റസ്റ്ററന്റ് ശൈലിയില്‍ മൃദുവായ ഉപ്പുമാവ് വീട്ടിൽ തയ്യാറാക്കാം

Spread the love

 

പാചകം പഠിക്കാന്‍ ആഗ്രഹമുള്ളവര്‍ ആദ്യചുവടുവെയ്പ് തുടങ്ങുന്നത് പലപ്പോഴും ഉപ്പുമാവ് തയ്യാറാക്കികൊണ്ടാണ്. അടുക്കളയില്‍ എപ്പോഴും കാണുന്ന സാധനങ്ങള്‍ കൊണ്ട് ഉണ്ടാക്കാമെന്നതിനാല്‍ ഇവ തയ്യാറാക്കാനും പ്രയാസമില്ല. ഉപ്പുമാവ് പാചകംചെയ്യാന്‍ എളുപ്പമാണെന്നതുപോലെ തന്ന ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ അത് ചീത്തയായി പോകാനും സാധ്യത കൂടുതലാണ്. അപ്പോള്‍ മൃദുവായിരിക്കേണ്ട ഉപ്പുമാവ് ഒട്ടിപ്പിടിച്ചതോ കട്ടപിടിച്ചതോ ആയി മാറും.

ഉപ്പുമാവ് ഒട്ടിപ്പിടിച്ചതോ, കട്ടപിടിച്ചതോ, അല്ലെങ്കില്‍ പാകമല്ലാത്തതോ ആവാനുള്ള കാരണമെന്താണ്?

വറുക്കാത്ത റവ
പച്ച റവ വെള്ളത്തില്‍ ചേര്‍ക്കുമ്പോള്‍ കട്ടപിടിക്കും.
വെള്ളത്തിന്റെ തെറ്റായ അനുപാതം
വെള്ളം കുറഞ്ഞാല്‍ ഉപ്പുമാവ് വരണ്ടതും ഒട്ടിപ്പിടിക്കുന്നതുമാകും, വെള്ളം കൂടിയാല്‍ കുഴഞ്ഞുപോകും.
റവ ഒന്നായി ഇടുന്നത്
ഇത് വെള്ളം ശരിയായി വലിച്ചെടുക്കാതെ കട്ടപിടിക്കാന്‍ കാരണമാകും.
ശരിയായി ഇളക്കാത്തത്
ഉപ്പുമാവ് തുടര്‍ച്ചയായി ഇളക്കിക്കൊടുക്കുക.
തെറ്റായ തരം റവ
മൃദുവായ ഉപ്പുമാവിന് നേര്‍ത്ത റവയാണ് ഏറ്റവും നല്ലത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ തെറ്റുകള്‍ തിരിച്ചറിഞ്ഞാല്‍, അവ പരിഹരിക്കുന്നത് ഇനിമുതല്‍ മൃദുവായ നല്ല ഉപ്പുമാവുണ്ടാക്കാന്‍ സഹായിക്കും.

റസ്റ്ററന്റ് ശൈലിയില്‍ മൃദുവായ ഉപ്പുമാവ് തയ്യാറാക്കാം
1. റവ വറുക്കുക
നേര്‍ത്ത റവ ഇടത്തരം തീയില്‍ നല്ല മണം വരുന്നതുവരെയും ഇളം സ്വര്‍ണനിറമാകുന്നതുവരെയും വറുക്കുക. എല്ലായിടത്തും ഒരുപോലെ വറുത്തെടുക്കാന്‍ തുടര്‍ച്ചയായി ഇളക്കുക. പിന്നീട് സമയം ലാഭിക്കാന്‍ വറുത്ത റവ വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിക്കുക.
2. വെള്ളം
ഒരു കപ്പ് റവയ്ക്ക് 2.5-3 കപ്പ് വെള്ളം ഉപയോഗിക്കുക. മൃദുവായ ഉപ്പുമാവിനായി 3:1 എന്ന അനുപാതം തിരഞ്ഞെടുക്കുക. തിളപ്പിക്കുന്ന വെള്ളത്തില്‍ ഉപ്പ്, കറിവേപ്പില, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ക്കുക.
3. റവ പതുക്കെ ചേര്‍ക്കുക
തീ കുറച്ച ശേഷം, ഇളക്കിക്കൊണ്ട് റവ പതുക്കെ തിളച്ച വെള്ളത്തിലേക്ക് വിതറുക. ഇത് കട്ടയാകായിരിക്കാന്‍ സഹായിക്കും.
4. വിളമ്പുന്നതിന് മുമ്പ് ആവിയില്‍ വേവിക്കുക
റവ വെള്ളം വലിച്ചെടുത്ത ശേഷം, അടച്ചുവെച്ച് 2-3 മിനിറ്റ് ചെറിയ തീയില്‍ ആവി കയറ്റുക. ഇളക്കുന്നതിന് പകരം ഒരു ഫോര്‍ക്ക് ഉപയോഗിച്ച് ചിക്കി പരത്തുക.
5. നെയ്യ് ചേര്‍ക്കുക
അവസാനം ഒരു സ്പൂണ്‍ നെയ്യ് ചേര്‍ക്കുന്നത് രുചി വര്‍ധിപ്പിക്കുകയും ഉപ്പുമാവ് വേറിട്ട് നില്‍ക്കാന്‍ സഹായിക്കുകയും ചെയ്യും.

പച്ചക്കറികളും ചേരുവകളും
ഉപ്പുമാവില്‍ ഇഷ്ടാനുസരണം മാറ്റങ്ങള്‍ വരുത്താമെങ്കിലും എല്ലാ ചേരുവകളും റവയുമായി നന്നായി ചേരില്ല. ചിരകിയ തേങ്ങ, പാകം മെച്ചപ്പെടുത്താനും പുളിപ്പ് നല്‍കാനും തൈര് അല്ലെങ്കില്‍ മോര്, വറുത്ത കശുവണ്ടി അല്ലെങ്കില്‍ നിലക്കടല എന്നവ പരീക്ഷിക്കാവുന്നതാണ്. താഴെ പറയുന്നവ ശ്രദ്ധയോടെ ഉപയോഗിക്കാം;
തക്കാളി
അധിക വെള്ളം ഒഴിവാക്കാന്‍ നന്നായി വഴറ്റണം.
പച്ചക്കറികള്‍
ഫ്രഷ് പച്ചക്കറികള്‍ ഉപയോഗിക്കുക അല്ലെങ്കില്‍ ചേര്‍ക്കുന്നതിന് മുമ്പ് വഴറ്റുക. ഉള്ളി വഴറ്റിയതും ഉപയോഗിക്കാം. വളരെയധികം പച്ചക്കറികള്‍ ചേര്‍ത്താല്‍ റവയുടെ രുചി നഷ്ടപ്പെടുകയും കിച്ചടി പോലെയാകുകയും ചെയ്യും. അതിനാല്‍ മിതത്വം പ്രധാനമാണ്.

ഉപ്പുമാവിന്റെ പോഷക ഗുണങ്ങള്‍
ആരോഗ്യപരമായ ഗുണങ്ങളുടെ കാര്യത്തില്‍ ഉപ്പുമാവിനെ പലപ്പോഴും വിലകുറച്ച് കാണാറുണ്ട്. റവകൊണ്ട് ഉണ്ടാക്കുന്നതിനാല്‍ ഇത് കൂടുതല്‍ നേരം വിശപ്പറിയാതിരിക്കാന്‍ സഹായിക്കുന്ന സങ്കീര്‍ണമായ കാര്‍ബോഹൈഡ്രേറ്റുകള്‍ നല്‍കുന്നു. പച്ചക്കറികള്‍ ചേര്‍ക്കുമ്പോള്‍, ഇതില്‍ നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയും അടങ്ങിയിരിക്കും.

ചെറുപയര്‍, ക്വിനോവ, അല്ലെങ്കില്‍ മുട്ട പോലുള്ള പ്രോട്ടീന്‍ സമ്പുഷ്ടമായ ചേരുവകള്‍ ചേര്‍ക്കുന്നത് ഉപ്പുമാവിനെ കൂടുതല്‍ സമീകൃതമായ ഭക്ഷണമാക്കുന്നു. ലഘുവായതും എന്നാല്‍ സംതൃപ്തി നല്‍കുന്നതുമായ ഒരു പ്രഭാതഭക്ഷണം ആഗ്രഹിക്കുന്നവര്‍ക്ക് ഉപ്പുമാവ് തന്നെ തിരഞ്ഞെടുക്കാം.

റവയെ കൂടാതെ അരി, ചെറുപയര്‍, ക്വിനോവ, സേമിയ എന്നിവയെല്ലാം ഉപയോഗിച്ച് ഉപ്പുമാവ് തയ്യാറാക്കാം. സാമ്പാര്‍, നെയ്യ് ചേര്‍ത്ത മസാലപ്പരിപ്പ് പൊടി, തൈര്, തേങ്ങാ ചട്ണി എന്നിവയെല്ലാം ചേര്‍ത്ത് ഉപ്പുമാവ് കഴിക്കാവുന്നതാണ്. പപ്പടം, പഴം എന്നിവയ്‌ക്കൊപ്പവും ഉപ്പുമാവ് കഴിക്കുന്ന രീതി കണ്ടുവരാറുണ്ട്.