പാകിസ്ഥാന് പണിവരുന്നു, ഏഷ്യാ കപ്പ് ബഹിഷ്കരണ ഭീഷണിയില്‍ കര്‍ശന നടപടിക്കൊരുങ്ങി ഐസിസി

Spread the love

ദുബായ്: ഏഷ്യാ കപ്പിലെ ഹസ്തദാന വിവാദത്തില്‍ ബഹിഷ്കരണ ഭീഷണി മുഴക്കിയ സംഭവത്തില്‍ പാകിസ്ഥാനെതിരെ നടപടിക്കൊരുങ്ങി ഐസിസി. ടൂര്‍ണമെന്‍റിലെ പെരുമാറ്റചട്ടങ്ങള്‍ ലംഘിച്ചുവെന്ന പരാതിയില്‍ വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് ഐസിസി പാക് ക്രിക്കറ്റ് ബോര്‍ഡിനെതിരെ നടപടിക്കൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. കളിക്കാരുടെയും മാച്ച് ഒഫീഷ്യല്‍സിന്‍റെയും കാര്യത്തില്‍ തുടര്‍ച്ചയായി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഐസിസി സിഇഒ സൻജോഗ് ഗുപ്ത പാക് ക്രിക്കറ്റ് ബോര്‍ഡിനോട് വിശദീകരണം തേടി ഇ മെയില്‍ അയച്ചു.

യുഎഇക്കെതിരായ മത്സര ദിവസം, പാക് ടീം കളിക്കാരുടെയും മാച്ച് ഒഫീഷ്യല്‍സിന്‍റെയും കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടും തുടര്‍ച്ചയായി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിലാണ് ഐസിസി അന്വേഷണം നടത്തുന്നത്. മത്സരത്തിന് മുമ്പ് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് പാക് ക്യാപ്റ്റൻ സല്‍മാന്‍ ആഘയെയും കോച്ച് മൈക്ക് ഹെസ്സണെയും കണ്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്‍റെ വീഡിയോ ചിത്രീകരിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും പാക് മീഡിയ മാനേജര്‍ ഇത് ചിത്രീകരിക്കുകയും പൈക്രോഫ്റ്റ് മാപ്പു പറഞ്ഞുവെന്ന് വ്യക്തമാക്കി ഈ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ ഇടയാക്കുകയും ചെയ്തിരുന്നു.

പൈക്രോഫ്റ്റ് പാക് ക്യാപ്റ്റനോട് മാപ്പ് പറഞ്ഞതിനാലാണ് യുഎഇക്കെതിരായ മത്സരിക്കാന്‍ വൈകിയാണെങ്കിലും പാകിസ്ഥാന്‍ തയാറായതെന്നായിരുന്നു പാക് ബോര്‍ഡ് വിശദീകരിച്ചത്. എന്നാല്‍ ഇന്ത്യക്കെതിരായ മത്സരത്തിലെ ടോസ് സമയത്ത് താനുമായി ബന്ധപ്പെട്ട് പാക് ടീമിനുണ്ടായ തെറ്റിദ്ധാരണയും ആശയവിനിമയത്തിലെ പ്രശ്നങ്ങളും മാറ്റാന്‍ വേണ്ടി മാത്രമായിരുന്നു മത്സരത്തിന് മുമ്പ് പൈക്രോഫ്റ്റ് പാക് ടീമുമായി കൂടിക്കാഴ്ച നടത്തിയതെയെന്നും അല്ലാതെ പാക് ടീം പറയുന്നതുപോലെ മാപ്പുപറയാനല്ലെന്നുമാണ് ഐസിസിയുടെ നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ ഗ്രൂപ്പ് മത്സരത്തില്‍ ടോസിനുശേഷം ഇന്ത്യൻ ക്യാപ്റ്റനുമായി ഹസ്തദാനം നടത്തരുതെന്ന് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയോട് നിര്‍ദേശിച്ച പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കില്‍ യുഎഇക്കെതിരായ മത്സരത്തില്‍ നിന്നും ഏഷ്യാ കപ്പില്‍ നിന്നും പിന്‍മാറുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍‍ഡ് ഭീഷണി മുഴക്കിയിരുന്നു. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഒരു മണിക്കൂര്‍ താമസിച്ചാണ് യുഎഇ-പാകിസ്ഥാന്‍ മത്സരം തുടങ്ങിയത്. യുഎഇയെ തകര്‍ത്ത് പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലെത്തുകയും ചെയ്തു. സൂപ്പര്‍ ഫോറില്‍ ഞായറാഴ്ച ഇന്ത്യയുമായി പാകിസ്ഥാന് വീണ്ടും മത്സരിക്കാനിറങ്ങണം.