
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഉച്ചയോടെയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇത് സംബന്ധിച്ച സൂചന പുറത്തുവിട്ടത്. അതേ സമയം ഏത് വിഷയത്തിലാണ് പ്രധാനമന്ത്രി അഭിസംബോധന നടത്തുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. നേരത്തെയും ഇതേ രീതിയിൽ തന്നെയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തിട്ടുള്ളത്.
ജിഎസ്ടി നിരക്കിലെ മാറ്റം നാളെ മുതൽ പ്രാബല്യത്തിൽ വരികയാണ്. 4 സ്ലാബുകളായി നിന്ന ജിഎസ്ടിയെ രണ്ട് സ്ലാബുകളാക്കി മാറ്റി ഉപഭോക്താക്കള്‍ക്ക് ആശ്വാസം നൽകുന്ന നീക്കത്തിലേക്കാണ് സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. മാത്രമല്ല, സ്വാതന്ത്ര്യദിന സന്ദേശത്തിൽ, ദീപാവലിക്ക് മുൻപ് ഒരു ദീപാവലി സമ്മാനമായി ഒരു പ്രധാനപ്പെട്ട തീരുമാനം വരുമെന്ന് മോദി വ്യക്തമാക്കിയിരുന്നു. ജിഎസ്ടി മാറ്റത്തെക്കുറിച്ചുള്ള ഒരു ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയേക്കുമെന്നുള്ള സൂചന പുറത്തുവരുന്നുണ്ട്.
മറ്റൊന്ന് എച്ച് 1 ബി വീസയിൽ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യം കൂടിയുണ്ട്. രാജ്യം എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ്. ഭരണപരമായ ഇടപെടൽ ഈ വിഷയത്തിലുണ്ടാകുമോ എന്നും ആകാംക്ഷയുണ്ട്. ഇക്കാര്യമാണോ മോദി ഇന്ന് സംസാരിക്കുക എന്ന സംശയവും നിലനിൽക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group