
തിരുവനന്തപുരം : പുഞ്ചക്കരി പേരകം ജംഗ്ഷന് സമീപം വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ചു. ശരണ്യ- ശങ്കർ ദമ്പതികൾ തിരുവല്ലം പുഞ്ചക്കരി പേരകത്ത രഞ്ചുവിഹാറിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന് മുന്നിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. മഹീന്ദ്ര ബൊലേറോ , മാരുതി വാഗണർ കാറുകളാണ് കത്തി നശിച്ചത്. ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് ശരണ്യയും മക്കളും വീട് വിട്ടു നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ വാഹനം കത്തിക്കുന്നതിനായി ശങ്കറെത്തിയെന്ന് ശരണ്യ തിരുവല്ലം പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് പൊലീസ് സംഭവ സ്ഥലത്ത് എത്തുമ്പോൾ വീടിനു മുന്നിലെ രണ്ട് വാഹനങ്ങൾ തീപിടിച്ച് കത്തുന്ന നിലയിലായിരുന്നു. വിവരമറിഞ്ഞ് വിഴിഞ്ഞത്ത് നിന്നും എത്തിയ ഫയർഫോഴ്സ് വാഹനങ്ങളിലെയും വീടിനുള്ളിലെയും തീ പൂർണമായും കെടുത്തി. ഇതിനിടെ സമീപം ഉണ്ടായിരുന്ന സ്കൂട്ടറും സൈക്കിളുകളും കത്തി നശിക്കാതിരിക്കാൻ പൊലീസ് നടപടി സ്വീകരിച്ചു. രണ്ടു വാഹനങ്ങൾക്ക് സമീപം പേപ്പർ ബുക്ലെറ്റുകൾ കൂട്ടിയിട്ട് കത്തിച്ചാണ് തീ പടർത്തിയതെന്നാണ് സംശയം. ഹാളിലെ ബുക്ക് ഷെൽഫിലേക്കും തീ പടർന്നിരുന്നു.
ശങ്കര്‍ വീട്ടിലെത്തിയത് മകളെ കാണണമെന്ന് പറഞ്ഞ്
മകളെ കാണണമെന്ന് പറഞ്ഞാണ് ശങ്കര്‍, ശരണ്യയുടെ വീട്ടിലെത്തുന്നത്. വീട്ടുകാര്‍ വിസമ്മതിച്ചതോടെ തിരികെപ്പോയ ഇയാള്‍ പുലർച്ചയോടെ തിരിച്ചെത്തി കാറുകള്‍ക്ക് തീയിട്ടുവെന്നാണ് നിഗമനം. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ ശരണ്യയുടെ ഭർത്താവ് ശങ്കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊട്ടിത്തെറിക്കുന്ന അവസ്ഥയിൽ തീപടർന്നിരുന്ന വാഹനങ്ങൾ അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം ഒരു മണിക്കൂറെടുത്താണ് തീയണച്ചത്. നേരത്തെയും ഇയാൾ ബൈക്കിന് തീവെച്ചതായും നാട്ടുകാർ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group