
വ്യോമയുദ്ധത്തിൽ ഇന്ത്യയെ മുൻപന്തിയിൽ നിർത്താൻ പോരുന്ന ഒരു വൻ പദ്ധതിയുടെ ഭാഗമാകാൻ ഇന്ത്യ ഒരുങ്ങുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
യൂറോപ്പിന്റെ 100 ബില്യൺ യൂറോയുടെ ആറാം തലമുറ യുദ്ധവിമാന പദ്ധതിയിൽ ഇന്ത്യയുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായതോടെയാണ് ഈ സാധ്യത വർദ്ധിച്ചത്. ഈ പദ്ധതിയിൽ ഇന്ത്യ പങ്കാളിയായാൽ, അത് ഇന്ത്യ ശത്രു സ്ഥാനത്ത് നിർത്തുന്ന പാകിസ്ഥാനെ പോലുള്ള അയൽ രാജ്യങ്ങൾക്ക് ഒരു വലിയ ഭീഷണിയായി തന്നെ മാറിയേക്കാം.
FCAS (ഫ്യൂച്ചർ കോംബാറ്റ് എയർ സിസ്റ്റം) എന്നാണ് ഈ പദ്ധതി അറിയപ്പെടുന്നത്. സ്റ്റെൽത്ത് സാങ്കേതികവിദ്യ, ഡ്രോൺ സ്വാംസ്, എഐ നിയന്ത്രണം, ഹൈപ്പർ-കണക്റ്റഡ് ക്ലൗഡ് കോംബാറ്റ് സിസ്റ്റം എന്നിവ ഉൾപ്പെടുത്തി 2040 ഓടെ അടുത്ത തലമുറ വ്യോമശക്തി വികസിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫ്രാൻസിലെ ഡസ്സോ, ജർമ്മനിയിലെ എയർബസ്, സ്പെയിനിലെ ഇന്ദ്ര, ഫ്രാൻസിലെ സഫ്രാൻ തുടങ്ങിയ പ്രമുഖ കമ്പനികളാണ് ഈ പദ്ധതിയിൽ നിലവിൽ പങ്കാളികളായിട്ടുള്ളത്. എങ്കിലും, വർക്ക് ഷെയർ സംബന്ധിച്ച വിഷയങ്ങളിൽ ഫ്രാൻസും ജർമ്മനിയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.
വർഷാവസാനത്തോടെ ഫ്രാൻസുമായുള്ള ചർച്ചകൾ യാഥാർത്ഥ്യമായില്ലെങ്കിൽ, ഒരു പുതിയ പങ്കാളിയെ തേടുമെന്ന് ജർമ്മനി വ്യക്തമാക്കിയിട്ടുണ്ട്. ജപ്പാനും ഇറ്റലിയും ബ്രിട്ടനുമായി ഇതിനകം തന്നെ GCAP പദ്ധതിയിൽ ഏർപ്പെട്ടിട്ടുണ്ട്. സ്വീഡൻ മറ്റൊരു ഓപ്ഷനാണെങ്കിലും, ശക്തമായ പ്രതിരോധ വ്യവസായം, റാഫേലുമായുള്ള നിലവിലെ പങ്കാളിത്തം, ചൈനയെയും പാകിസ്ഥാനെയും നേരിടാനുള്ള തന്ത്രപരമായ ആവശ്യം എന്നിവ ഇന്ത്യയെ ഈ പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ പങ്കാളിയാക്കുന്നുണ്ട്.
ഇതിനകം 300-ലധികം ജെ-20 യുദ്ധവിമാനങ്ങൾ ചൈന വിന്യസിച്ചിട്ടുണ്ട്, 2035 ആകുമ്പോഴേക്കും 1,000 എണ്ണം നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. പാകിസ്ഥാൻ ചൈനയിൽ നിന്ന് ജെ-35 സ്വന്തമാക്കാൻ ശ്രമിക്കുന്നതായ റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പ്രതിരോധ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇന്ത്യ ആറാം തലമുറ ജെറ്റുകൾ സ്വന്തമാക്കിയാൽ, പാകിസ്ഥാൻ വ്യോമസേന സാങ്കേതികപരമായും പ്രവർത്തനപരമായും ഗണ്യമായി പിന്നിലാകും.