video
play-sharp-fill

Tuesday, September 23, 2025

‘കാന്താര കാണണമെങ്കിൽ മാംസം കഴിക്കരുത്, പുക വലിക്കരുത്, മദ്യപിക്കരുത്…’; സോഷ്യൽ മീഡിയയിൽ വൈറലായ ആ പോസ്റ്ററിനെ കുറിച്ച് ഋഷഭ് ഷെട്ടി

Spread the love
കോട്ടയം: തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തുന്ന ‘കാന്താര ചാപ്റ്റർ 1’. ഇന്നലെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബർ 2 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ട്രെയ്‌ലർ പുറത്ത് വന്നതിന് പിന്നാലെ കാന്താര കാണാണമെങ്കിൽ മൂന്ന് വിശുദ്ധ കാര്യങ്ങൾ പ്രേക്ഷകർ പാലിക്കേണ്ടതുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ ഒരു പോസ്റ്റർ പ്രചരിക്കപ്പെട്ടത്.

“കാന്താര ചാപ്റ്റർ 1 തിയേറ്ററിൽ കാണുന്നത് വരെ പ്രേക്ഷകർ മൂന്ന് വിശുദ്ധ കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്, മദ്യപിക്കരുത്, പുക വലിക്കരുത്, മാംസാഹാരം കഴിക്കരുത് എന്നിവയാണ് ആ വിശുദ്ധ കാര്യങ്ങൾ. ഇതിൽ പങ്കെടുക്കുന്നതിനായി ഗൂഗിൾ ഫോം പൂരിപ്പിക്കുക.” എന്നാണ് ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ട പോസ്റ്ററിൽ ഉണ്ടായിരുന്നത്. കാന്താര ടീം പുറത്തിറക്കിയ ഔദ്യോഗിക പോസ്റ്റർ എന്ന നിലയിലാണ് ഇത് പ്രചരിക്കപ്പെട്ടത്. എന്നാൽ ഇപ്പോഴിതാ സംഭവത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ഋഷഭ് ഷെട്ടി.

 

അത്തരമൊരു പോസ്റ്റർ കണ്ടപ്പോൾ താൻ ഞെട്ടി പോയെന്നും, താൻ അക്കാര്യം പ്രൊഡക്ഷൻസുമായി ക്രോസ്സ് ചെക്ക് ചെയ്‌തെന്നും ഋഷഭ് ഷെട്ടി പറഞ്ഞു. “ഞാൻ ഞെട്ടിപ്പോയി, പുകവലി പാടില്ല, മദ്യപിക്കരുത്, മാംസം കഴിക്കാൻ പാടില്ല എന്ന പോസ്റ്റർ കണ്ടപ്പോൾ. ഞാൻ ഈ വിവരം പ്രൊഡക്ഷൻസുമായി ക്രോസ് ചെക്ക് ചെയ്തു. പ്രശസ്തി നേടാനായി ആരോ വ്യാജമായി നിർമ്മിച്ച പോസ്റ്റർ ആണത് . അതിന് പ്രതികരിക്കേണ്ടതില്ലെന്നും ഞങ്ങൾ കരുതുന്നു.” ഇന്നലെ നടന്ന പ്രസ് മീറ്റിനിടെ ഋഷഭ് ഷെട്ടി പറഞ്ഞു.

 

 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെയാണ് ട്രെയിലർ പുറത്തിറങ്ങിയത്. പ്രതീക്ഷിച്ചതു പോലെ തന്നെ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന പ്രേക്ഷകരിൽ ആകാംക്ഷ ഉണർത്തുന്ന ട്രെയിലർ തന്നെയാണ് ഹോംബാലെ ഫിലിംസ് സമ്മാനിച്ചത്. ഇതുവരെ കാണാത്ത ഒരു ത്രില്ലിംഗ് അവതാരത്തിൽ ഋഷഭ് ഷെട്ടിയെ അവതരിപ്പിച്ചിരിക്കുന്നു. തെന്നിന്ത്യൻ താരസുന്ദരി രുക്മണി വസന്തും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മലയാളത്തിന്റെ സ്വന്തം ജയറാമും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അജനീഷ് ലോക്നാഥ് ആണ്. മനോഹരമായ വിഷ്വൽ ട്രീറ്റ് ഒരുക്കിയിരിക്കുന്നത് അർവിന്ദ് എസ് ക്യാശ്യപ്.കാന്താരയിൽ ഋഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയായിരിക്കും കാന്താര ചാപ്റ്റർ 1 -ൽ പറയുക എന്ന് നേരത്തെയും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് അക്ഷരാർത്ഥത്തിൽ ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ. കുന്ദാപൂരിൽ ചരിത്രപരമായ കദംബ സാമ്രാജ്യം പുനഃസൃഷ്ടിച്ചിരിക്കുന്നതും വിശദമായ വാസ്തുവിദ്യയും ജീവിത സമ്മാനമായി ചുറ്റുപാടുകളും കൊണ്ട് ഗംഭീരമാക്കിയ സെറ്റും ട്രെയിലറിൽ ദൃശ്യമാണ്. ദൃശ്യാവിഷ്കരണവും,സംഗീതവും, ഗംഭീര പ്രകടനങ്ങളും കൊണ്ട് ചിത്രം പ്രേക്ഷകമനം കവരുമെന്ന സൂചന തന്നെയാണ് ട്രെയിലർ നൽകുന്നത്.

കേരളത്തിലെ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസ്

ഹിന്ദിയിൽ ചിത്രത്തിന്റെ ട്രെയിലർ ഹൃതിക് റോഷനും, തെലുങ്കിൽ ബാഹുബലി പ്രഭാസും, തമിഴിൽ യൂത്ത് ഐക്കൺ ശിവകാർത്തികേയനും, കന്നഡ ഭാഷയിൽ അവിടുത്തെ തന്നെ എല്ലാ പ്രമുഖ താരങ്ങളുമാണ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തത്. പുതിയ അപ്ഡേറ്റുകളായി ഞെട്ടിക്കുകയാണ് ഓരോ ദിവസവും ഹോംബാലെ ഫിലിംസ്. ചിത്രത്തിന്റെ രണ്ടാം പതിപ്പ് ഒക്ടോബർ 2ന് ആണ് വേൾഡ് വൈഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ആരാധകർക്ക് മുന്നിൽ എത്തുക. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.

സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറിയിരുന്ന കാന്താര ആദ്യഭാഗത്തിന്റെയും വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു. കാന്താരയുടെ ഒന്നാം ഭാഗം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകൾ അണിയറപ്രവർത്തകർ പുറത്തിറക്കുകയും, അവയെല്ലാം തന്നെ ബോക്സ്ഓഫീൽ മികച്ച കളക്ഷനുകൾ നേടുകയും ചെയ്തു. ഇക്കാരണങ്ങൾ കൊണ്ടെല്ലാം സിനിമ സ്നേഹികളായ ആരാധകർ ആകാംക്ഷയോടെയാണ് കാന്താരയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്.

ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാന്താര ചാപ്റ്റർ 1ന്റെ പ്രൊഡ്യൂസർ വിജയ് കിരഗണ്ടുർ ആണ്.മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ചിത്രം ഒക്ടോബർ 2 ന് തിയേറ്ററിൽ എത്തുന്നത്.”ആ ഗർജ്ജനം വീണ്ടും എത്തുബോൾ അത് വെറും പ്രകാശമാവില്ല… കണ്ണുകൾക്ക് ശോഭയേക്കുന്ന ദര്‍ശനം തന്നെയാകും.”