ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിക്കുമ്പോൾ ഓഡിയോ ഓഫ് ചെയ്യരുത്; നിർദ്ദേശവുമായി മോട്ടോർ വാഹനവകുപ്പ്

Spread the love

തിരുവനന്തപുരം: വാഹനം ഓടിക്കുമ്പോൾ ഗൂഗിൾ മാപ്പ് പോലുള്ള നാവിഗേഷൻ ആപ്പുകൾ വെറും ദൃശ്യമായി നോക്കുന്നതിനേക്കാൾ, അതിന്റെ ഓഡിയോ നിർദ്ദേശങ്ങൾ പ്രവർത്തനക്ഷമമാക്കുന്നത് സുരക്ഷിത യാത്രയ്ക്കു സഹായകരമാകുമെന്ന് മോട്ടോർവാഹന വകുപ്പ്. അപരിചിതമായ ഇടങ്ങളിലെത്താൻ പലരും ഇന്ന് കൂടുതലും ആശ്രയിക്കുന്നത് ഇത്തരം നാവിഗേഷൻ മാപ്പുകളെയാണ്.

വാഹനത്തിന്‍റെ ഡാഷ് ബോർഡിലെ സ്ക്രീനിലോ മൊബൈൽ ഫോണിലോ ആണ് നാവിഗേഷൻ ആപ്പുകൾ പ്രവർത്തിപ്പിക്കുന്നത്. എന്നാൽ, ആപ്പുകളിലുള്ള ഓഡിയോ പ്രവർത്തിപ്പിക്കാൻ മിക്കവരും താത്പര്യം പ്രകടിപ്പിക്കാറില്ല.

ഓഡിയോ പ്രവർത്തിപ്പിച്ചാൽ വാഹനത്തിന്റെ ഡാഷ് ബോർഡിലെയോ മൊബൈലിലെയോ സ്ക്രീനിൽ ഓൺ ആക്കിയിരിക്കുന്ന നാവിഗേഷൻ ആപ്പുകൾ നോക്കാതെ വരാനിരിക്കുന്ന വളവുകൾ, ട്രാഫിക് പോയിന്റുകൾ, അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ, വേഗമേറിയ റോഡിനായുള്ള നിർദേശങ്ങൾ തുടങ്ങിയവ ഡ്രൈവർക്ക് സമയബന്ധിതമായി ലഭിക്കും. ഇത് കൂടുതൽ ശ്രദ്ധയോടും കാര്യക്ഷമമായും വാഹനം ഓടിക്കാൻ സഹായിക്കുമെന്ന് വാഹനവകുപ്പ് വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഡിയോ സംവിധാനം ഉപയോഗിക്കാതെ നാവിഗേഷൻ ആപ്പുകൾ ഉപയോഗിക്കുമ്പോൾ, സ്ക്രീനിലേക്കോ മൊബൈലിലേക്കോ നിരന്തരം ശ്രദ്ധ തിരിക്കുന്നത് ഡ്രൈവിങ്ങിലെ ഏകാഗ്രത കുറയ്ക്കുമെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പു നല്‍കുന്നു. യാത്രയ്ക്കിടെ ആപ്പുകൾ കൈകാര്യം ചെയ്യുന്നതിനായി സ്റ്റിയറിംഗിൽ നിന്ന് കൈ മാറ്റുന്നത് അപകട സാധ്യത വർധിപ്പിക്കുന്നതിനാലാണ് മുന്നറിയിപ്പ്. അതിനാൽ റോഡിലെ കാഴ്ചകൾ മറയ്ക്കാതെയും ശ്രദ്ധ മാറാതെയും നോക്കാവുന്ന രീതിയിൽ നാവിഗേഷൻ സംവിധാനങ്ങൾ വാഹനങ്ങളിൽ സ്ഥിരമായി ഘടിപ്പിക്കണമെന്ന് വകുപ്പ് നിർദേശിക്കുന്നു.