
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന്റെ ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി. 3000ത്തിലധികം പ്രതിനിധികൾ അയ്യപ്പസംഗമത്തിൽ പങ്കെടുക്കും.നാളെ രാവിലെ 9.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
3 സെഷനുകളായാണ് ചർച്ചകൾ സംഘടിപ്പിക്കുക. ആഗോള അയ്യപ്പ സംഗമത്തിൽ വിവിഐപികൾ അടക്കം 3000ത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. ശബരിമല മാസ്റ്റർ പ്ലാൻ ഉൾപ്പെടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ സ്പോൺസർമാരുടെ സഹായം തേടുമെന്ന് ദേവസ്വം മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമല മാസ്റ്റർ പ്ലാൻ, തീർത്ഥാടക ടൂറിസം, തിരക്ക് നിയന്ത്രണത്തിനുള്ള മാർഗങ്ങൾ എന്നിവയിൽ ആണ് പ്രധാന ചർച്ച.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പമ്പ ഹിൽടോപ് പാർക്കിങ് ഗ്രൗണ്ടിൽ നിന്നു ഗണപതികോവിലിലേക്കു സുരക്ഷാ പാലം (50 കോടി), സന്നിധാനത്ത് പുതിയ പ്രസാദ മണ്ഡപം , തന്ത്രി, മേൽശാന്തി മഠങ്ങൾ ഉൾപ്പെടെയുള്ള തിരുമുറ്റം വികസനം, പിൽഗ്രിം അമിനിറ്റി സെന്റർ (9.95 കോടി), നിലയ്ക്കൽ അടിസ്ഥാന താവളത്തിൽ സുരക്ഷാ ഇടനാഴി, റോഡുകളെ പരസ്പരം ബന്ധിപ്പിക്കുന്ന പാലങ്ങൾ, (180 കോടി), അന്നദാന മണ്ഡപം ഉൾപ്പെടെ സന്നിധാനത്തെ സന്നിധാനത്തെ പ്രധാന കെട്ടിടങ്ങൾക്ക് അഗ്നിരക്ഷാ സംവിധാനങ്ങൾ ഒരുക്കൽ ( 5 കോടി) എന്നിവയാണ് പ്രധാനമായും ചർച്ച ചെയ്യുന്ന പദ്ധതികൾ.
നിർമാണം തുടങ്ങുന്നതിനു വേണ്ടി വിശദമായ പദ്ധതി രേഖ (ഡിപിആർ) തയാറാക്കിയതിനാലാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്.2018ലെ മഹാപ്രളയത്തിൽ ശബരിമലയിൽ നിറപുത്തരിക്കുള്ള നെൽക്കതിരുകൾ എത്തിക്കാൻ ബുദ്ധിമുട്ട് നേരിട്ടു.
ഇത് പരിഗണിച്ചു വലിയ വെള്ളപ്പൊക്കം ഉണ്ടായാലും പമ്പയിൽ നിന്നു സന്നിധാനത്തേക്ക് സാധനങ്ങൾ എത്തിക്കുന്നതിനും തീർഥാടകർക്കു പോകുന്നതിനും തടസ്സങ്ങൾ ഉണ്ടാകാതിരിക്കാനാണു പമ്പ ഹിൽടോപ് പാർക്കിങ് ഗ്രൗണ്ടിൽ നിന്നു ഗണപതികോവിലിലേക്കു സുരക്ഷാ പാലം നിർമിക്കുന്നത് .
138 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള പാലമാണ് ഉദ്ദേശിക്കുന്നത്.. ഇതിന് ഇരുവശത്തും 2 മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ട്. ബെംഗളൂരു ആസ്ഥാനമായ ഫേസ്ആർക്കാണ് പദ്ധതി രേഖ തയാറാക്കിയത്.
വാസ്തു ശാസ്ത്ര പ്രകാരം സന്നിധാനത്തിലെ പുതിയ പ്രസാദ മണ്ഡപം, തിരുമുറ്റം വിസ്തൃതി കൂട്ടൽ, തന്ത്രി, മേൽശാന്തി മഠങ്ങൾ , ദേവസ്വം ഓഫിസ്, പിൽഗ്രിം അമിനിറ്റി സെന്റർ എന്നിവ ഉൾപ്പെടുന്ന സമുച്ചയമാണ് മറ്റൊന്ന്. നിലയ്ക്കൽ അടിസ്ഥാന താവള വികസനത്തിനായി 180 കോടിയുടെ വലിയ പദ്ധതിയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
പാർക്കിങ് ഗ്രൗണ്ടുകൾ, ഓഫിസ്, പിൽഗ്രിം സെന്ററുകൾ എന്നിവയെ ബന്ധിപ്പിച്ച് 9 കിലോമീറ്റർ പുതിയ റോഡ്, സുരക്ഷാ ഇടനാഴി, ഉയരം കുറഞ്ഞ സ്ഥലങ്ങളിൽ പാലം തുടങ്ങിയവയാണ് ലക്ഷ്യമിട്ടിട്ടുള്ളത്.സുപ്രീംകോടതി നിർദേശ പ്രകാരം സർക്കാർ സഹായത്തോടെ 2006ൽ ആണ് ശബരിമല മാസ്റ്റർ പ്ലാൻ തയാറാക്കിയത്.
2007ൽ സംസ്ഥാന സർക്കാർ മാസ്റ്റർ പ്ലാൻ അംഗീകരിച്ചു. മാസ്റ്റർ പ്ലാൻ പദ്ധതികൾ നടപ്പാക്കാൻ 2009ൽ ഹൈക്കോടതി ഉന്നതാധികാര സമിതി രൂപീകരിച്ചു. എന്നാൽ ഇക്കോ സ്മാർട് തയാറാക്കിയ പ്ലാനിൽ നിരവധി പോരായ്മകൾ ഉണ്ടായിരുന്നതിനാൽ മാസ്റ്റർ പ്ലാൻ കമ്മിറ്റി പൂർണമായും അംഗീകരിച്ചില്ല. തുടർന്ന് തിരുവനന്തപുരം എൻജിനീയറിങ് കോളജ് തയാറാക്കിയ പദ്ധതിയാണ് അംഗീകരിച്ച് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തിനു ശേഷം മുൻചീഫ് സെക്രട്ടറി കെ.ജയകുമാറാണ് മാസ്റ്റർ പ്ലാൻ ചർച്ചയിൽ മോഡറേറ്റർ. ഉന്നതാധികാര സമിതി അംഗങ്ങൾ, നയരൂപീകരണ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കുന്ന ചർച്ചയിൽ പ്രതിനിധികൾക്ക് നിർദേശങ്ങൾ എഴുതി നൽകാം.




