കേന്ദ്രബജറ്റ് : ബ്രിഫ് കേസ് ഇല്ല ;ധനമന്ത്രിമാരുടെ സ്ഥിരം ട്രന്റ് തിരുത്തിക്കുറിച്ച് നിർമല സീതാരാമൻ
സ്വന്തം ലേഖകൻ
ദില്ലി: രണ്ടാം നരേന്ദ്രമോദി സർക്കാറിൻറെ ആദ്യ ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ ധനകാര്യമന്ത്രാലയത്തിലെത്തി. ബജറ്റിൻറെ കാലകാലങ്ങളായുള്ള മുഖമുദ്രയായ ബ്രീഫ് കേസ് ഒഴിവാക്കി അശോകസ്തംഭം അലേഖനം ചെയ്ത ബാഗുമായാണ് മന്ത്രി ധനകാര്യമന്ത്രാലയത്തിലെത്തിയത്. ധനകാര്യസഹമന്ത്രി അനുരാഗ് ഠാക്കൂർ, ധനകാര്യ സെക്രട്ടറി എസ് സി ഗാർഗ്, മുഖ്യസാമ്ബത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ എന്നിവരും നിർമ്മലസീതാരമനോടൊപ്പം മന്ത്രാലയത്തിൽ എത്തിയിട്ടുണ്ട്.രാവിലെ 11 മണിക്കാണ് ബജറ്റ് അവതിരിപ്പിക്കുക. സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന വെല്ലുവിളിയാണ് നിർമ്മല സീതാരാമന് മുന്നിലുള്ളത്. നടപ്പ് സാമ്പത്തിക വർഷത്തിൽ ജിഡിപി 7 ശതമാനം വളർച്ച നേടുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നതെന്ന് ഇന്നലെ രാജ്യസഭയിൽ വെച്ച സാമ്പത്തിക സർവ്വെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇത് പ്രതിവർഷം എട്ട് ശതമാനത്തിൽ എത്തിയാലെ 2025 ഓടെ കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുന്ന അഞ്ച് ട്രില്യൺ ഡോളറിൻറെ സാമ്പത്തിക ശേഷി എന്ന ലക്ഷ്യം നിർവ്വഹിക്കാൻ കഴിയുവെന്നും സാമ്ബത്തിക സർവ്വെ റിപ്പോർട്ട് വ്യക്തമാക്കുന്നു.ഈ സാഹചര്യത്തിൽ സാമ്പത്തിക വളർച്ചയ്ക്ക് ഊന്നൽ നൽകികൊണ്ടുള്ള നിരവധി പ്രഖ്യാപനങ്ങൾ രണ്ടാം നരേന്ദ്ര മോദി സർക്കാറിൻറെ കന്നി ബജറ്റിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. രൂക്ഷമായിരിക്കുന്ന കാർഷിക പ്രതിസന്ധികൾ മറികടക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും ബജറ്റിൽ വലിയ നിർദ്ദേശങ്ങൾ ഉണ്ടാകുമെന്നും സൂചനയുണ്ട്. ഇടത്തരക്കാരെ കയ്യിലെടുക്കാൻ നികുതി ഘടനയിൽ വലിയമാറ്റങ്ങൾ കൊണ്ടുവരാനും സാധ്യതയുണ്ട്.