വായില്‍ നുരയും പതയും; തിരുവനന്തപുരം പാലോട് കുരങ്ങൻമാരെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം പാലോട്ട്‌ കുരങ്ങന്മാരെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. 13 കുരങ്ങന്മാരെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. പാലോട് – മങ്കയം പമ്പ് ഹൗസിന് സമീപത്തെ റബ്ബര്‍ മരത്തിലും ആറ്റിലുമാണ് കുരങ്ങന്മാരെ ചത്തനിലയിലും അവശനിലയിലും കണ്ടെത്തിയത്.

അവശനിലയിലായിരുന്ന കുരങ്ങന്റെ വായില്‍നിന്നു നുരയും പതയും വന്നിരുന്നു. ഞായറാഴ്ച രാവിലെ 11.30-ഓടെയാണ് പ്രദേശവാസികള്‍ കുരങ്ങന്മാരെ കണ്ടെത്തിയത്. ഉടന്‍തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചു. ആര്‍ആര്‍ടി സംഘം എത്തി ചത്ത കുരങ്ങന്മാരെ കൂട്ടിലാക്കി പെരിങ്ങമ്മല ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിലേക്ക് മാറ്റി.

മരണകാരണം എന്താണെന്നറിയാൻ പാലോട് അനിമല്‍ ഡിസീസില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. കുരങ്ങന്മാരുടെ ശല്യം രൂക്ഷമായതുകൊണ്ട് ആരെങ്കിലും വിഷംവെച്ചതാണോ അതോ എന്തെങ്കിലും അസുഖം വന്ന് ചത്തതാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ലെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു