video
play-sharp-fill
ഭർത്താവിനെ കാണാനില്ല ; നടി ആശാ ശരത്തിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി

ഭർത്താവിനെ കാണാനില്ല ; നടി ആശാ ശരത്തിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി

സ്വന്തം ലേഖിക

‘എവിടെ’ സിനിമയുടെ വ്യത്യസ്ത പ്രൊമോഷൻ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ നടി ആശാ ശരത്തിനെതിരെ പരാതിയുമായി അഭിഭാഷകൻ രംഗത്ത്.പ്രൊമോഷൻ എന്ന പേരിൽ കട്ടപ്പന പൊലീസ് സ്റ്റേഷനെ ഉൾപ്പെടുത്തി വ്യാജ പ്രചാരണം നടത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് ഇടുക്കി ജില്ല പൊലീസ് മേധാവിക്ക് അഭിഭാഷകനായ ശ്രീജിത്ത് പെരുമന പരാതി നൽകിയത്.
ശ്രീജിത്ത് പെരുമന പറയുന്നത് ഇങ്ങനെ:
സിനിമ പ്രൊമോഷൻ എന്നപേരിൽ സംസ്ഥാനത്തെ ഒരു പോലീസ് സ്റ്റേഷനെ ഉൾപ്പെടുത്തി വ്യാജ പ്രചാരണം നടത്തിയ അഭിനേത്രി ആശ ശരത്തിനെതിരെ പരാതി നൽകി.സാമൂഹിക മധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ വിവിധ ഹൈക്കോടതികൾ നിലപാടുകൾ എടുത്തിട്ടുള്ള ഘട്ടത്തിലും, സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ അടിയന്തിരമായി നിയന്ത്രിക്കണമെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാറ്റിങ് മന്ത്രി ലോക്സഭയിൽ പ്രസ്താവിച്ച അതേ ദിവസം തന്നെ പരസ്യത്തിനായി പോലീസ് വകുപ്പിനെ ഉൾപ്പെടെ ബന്ധപ്പെടുത്തി നടത്തിയ വ്യാജ വീഡിയോ അപകടകരമായ സാഹചര്യം സൃഷ്ട്ടിക്കുമെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചു.നിസാരമെന്ന് തോന്നിക്കുമെങ്കിലും വിഷയത്തിന്റെ ഗൗരവം ഇടുക്കി അഡീഷണൽ പോലീസ് സൂപ്രണ്ട് മുഹമ്മദ് ഷാഫി ഐപി എസിനെ നേരിട്ട് വിളിച്ച് അറിയിച്ചു. കട്ടപ്പന പോലീസിനെ ഉൾപ്പെടെ അറിയിച്ച് ആവശ്യ നടപടിയുണ്ടാകും എന്നദ്ദേഹം അറിയിച്ചു.
പരാതിയുടെ പൂർണ്ണരൂപം താഴെ കൊടുക്കുന്നു.
ബഹു. ഇടുക്കി ജില്ല പോലീസ് മേധാവി മുമ്പാകെ സമപർപ്പിക്കുന്ന പരാതി

വിഷയം : പോലീസിന്റെ ഔദ്യോദിക കൃത്യ നിർവഹണത്തെ വഴിതെറ്റിക്കുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയത് സംബന്ധിച്ചത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർ,

ആശ ശരത്ത് എന്ന് പേരായ അഭിനേത്രി ഒരു സ്ത്രീ ഇന്നലെ 03-07-2019 നു അവരുടെ വേരിഫൈഡ് ഫെയിസ്ബുക്ക് പേജിലൂടെ ഒരു വീഡിയോ ഷെയർ ചെയ്തിരുന്നു. തലക്കെട്ടുകളോ, മറ്റ് വിവരങ്ങളോ ഇല്ലാതെ പോസ്റ്റ് ചെയ്ത വീഡിയോയിൽ തന്റെ ഭർത്താവിനെ കാണാനില്ലെന്നും, തിരഞ്ഞുകൊണ്ടിരിക്കുകയാണെന്നും എത്രയും പെട്ടന്ന് കണ്ടെത്താൻ ജനങ്ങൾ സഹായിക്കണമെന്നും, ഭർത്താവിനെ കണ്ടുകിട്ടുന്നവർ ‘കട്ടപ്പന’ (ഇടുക്കി) പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നുമായിരുന്നു ഇടറുന്ന ശബ്ദത്തോടെ പറഞ്ഞത്.തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ പ്രസ്തുത വാർത്തയും വീഡിയോയും വ്യാപകമായി സാമൂഹിക മാധ്യമങ്ങളിലൂടെയും ഇന്റർനെറ്റിലും പ്രചരിക്കുകയുണ്ടായി. പ്രസ്തുത വീഡിയോക്ക് കീഴിൽ നിരവധിയായ കമന്റുകളും പിന്തുണയും ലഭിച്ചു. എന്നാൽ അൽപ സമയത്തിന് ശേഷം വീഡിയോ ഒരു പരസ്യമാണെന്നും, അവർ അഭിനയിച്ച സിനിമയുടെ പ്രചാരണത്തിന് വേണ്ടി നിർമ്മിച്ചതാണെന്നും ചൂണ്ടിക്കാണിച്ച് പോസ്റ്റ് ചെയ്ത വീഡിയോയുടെ തലക്കെട്ട് എഡിറ്റ് ചെയ്യുകയായിരുന്നു.എന്നാൽ പോസ്റ്റ് ചെയ്ത് 17 മണിക്കൂറുകൾ കഴിഞ്ഞിട്ടും ഈ വ്യാജ വാർത്ത മെസേജിങ് ആപ്പിക്കേഷനുകളിലും, സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുകയാണ്.തന്റെ ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് പരസ്യമായി രംഗത്ത് വരികയും സംസ്ഥാനത്തെ ഒരു പോലീസ് സ്റ്റേഷന്റെ പേര് എടുത്ത് പറഞ്ഞ ശേഷം പ്രസ്തുത പോലീസ് സസ്റ്റേഷനിലേക്ക് വിവരങ്ങൾ അറിയിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടതും ഗുരുതരമായ കുറ്റമാണ്. കട്ടപ്പന പോലീസ് സ്റ്റേഷനിലെ ഫോൺ നമ്പറും, സ്ത്രീയുടെ ഭർത്താവിന്റെ ചിത്രവും വെച്ചുകൊണ്ട് നിരവധി അഭ്യർത്ഥനകൾ ലുക്ക് ഔട്ട് നോട്ടീസ് എന്നതുപോലെ പ്രചരിക്കുന്നുണ്ട്.സിനിമയുടെ ആവശ്യത്തിനായോ, പരസ്യങ്ങളുടെ ആവശ്യത്തിനായോ പോലീസ് വകുപ്പ് പോലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന ഏറ്റവും സെൻസിറ്റീവായ വകുപ്പിനെയും, അതിന്റെ പേരും ഔദ്യോദിക വിവരങ്ങളും മുൻകൂർ അനുമതി ഇല്ലാതെ വ്യാജമായി ഉപയോഗപ്പെടുത്തുന്നതും, പോലീസിനെ മിസ്‌ഗൈഡ് ചെയ്യുന്ന രീതിയിൽ വ്യാജ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിക്കുന്നതും ഇന്ത്യൻ പീനൽകോഡിലെ 107, 117, 182 തുടങ്ങിയ വിവിധ വകുപ്പുകളും, ഐടി ആക്റ്റിലെ വിവിധ വകുപ്പുകളും, ക്രിമിനൽ പ്രൊസീജ്യർ കോഡിലെ വകുപ്പുകളും, കേരള പോലീസ് ആക്റ്റിലെ വകുപ്പുകളും പ്രകാരം കുറ്റകരമാണ്.
ഭരണഘടന അനുവദിക്കുന്ന മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യവും ന്യായമായ നിയന്ത്രങ്ങൾക്ക് വിധേയമാണെന്നും, സ്റ്റേറ്റിന്റെ അഖണ്ഡതയ്ക്കും, സുരക്ഷയ്ക്കും, പബ്ലിക്ക് ഓർഡറിനും എതിരാകുന്ന പക്ഷം അത്തരം ആവിഷ്‌ക്കാര സ്വാതന്ത്ര്യം നിയന്ത്രിതവും, കുറ്റകരവുമാകുമെന്നും ബഹു സുപ്രീംകോടതി വിവിധ കേസുകളിൽ വ്യക്തമാക്കിയിട്ടുള്ളതാണ്.സമൂഹത്തിൽ അറിയപ്പെടുന്ന ഒരു സെലിബ്രേറ്റികൂടിയായ ആശ ശരത്ത് എന്ന സ്ത്രീ സിനിമയുടെ പരസ്യത്തിനായി അനുമതിയില്ലാതെ നടത്തിയ വ്യാജ പ്രചാരണവും, പോലീസിന്റെ കൃത്യ നിർവഹണത്തെ വഴിതെറ്റിച്ചതും അങ്ങേയറ്റം സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നതിനാലും, സമൂഹത്തിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതിനും, പൊലീസിലുള്ള ഉത്തമ വിശ്വാസം നഷ്ടപ്പെടുത്തുന്നതിനും, കുറ്റകൃത്യങ്ങൾക്ക് പ്രചോദനമാകും എന്നതിനാലും പൊതുതാത്പര്യം മുൻനിർത്തിയാണ് ഈ പരാതി നൽകുന്നത്. ആയതിനാൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തി വ്യാജ പ്രചാരണം നടത്തിയ വ്യക്തിയെ മാതൃകാപരമായി ശിക്ഷിക്കണമെന്നും, പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ നിന്നും നീക്കം ചെയ്യാനുള്ള നടപടികളും, കട്ടപ്പന പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിക്കണം എന്ന വ്യാജ പ്രചാരണമുള്ള വീഡിയോ ആശ ശരത്തിന്റ ഫെയിസ്ബുക്ക് പേജിൽ നിന്നും നീക്കം ചെയ്യാൻ ആവശ്യപ്പെടണമെന്നും വിനീതമായി അപേക്ഷിക്കുന്നു.

വിശ്വസ്ഥതയോടെ
അഡ്വ ശ്രീജിത്ത് പെരുമന

Enclosures :-

1. പരാതിക്ക് കാരണമായ വീഡിയോയുടെ പകർപ്പ്

2. എതിർകക്ഷിയുടെ ഫെയിസ്ബുക്ക് പേജിന്റെ ലിങ്ക്

3. സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളുടെ പോസ്റ്ററുകൾ.

വാൽ: ഈ വിഡിയോ ആദ്യം കണ്ടപ്പോൾ ഞാനും തെദ്ധരിക്കപ്പെട്ടിരുന്നു.