
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീം പ്രതിയായ കേസില്‍ കൂടുതൽ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി തള്ളി. കീഴക്കോടതി വിധി സുപ്രീം കോടതി ശരി വെച്ചു. ഹർജി തള്ളിയത്തോടെ ഇനി റഹീമിന് എതിരെ മറ്റു നടപടികൾ ഉണ്ടാവില്ല.
മോചനത്തിലേക്കും കാര്യങ്ങള്‍ ഇനി എളുപ്പമാകും. വിധിയിൽ റഹീം നിയമ സഹായ സമിതി സന്തോഷം പ്രകടിപ്പിച്ചു. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുകയാണ് കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീം.
20 വര്‍ഷത്തേക്കാണ് കോടതി അബ്ദുൽ റഹീമിന് ശിക്ഷ വിധിച്ചിരുന്നത്. 2026 ഡിസംബറിൽ കേസിന് 20 വർഷം തികയും. സ്വകാര്യ അവാകാശത്തിന്‍റെ അടിസ്ഥാനത്തിൽ വിധിച്ച വധശിക്ഷയാണ് 1.5 കോടി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ദിയാധനം സ്വീകരിച്ച് വാദി ഭാഗം മാപ്പ് നൽകിയതോടെ ഒരു വര്‍ഷം മുമ്പ് ഒഴിവായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ പബ്ലിക് റൈറ്റ് പ്രകാരം തീർപ്പാവാത്തതാണ് ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കിയിരുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 13 സിറ്റിങ്ങാണ് നടന്നത്. 2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്‍റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012ലാണ് വധശിക്ഷ വിധിച്ചത്.




