
കോട്ടയം: മാന്യമായ ശമ്പളം കിട്ടുന്ന ഒരു ജോലി. ഏതൊരാളുടെയും സ്വപ്നമാണിത്.
പക്ഷേ, പഠിച്ച് എത്ര സർട്ടിഫിക്കറ്റുകള്‍ കൈക്കലാക്കിയാലും ഈ മോഹം പൂവണിയണമെന്നില്ല.
എന്നാൽപയറത്തക്ക വിദ്യാഭ്യാസ യോഗ്യതയോ പേഴ്സണാലിറ്റിയോ ഒന്നുമില്ലെങ്കിലും മാസം മാന്യമായി ജോലിചെയ്ത് ഒട്ടും മോശമല്ലാത്ത ശമ്പളം വാങ്ങുന്നകുറച്ചധികം സ്ത്രീകളുണ്ട്. അദ്ധ്വാനിക്കാനുളള, തളരാത്ത മനസുമാത്രമാണ് ഇവർക്ക് കൈമുതല്‍. വീട്ടുവേല ചെയ്താണ് ഇവർ തങ്ങളുടെ പേഴ്സ് നിറയ്ക്കുന്നത്.
മാസം മുഴുവൻ എല്ലുമുറിയെ പണിയണം. ശമ്പളമായി ആയിരമോ രണ്ടായിരമോ തരും. ഒപ്പം എല്ലാദിവസവും വീട്ടില്‍ മിച്ചംവരുന്ന ആഹാരവും. പണ്ട് വീട്ടുവേലക്കാർക്ക് കിട്ടിയിരുന്നത് ഇതായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഇപ്പോള്‍ അതൊക്കെ പഴങ്കഥ. മണിക്കൂറിനാണ് കൂലി. ഒരുദിവസം ഒന്നോ രണ്ടോ മണിക്കൂർ മാത്രം ജോലിചെയ്താല്‍ മതി. മാസത്തില്‍ കുറഞ്ഞത് അയ്യായിരം രൂപ അക്കൗണ്ടിലെത്തും. ഒരിടത്തെ ജോലികഴിഞ്ഞ് വേറൊരു വീട്ടില്‍ പോകാം. അവിടെനിന്നും ഇതുപോലെ കിട്ടും.രാവിലെ രണ്ടുവീട്ടിലെ ജോലികഴിഞ്ഞ് വലിയ ഫ്ലാറ്റുകളിലും ഓഫീസുകളിലും ജോലിക്കുപോകുന്നവരുണ്ട്.
ഓഫീസിലെ ജോലികഴിഞ്ഞ് വീണ്ടും ഒരുവീട്ടില്‍ക്കൂടി ജോലിക്കുപോയശേഷമായിരിക്കും ഇവർ സ്വന്തം വീട്ടിലേക്ക് മടങ്ങുന്നത്. ഏറ്റവും കുറഞ്ഞത് മുപ്പതിനായിരം രൂപ മാസാവസാനം ഇവരുടെ അക്കൗണ്ടിലെത്തും.
രാവിലെ നാലുമണിയോടെയാണ് ഇവരുടെ ഒരുദിവസം തുടങ്ങുന്നത്. വീട്ടുകാർക്കുള്‍പ്പെടെ ആഹാരവും ഉണ്ടാക്കി കുളിയും കഴിഞ്ഞ് അഞ്ചുമണികഴിയുമ്പോള്‍ വീട്ടില്‍ നിന്നിറങ്ങും. സമയലാഭത്തിനായി സ്കൂട്ടറിലാണ് യാത്ര. ബസിലെ യാത്ര അലച്ചിലാണെന്നും യഥാസമയം എത്തിച്ചേരാനാകില്ലെന്നുമാണ് ഇവർ പറയുന്നത്.
ഫ്ലാറ്റുകളില്‍ താമസിക്കുന്ന കുടുംബങ്ങളാണ് ഇത്തരക്കാരുടെ സേവനം കൂടുതല്‍ തേടുന്നത്. ആറുമണിയാകുന്നതോടെ അടുക്കളയില്‍ ഇവർ കർമ്മ നിരതരാകും. തലേദിവസത്തെ പാത്രങ്ങള്‍ കഴുകിക്കൊണ്ടാണ് തുടക്കം. അത് കഴിഞ്ഞ് പാചകത്തിലേക്ക് കടക്കും. അമ്മയും അച്ഛനും മകൻ അല്ലെങ്കില്‍ മകള്‍ അങ്ങനെ മൂന്നുപേരായിരിക്കും മിക്കയിടങ്ങളിലെയും താമസക്കാർ. അഞ്ചും ആറുംപേരുള്ള സ്വന്തം കുടുംബങ്ങളില്‍ വച്ചുവിളമ്പുന്ന തങ്ങള്‍ക്ക് മൂന്നുപേർക്ക് ആഹാരം ഉണ്ടാക്കുക വളരെ നിസാരം.
നാടൻ രുചികളുടെ ചേരുവകള്‍ കൂടി ഭക്ഷണത്തില്‍ കലർത്തുമ്പോള്‍ വീട്ടുകാർക്ക് പെരുത്തിഷ്ടമാകും. പാചകം കഴിഞ്ഞ് ആഹാരസാധനങ്ങള്‍ ടിഫിൻ ബോക്സുകളിലും കഴിക്കാനുളള പാത്രങ്ങളിലേക്കും മാറ്റുന്നതോടെ ജോലിയുടെ പ്രധാന ഭാഗം കഴിയും. പിന്നെ പാചകത്തിന് ഉപയോഗിച്ച പാത്രങ്ങള്‍ വൃത്തിയാക്കുന്ന ജോലിമാത്രമാണ്. അതുംകഴിഞ്ഞ് അടുക്കളയും വീടും വൃത്തിയാക്കി ആ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ ക്ലോക്കിലെ സൂചി എട്ടുമണിയോട് അടുത്തിട്ടേ ഉണ്ടാവുളളൂ. പിന്നെ ഒട്ടുംവൈകാതെ അടുത്ത വീട്ടിലേക്ക് .