play-sharp-fill
ഇരുപത്തിയേഴ് വർഷത്തെ ജയിൽ വാസം : പരോൾ വേണം;  നളിനി ഇന്ന് ഹൈക്കോടതിയിൽ

ഇരുപത്തിയേഴ് വർഷത്തെ ജയിൽ വാസം : പരോൾ വേണം; നളിനി ഇന്ന് ഹൈക്കോടതിയിൽ

സ്വന്തം ലേഖിക

വെല്ലൂർ: ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷം രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ഇന്നു ജയിലിനു പുറത്തേക്ക്. പരോൾ അനുവദിക്കണമെന്ന ഹർജിയിൽ നേരിട്ടു ഹാജരായി വാദിക്കാൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകിയതിനെ തുടർന്നാണിത്. 1991 മേയ് ഇരുപത്തിയൊന്നിന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ ചാവേർ സ്ഫോടനത്തിലൂടെ വധിച്ച കേസിലെ പ്രതിയാണ് നളിനി.ഇരുപത്തിയേഴ് കൊല്ലത്തിനിടെ 2016 ൽ പിതാവിന്റെ മരണാനന്തര ചടങ്ങിനു വേണ്ടി ഒരു ദിവസം മാത്രമാണ് നളിനി ജയിലിനു പുറത്തിറങ്ങിയിട്ടുള്ളത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് നളിനിയെ ഹാജരാക്കാനാണ് വെല്ലൂർ സെൻട്രൽ ജയിൽ അധികൃതർക്ക് കോടതി നിർദേശം നൽകിയിരിക്കുന്നത്.ജീവപര്യന്തം തടവനുഭവിക്കുന്നവർക്ക് രണ്ടുവർഷം കൂടുമ്പോൾ ഒരുമാസത്തെ പരോളിന് അവകാശമുണ്ട്. എന്നാൽ 27 വർഷമായി പരോൾ ലഭിച്ചിട്ടില്ലെന്നാണ് നളിനിയുടെ പരാതി. ജയിൽ സുപ്രണ്ടിനു നൽകിയ അപേക്ഷയിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് നളിനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. മുൻകരുതൽ നടപടിയായി മദ്രാസ് ഹൈക്കോടതിക്കും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.സുപ്രീംകോടതിയും ശരിവച്ച വധശിക്ഷ രാജീവിന്റെ വിധവ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരം 2000ൽ തമിഴ്നാടു സർക്കാർ ജീവപര്യന്തമായി കുറച്ചു. അറസ്റ്റിലായതു മുതൽ 27 വർഷമായി വെല്ലൂർ സെൻട്രൽ ജയിലിലാണ് നളിനി. ജയിലിൽ വച്ചുണ്ടായ മകൾ അരിത്രയുടെ വിവാഹത്തിൽ പങ്കെടുത്താൻ ആറുമാസത്തെ പരോൾ ചോദിച്ചാണ് ഹൈക്കോടതി സമീപിച്ചത്. സ്വയം വാദിക്കണമെന്ന ആവശ്യം സർക്കാർ എതിർപ്പുകൾ മറികടന്നു കോടതി അനുവദിച്ചതോടെയാണ് മൂന്നുകൊല്ലത്തിനു ശേഷം നളിനി പുറംലോകം കാണുന്നത്.