സ്കൂളിലേക്ക് പോകുന്നതിനിടെ അപകടം: എതിർദിശകളിൽ നിന്ന് വന്ന സ്വകാര്യ ബസ്സുകൾക്കിടയിൽ കൈപ്പെട്ടു, എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ വിരൽ നഷ്ടമായി; സംഭവം മലപ്പുറം തിരൂരിൽ

Spread the love

മലപ്പുറം: മലപ്പുറം തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരിക്കേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. നിറമരുതൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ വാക്കാട് സ്വദേശി ഷഹനാസിനാണ് അപകടത്തില്‍ വിരല്‍ നഷ്ടമായത്. രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

ഷഹനാസ് സഞ്ചരിച്ചിരുന്ന സ്വകാര്യ ബസും എതിരെ വന്ന ബസും തമ്മിൽ ഉരസുകയും സൈഡിലെ കമ്പി പിടിച്ച് നിന്നിരുന്ന ഷഹനാസിൻ്റെ വിരൽ ബസുകൾക്കിടയിൽ കുടുങ്ങുകയുമായിരുന്നു. പരിക്കേറ്റ ഷഹനാസിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രയിലും എത്തിച്ചെങ്കിലും വിരല്‍ തുന്നിച്ചേര്‍ക്കാനായില്ല. മറ്റ് നാല് വിരലുകൾക്കും സാരമായി പരിക്കുപറ്റിയിട്ടുണ്ട്.