. സുരക്ഷാ മുൻകരുതലുകളില്ലാതെ പാമ്പിനെ കൈകാര്യം ചെയ്തതാണ് മരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. ദാരുണമായ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.
ഫസ്റ്റ് ബറ്റാലിയനിൽ കഴിഞ്ഞ 17 വർഷമായി സേവനമനുഷ്ഠിച്ചിരുന്ന സന്തോഷിനെ, ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ പൊലീസ് കുതിരാലയത്തിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് പിടികൂടാൻ വിളിക്കുകയായിരുന്നു. പാമ്പുകളെ പിടിക്കുന്നതിൽ അദ്ദേഹത്തിനുണ്ടായിരുന്ന പരിചയം കണക്കിലെടുത്താണ് ഈ ദൗത്യം സന്തോഷിനെ ഏൽപ്പിച്ചത്.
വീഡിയോ ദൃശ്യങ്ങളിൽ, ഗ്ലൗസോ മറ്റ് സുരക്ഷാ മാർഗ്ഗങ്ങളോ ഇല്ലാതെ സന്തോഷ് അലസമായി പാമ്പിനെ കൈകാര്യം ചെയ്യുന്നതായി കാണാം. നിമിഷങ്ങൾക്കുള്ളിൽ പാമ്പ് അദ്ദേഹത്തിന്റെ കയ്യിൽ കടിക്കുകയായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകരായ സ്വാമി പ്രസാദ് സാഹു ഉൾപ്പെടെയുള്ളവർ സന്തോഷിനെ എംവൈ ആശുപത്രിയിൽ എത്തിച്ചെങ്കിലും, അന്നു രാത്രി തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സന്തോഷിന്റെ മരണം അതീവ ദുഃഖകരമായ സംഭവമാണെന്ന് സഹപ്രവർത്തകർ പറഞ്ഞു. പലതവണ പാമ്പുകളെ പിടിച്ചിട്ടുണ്ടെങ്കിലും ഇത്തവണ വിധി നിർഭാഗ്യകരമായി. വിഷമുള്ള പാമ്പുകളെ കൈകാര്യം ചെയ്യുന്നത് പരിചയം കൊണ്ടല്ല, മറിച്ച് കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നതിലൂടെയാണെന്ന് അദ്ദേഹത്തിന്റെ മരണം ഓർമ്മിപ്പിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സന്തോഷിന് ഭാര്യയും ഒരു മകനും മകളുമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.
https://www.instagram.com/news24official/?utm_source=ig_embed&ig_rid=573739f8-93fa-48af-b826-9afc4ce4fdf4