
പമ്പ: ആഗോള അയ്യപ്പ സംഗമം ഇന്ന് നടക്കും. പമ്പാ തീരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യുക.
രാവിലെ ആറിന് പ്രതിനിധികളുടെ രജിസ്‌ട്രേഷൻ ആരംഭിക്കും. ദേവസ്വം മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷനാകും. തമിഴ്നാട് ഹിന്ദുമത ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പ് മന്ത്രി പി.കെ. ശേഖർബാബു, ഐ.ടി മന്ത്രി പളനിവേൽ ത്യാഗരാജൻ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും.
പ്രതിനിധികളുടെ രജിസ്‌ട്രേഷനെ തുടർന്ന് 8.30 മുതൽ 9.30 വരെ ഗായകസംഘത്തിന്റെ അയ്യപ്പ ഭജനയാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ പ്രാർത്ഥനയോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അയ്യപ്പ സംഗമത്തിനായുള്ള ക്ഷണം തമിഴ്നാട് സർക്കാർ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിലെ മറ്റ് ക്ഷണിതാക്കൾ. ആഗോള അയ്യപ്പ സംഗമത്തിൽ നിന്ന് തമിഴ്നാട് ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങൾ പിൻവാങ്ങിയതിന് പിന്നിൽ ചില താൽപര്യങ്ങൾ ഉണ്ടെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് പറയുന്നത്.
കേരളത്തിലെ പ്രതിപക്ഷവും ബി ജെ പിയും അയ്യപ്പ സംഗമം ബഹിഷ്കരിച്ചിട്ടുണ്ട്. ബഹിഷ്കരിക്കുന്ന പ്രതിപക്ഷം ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുമെന്നാണ് ദേവസ്വം മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടത്.
പാനൽ ചർച്ചയ്ക്ക് പ്രമുഖർ
ഉദ്ഘാടന സമ്മേളനത്തിന് ശേഷം പ്രധാന വേദിയായ തത്ത്വമസിയിൽ ശബരിമല മാസ്റ്റർ പ്ലാൻ ചർച്ച. തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിലെ പ്രൊഫ. ബെജെൻ എസ്. കോത്താരി, ഡോ. പ്രിയഞ്ജലി പ്രഭാകരൻ, മുൻ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാർ എന്നിവർ നയിക്കും.
ആത്മീയ ടൂറിസം സർക്യൂട്ട് സെഷൻ രണ്ടാം വേദിയായ ശ്രീരാമ സാകേതത്തിൽ. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ, ടൂറിസം സെക്രട്ടറി കെ. ബിജു, ട്രാവൽമാർട്ട് സ്ഥാപകൻ എസ്. സ്വാമിനാഥൻ, സോമതീരം ആയുർവേദ ഗ്രൂപ്പ് ചെയർമാൻ ബേബി മാത്യു എന്നിവർ നയിക്കും.
ശബരിമലയിലെ ആൾക്കൂട്ട നിയന്ത്രണവും തയ്യാറെടുപ്പുകളും എന്ന വിഷയത്തിൽ ഹിൽടോപ്പിലെ മൂന്നാമത്തെ വേദിയിലെ ചർച്ച മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, എ.ഡി.ജി.പി എസ്. ശ്രീജിത്ത്, ആലപ്പുഴ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ബി. പത്മകുമാർ എന്നിവർ നയിക്കും. റവന്യു (ദേവസ്വം) വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം സമീപന രേഖ അവതരിപ്പിക്കും