
ആലപ്പുഴ: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന അഞ്ചാമത് ചാമ്പ്യൻസ് ബോട്ട് ലീഗിന് ആലപ്പുഴയിൽ തുടക്കാം.വാശിയേറിയ ആദ്യ മത്സരത്തില്‍ വീയപുരം വില്ലേജ് ബോട്ട് ക്ലബ് (പ്രൈഡ് ചേസേഴ്സ്) തുഴഞ്ഞ വീയപുരം ചുണ്ടന്‍ വിജയിച്ചു.
ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ പ്രചരണാര്‍ഥം ലോക രാജ്യങ്ങളില്‍ കേരള ടൂറിസത്തിന്‍റെ നേതൃത്വത്തില്‍ പ്രത്യേക പ്രചാരണ പരിപാടികള്‍ നടത്തുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിന്‍റെ പ്രചരണത്തിന് മാത്രമായി പ്രത്യേകം മൈക്രോ സൈറ്റ് ടൂറിസം വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
മത്സരിക്കുന്ന ക്ലബുകള്‍, വള്ളങ്ങളുടെ ചരിത്രം, വേദികളുടെ സാംസ്ക്കാരിക പാരമ്പര്യം തുടങ്ങി സമഗ്രമായ വിവരങ്ങളാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഭാവിയില്‍ ഹോട്ടല്‍ ബുക്കിംഗ് അടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ സമന്വയിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പള്ളാത്തുരുത്തി ബോട്ട് ക്ലബിന്‍റെ നാല് സീസണായി തുടര്‍ന്നു വരുന്ന അപ്രമാദിത്യത്തിന് ഇക്കുറി സിബിഎല്ലിലെ ആദ്യമത്സരത്തില്‍ തന്നെ അന്ത്യം കുറിച്ചു കൊണ്ടാണ് നെഹ്റു ട്രോഫി ചാമ്പ്യന്‍മാര്‍ കൂടിയായ വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം മിന്നുന്ന വിജയം കരസ്ഥമാക്കിയത്.
കഴിഞ്ഞ നാല് സീസണിലും പിബിസിയുടെ തന്ത്രങ്ങള്‍ തിരിച്ച് പ്രയോഗിച്ചാണ് വിബിസിയുടെ വിജയം. ആദ്യ പകുതിയില്‍ പതിഞ്ഞും, അവസാന പകുതിയില്‍ വര്‍ധിത വീര്യത്തോടും കൂടിയായിരുന്നു അവരുടെ മുന്നേറ്റം. 32 മൈക്രോ സെക്കന്‍റുകള്‍ക്ക് (3.33.34 മിനിറ്റ്) വീയപുരം ചുണ്ടന്‍ ഫിനിഷ് ചെയ്തു.
പള്ളാത്തുരുത്തി ബോട്ട് ക്ലബ് (ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) തുഴഞ്ഞ മേല്‍പാടം ചുണ്ടന്‍ (3.33.62 മിനിറ്റ്) രണ്ടാമതെത്തിയപ്പോള്‍ നിരണം ബോട്ട് ക്ലബ് (സൂപ്പര്‍ ഓര്‍സ്) തുഴഞ്ഞ നിരണം ചുണ്ടന്‍ (3.33.68 മിനിറ്റ്) മൂന്നാം സ്ഥാനം കരസ്ഥമാക്കി.
പായിപ്പാടന്‍ (കുമരകം ടൗണ്‍ ബോട്ട് ക്ലബ്-ബാക്ക് വാട്ടേഴ്സ് വാരിയേഴ്സ്) നാല്, ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്-ബാക്ക് വാട്ടര്‍ ഷാര്‍ക്ക്സ്) അഞ്ച്, കാരിച്ചാല്‍ (കാരിച്ചാല്‍ ചുണ്ടന്‍ ബോട്ട് ക്ലബ്-കെസിബിസി-തണ്ടര്‍ ഓര്‍സ്) ആറ്, നടുഭാഗം ചുണ്ടന്‍ (പുന്നമട ബോട്ട് ക്ലബ്-റിപ്പിള്‍ ബ്രേക്കേഴ്സ്) ഏഴ്, ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്-വേവ് ഗ്ലൈഡേഴ്സ്) എട്ട്, നടുവിലെ പറമ്പന്‍ (ഇമ്മാനുവേല്‍ ബോട്ട് ക്ലബ്-ചുണ്ടന്‍ വാരിയേഴ്സ്) ഒമ്പത് എന്നിങ്ങനെയാണ് ഫൈനല്‍ നില.