
കോഴിക്കോട്: സ്ലീപ്പർ വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനുകൾ നിർമാണഘട്ടത്തിന്റെ പൂർണതയിലേക്ക്. ചെന്നൈയിലും റായ്ബറേലിയിലുമുള്ള കോച്ച് ഫാക്ടറികളിലാണിവ നിർമിക്കുന്നത്. പുതിയ കോച്ചുകളുടെ ചിത്രവും വിവരണവും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്‌സിൽ പങ്കുവെച്ചു. കോച്ചുകളുടെ പരീക്ഷണഓട്ടവും സാധ്യതാപരിശോധനയും നടന്നുകഴിഞ്ഞു.
ദീപാവലിയോടെ ഡൽഹി-പട്‌ന റൂട്ടിൽ രാജ്യത്തെ ആദ്യ സ്ലീപ്പർ വന്ദേഭാരത് ഓടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യം റെയിൽവേ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
നിർമാണത്തിലുള്ളവ ഉൾപ്പെടെ ഇപ്പോൾ രാജ്യത്ത് 136 ചെയർകാർ വന്ദേഭാരതുകളാണുള്ളത്. ആഡംബരം, സൗകര്യം, സുരക്ഷ, ആധുനികത എന്നിവയ്ക്ക് പ്രാധാന്യംനൽകിയാണ് പുതിയ സ്ലീപ്പർ കോച്ചുകൾ നിർമിച്ചിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരം ട്രെയിനിൽ സ്ലീപ്പർ കോച്ചുകൾ മാത്രമേയുള്ളൂ. പകൽസമയ യാത്രയ്ക്ക് മാത്രമായി ചെയർകാർ വന്ദേഭാരതിനെ പരിമിതിപ്പെടുത്താനും ആലോചനയുണ്ട്. കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് സ്ലീപ്പർ വന്ദേഭാരതുകളുടെ പരീക്ഷണ ഓട്ടം ആദ്യം നടന്നത്.
കേരളത്തിൽ മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ അടുത്തവർഷത്തേക്ക് സ്ലീപ്പർ വന്ദേഭാരത് അനുവദിക്കാൻ സാധ്യതയുണ്ട്. ഇതിനായി വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിവരുന്നു.
ബെംഗളൂരു-കോഴിക്കോട്, ചെന്നൈ-കോഴിക്കോട്, മംഗളൂരു-തിരുവനന്തപുരം റൂട്ടുകളിലായി മൂന്ന് വന്ദേഭാരത് സ്ലീപ്പർ എക്‌സ്‌പ്രസുകൾ അനുവദിക്കണമെന്ന് മന്ത്രി അശ്വിനി വൈഷ്ണവിന് എം.കെ. രാഘവൻ എംപി നിവേദനം നൽകിയിരുന്നു.
ഈ ആവശ്യമുന്നയിച്ച് അടുത്തിടെ അദ്ദേഹം മന്ത്രിയെ കണ്ടപ്പോൾ മംഗളൂരു-തിരവനന്തപുരം റൂട്ടിൽ അനുവദിക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.