
ദുബായ് : ഏഷ്യ കപ്പ് ക്രിക്കറ്റില്‍ നാലാം ജയവുമായി ഇന്ത്യ. പാകിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. തകര്‍പ്പന്‍ സെഞ്ച്വറി കൂട്ടുകെട്ടാണ് ഓപ്പണര്‍മാരായ ശുബ്മാന്‍ ഗില്‍ – അഭിഷേക് ശര്‍മ്മ സഖ്യം ഇന്ത്യക്ക് നല്‍കിയത്.
ഷേക്ഹാൻഡ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഏവരും ഉറ്റുനോക്കിയിരുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 171 റൺസ് ഉയർത്തിയത്. നാലുക്യാച്ചുകൾ ഇന്ത്യൻ ഫീൽഡർമാർ കൈവിട്ടില്ലായിരുന്നെങ്കിൽ ഇതിലും കുറഞ്ഞ സ്കോറിൽ ഒതുക്കാമായിരുന്നു.
എന്നാൽ ഫീൽഡിംഗിലെ പിഴവുകൾ ബാറ്റിംഗിൽ ആവർത്തിക്കാതിരുന്ന ഇന്ത്യയ്ക്ക് വേണ്ടി ഗില്ലും അഭിഷേകും വെടിക്കെട്ട് ഓപ്പണിംഗ് പുറത്തെടുത്തതോടെ പാകിസ്ഥാൻ ഇന്ത്യയുടെ കയ്യിൽ നിന്ന് ഈ ഏഷ്യാകപ്പിലെ രണ്ടാമത്തെ തോൽവിയും ഏറ്റുവാങ്ങി. 18.5 ഓവറിലാണ് ഇന്ത്യ 174/4 എന്ന സ്കോറിലെത്തിയത്. 39 പന്തുകളിൽ ആറു ഫോറുകളും അഞ്ച് സിക്സുകളും പായിച്ച അഭിഷേക് ശർമ്മയാണ് മാൻ ഒഫ് ദ മാച്ച്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അർദ്ധസെഞ്ച്വറി നേടിയ സാഹിബ്സദ ഫർഹാൻ ആണ് പാകിസ്ഥാന്റെ ടോപ്സ്കോറർ .ഫഖാർ സമാൻ (15), സയിം അയൂബ് (21),മുഹമ്മദ് നവാസ്(21), നായകൻ സൽമാൻ ആഗ (17*), ഫഹീം അഷ്റഫ് (20*) എന്നിവരാണ് പാക് നിരയിൽ അൽപ്പമെങ്കിലും സ്കോർ ചെയ്തത്. ഇന്ത്യയ്ക്ക് വേണ്ടിശിവം ദുബെ രണ്ട് വിക്കറ്റുകളും ഹാർദിക് പാണ്ഡ്യ ഒരുവിക്കറ്റും നേടി.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി അഭിഷേകും ഗില്ലും ചേർന്ന് ഓപ്പണിംഗിൽ 9.5 ഓവറിൽ 105 റൺസാണ് അടിച്ചുകൂട്ടിയത്. അഭിഷേക് സിക്സുകളും പറത്തിയപ്പോൾ ഫോറുകളിലൂടെ സ്കോർ ഉയർത്തുകയായിരുന്നു ഗിൽ. 28 പന്തുകളിൽ എട്ടുബൗണ്ടറികളടക്കം 47 റൺസ് നേടിയ ഗില്ലിനെ ബൗൾഡാക്കി ഫഹീമാണ് സഖ്യം പൊളിച്ചത്.
പകരമിറങ്ങിയ നായകൻ സൂര്യകുമാർ യാദവിനെ (0) അടുത്ത ഓവറിൽ ഹാരിസ് റൗഫ് അബ്റാറിന്റെ കയ്യിലെത്തിച്ചു. തുടർന്ന് തിലക് വർമ്മയ്ക്കയൊപ്പം ടീമിനെ 123/3ലെത്തിച്ചശേഷമാണ് അഭിഷേക് മടങ്ങിയത്. അബ്റാറിനെ സിക്സിന് പറത്തിയതിന് പിന്നാലെ അഭിഷേക് ഹാരിസ് റൗഫിന് ക്യാച്ച് നൽകുകയായിരുന്നു.
ഇതോടെ സഞ്ജു(17) കളത്തിലിറങ്ങി.17-ാം ഓവറിൽ ടീമിനെ 148ലെത്തിച്ചശേഷമാണ് സഞ്ജു ഹാരിസ് റൗഫിന്റെ പന്തിൽ ബൗൾഡായത്. തുടർന്ന് തിലകും (30*)ഹാർദിക് പാണ്ഡ്യയും(7*) ചേർന്ന് വിജയത്തിലെത്തിച്ചു.
ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒമാനെതിരായ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനായിറങ്ങിയത്. പേസർ ജസ്പ്രീത് ബുംറയും സ്പിന്നർ വരുൺ ചക്രവർത്തിയും പ്ളേയിംഗ് ഇലവനിലേക്ക് മടങ്ങിയെത്തിയപ്പോൾ അർഷ്ദീപും ഹർഷിത് റാണയും ബെഞ്ചിലിരുന്നു.
ഹാർദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറിൽതന്നെ പാക് ഓപ്പണർ സാഹിബ്സദ ഫർഹാനെ പുറത്താക്കാൻ സുന്ദരമായൊരു അവസരം ഇന്ത്യയ്ക്ക് ലഭിച്ചതാണ്. എന്നാൽ ഡീപ് തേഡിൽ ഓടിയെത്തി ക്യാച്ചെടുക്കാനുള്ള അഭിഷേക് ശർമ്മയുടെ ശ്രമം പാളിയതോടെ പാക് ഓപ്പണർക്ക് ലൈഫ് ലഭിച്ചു.അടുത്ത ഓവറിൽ ബുംറയ്ക്ക് എതിരെ തുടർച്ചയായി ബൗണ്ടറികൾ നേടി ഫഖാർ സമാൻ അപകടഭീഷണി ഉയർത്തിയെങ്കിലും അധികം നീളാൻ ഹാർദിക് അനുവദിച്ചില്ല.
മൂന്നാം ഓവറിന്റെ രണ്ടാം പന്തിൽ തനിക്കെതിരെയും ബൗണ്ടറി പായിച്ചതിന് പിന്നാലെ ഫഖാറിനെ ഹാർദിക് വിക്കറ്റ് കീപ്പർ ഹാർദിക് പാണ്ഡ്യയുടെ കയ്യിലെത്തിക്കുകയായിരുന്നു. പന്ത് ക്യാച്ചെടുക്കുന്നതിനിടെ സഞ്ജുവിന്റെ ഗ്ളൗസ് തറയിൽ തട്ടിയെന്നുകരുതി ഫഖാർ റിവ്യൂ നൽകിയെങ്കിലും മൂന്നാം അമ്പയർ വിക്കറ്റ് വിധിക്കുകയായിരുന്നു.ഇതോടെയാണ് സാഹിബ്സദയും സയിം അയൂബും ക്രീസിൽ ഒരുമിച്ചത്.
ഇരുവരും ചേർന്ന് കാലുറപ്പിക്കാൻ ശ്രമിക്കവേ നല്ലൊരു ക്യാച്ച് അവസരം കുൽദീപ് നഷ്ടപ്പെടുത്തി. അഞ്ചാം ഓവറിൽ വരുൺ ചക്രവർത്തിയെ സ്വീപ് ചെയ്യാൻ ശ്രമിച്ച അയൂബിന്റെ ബാറ്റിൽതട്ടിക ഉയർന്ന പന്ത് കുൽദീപ് യാദവാണ് വിട്ടുകളഞ്ഞത്. ആദ്യ അഞ്ചോവറിൽ 42/1 എന്ന നിലയിലായിരുന്നു പാകിസ്ഥാൻ. എട്ടാം ഓവറിൽ വരുണിനെതിരെയാണ് സാഹിബ്സദ മത്സരത്തിലെ ആദ്യ സിക്സ് നേടിയത്. അടുത്ത ഓവറിൽ കുൽദീപിനെതിരെ അയൂബും സാഹിബ്സദയും സിക്സുകൾ പറത്തി.
പത്താം ഓവറിൽ അക്ഷർ പട്ടേലിനെയും സഹിബ്സദ സിക്സ് പറത്തിയതോടെ ഇന്നിംഗ്സിന്റെ പകുതി ഓവറുകൾ പിന്നിടുമ്പോൾ 91/1 എന്ന നിലയിലേക്ക് പാകിസ്ഥാൻ ഉയർന്നിരുന്നു. 72 റൺസ് നേടിയ സഖ്യം ഒടുവിൽ പൊളിച്ചത് 11-ാം ഓവറിൽ ശിവം ദുബെയാണ്.17 പന്തുകളിൽ 21 റൺസ് നേടിയ അയൂബിനെ അഭിഷേക് ശർമ്മയാണ് പിടികൂടിയത്.
നേരത്തേ അയൂബിനെ കൈവിട്ടിരുന്ന കുൽദീപും ക്യാച്ചിനായി ഓടിയെത്തിയിരുന്നെങ്കിലും അഭിഷേക് മനോഹരമായി പന്ത് കൈയിലൊതുക്കുകയായിരുന്നു. പകരമിറങ്ങിയ ഹുസൈൻ തലത്തിനെ (10) 14-ാം ഓവറിന്റെ ആദ്യ പന്തിൽ കുൽദീപ് വരുൺ ചക്രവർത്തിയുടെ കയ്യിലെത്തിച്ചതോടെ പാകിസ്ഥാൻ 110/3 എന്ന നിലയിലായി.
അതുവരെ പാക് സ്കോർ ഉയർത്തിക്കൊണ്ടിരുന്ന സാഹിബ്സദയേയും പുറത്താക്കാൻ 15-ാം ഓവറിൽ ശിവം ദുബെയ്ക്ക് കഴിഞ്ഞു.45 പന്തുകളിൽ അഞ്ചുഫോറും മൂന്ന് സിക്സും പായിച്ച സാഹിബ്സദയെ സൂര്യകുമാർ യാദവാണ് പുറത്താക്കിയത്.