പ്രാതലിന് പച്ചരികൊണ്ട് ‘ചെപ്പി സുർന്നളി’ തയ്യാറാക്കാം

Spread the love

പ്രാതലിനു നല്ല ചൂട് ദോശക്കൊപ്പം നീട്ടിയോ കുറുക്കിയോ ഉള്ള വിവിധ തരം ചമ്മന്തികളും നമ്മൾ ഉണ്ടാക്കാറുണ്ട്. എന്നാൽ സാദാ ഉഴുന്ന് ദോശയിൽ നിന്നും ഒരല്പം മാറി കൊങ്കണികളുടെ വിശേഷ ദോശയായ ‘ ചെപ്പി സുർന്നളി ‘ ആയാലോ? കൂട്ടിന് ആരോഗ്യത്തിന് ഏറ്റവും ഗുണകരമായ കുടങ്ങലിലകൾ കൊണ്ടുള്ള ചമ്മന്തിയും.

സുർന്നളി എന്ന ദോശയിൽ ഉഴുന്ന് ചേർക്കാറില്ല. മാത്രമല്ല ഇതിനു രണ്ട് രുചി ഭേദങ്ങളുമുണ്ട്. ഒന്ന് നല്ല ശർക്കര പാനി ചേർത്ത, മധുരമുള്ള ദോശ. അതാണ്‌ സുർന്നളി. ഇനി ശർക്കര ചേർക്കാതെ ഈ ദോശയുണ്ടാക്കുമ്പോൾ ഇതിനെ ചെപ്പി സുർന്നളിയെന്നും കൊങ്കണിയിൽ വിളിക്കും. ചെപ്പി അല്ലെങ്കിൽ ചെപ്പേ എന്ന് പറഞ്ഞാൽ മധുരമില്ലാത്തത് എന്നാണ് അർത്ഥം.

മറ്റു ദോശകളിൽ നിന്നുമിതിനെ വ്യത്യസ്തമാക്കുന്നത് ഇതിലെ ചേരുവകൾ തന്നെയാണ്. പച്ചരിക്കൊപ്പം തേങ്ങയും അവിലും കൂടാതെ മോര് കൂടെ ചേർക്കും. ചിലർ പച്ചരി കുതിർക്കുന്നത് പോലും മോരിലാണ്. മധുരമിഷ്ടമുള്ളവർ ഇതിൽ നിറയെ ശർക്കര ചേർത്ത് നല്ല സ്വർണ നിറത്തിൽ സുർന്നളിയുണ്ടാക്കും. അതിനൊപ്പം വെണ്ണയാണ് സാധാരണ വിളമ്പുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെപ്പി സുർന്നളിക്കൊപ്പം കൂടുതലും വിളമ്പുക കുടങ്ങലില അരച്ചുള്ള തേങ്ങാ ചമ്മന്തിയാണ്. പാടത്തും പറമ്പിലും കയ്യാലമേലുമൊക്കെ പടർന്നു നിൽക്കുന്ന ആ ഒറ്റയില സുന്ദരന്മാർ തന്നേ. രുചിക്കൊപ്പം ഒരുപാട് പോഷകഗുണം നിറഞ്ഞതാണ് ഈ ഇലകൾ. മുത്താൾ എന്നും വടക്കൻ കേരളത്തിൽ ഇതിനെ വിളിക്കാറുണ്ട്. പ്രാതൽ വിഭവങ്ങളുടെ കൂടെ മാത്രമല്ല ചോറിനൊപ്പവും ഈ ചമ്മന്തി അതീവ രുചികരം തന്നെയാണ്.

ചെപ്പി സുർന്നളിക്ക് വേണ്ട ചേരുവകൾ

പച്ചരി- 3 കപ്പ്‌
തേങ്ങ- ഒന്നര കപ്പ്‌
ഉലുവ- ഒന്നര ടീസ്പൂൺ
അവിൽ- ഒന്നര കപ്പ്‌
തൈര്- ഒരു കപ്പ്‌
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പച്ചരിയും ഉലുവയും കഴുകി മൂന്ന് മണിക്കൂറെങ്കിലും കുതിർത്തു വെയ്ക്കുക. അരയ്ക്കുന്നതിന് 15 മിനുട്ടുകൾ മുൻപേ അവിൽ അല്പം വെള്ളത്തിൽ കുതിർത്തു വെയ്ക്കുക.

ശേഷം തേങ്ങയും തൈരും ചേർത്ത് നന്നായി അരച്ചെടുക്കുക. അവസാനം അവിലും ചേർത്ത് നന്നായി അരച്ചെടുക്കുക. സാദാ ദോശ മാവിന്റെ അയവ് വേണം.

ഇനി മാവ് ഒരു രാത്രി മുഴുവനും അടച്ചു വെച്ച് പുളിപ്പിക്കാൻ വെയ്ക്കുക. പിറ്റേന്ന് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. താല്പര്യമുള്ളവർക്ക് രണ്ട് ചെറിയ സ്പൂൺ പഞ്ചസാരയും മാവിലേക്ക് ചേർക്കാം.

ഇനി ചൂടായ ദോശക്കല്ലിൽ മാവൊഴിച്ചു അല്പം കട്ടിയിൽ പരത്തി ചുട്ടെടുക്കുക. ചെപ്പി സുർന്നളി തയ്യാർ!

കുടങ്ങൽ ചമ്മന്തി

കുടങ്ങലിലകൾ- ഒരുപിടി
തേങ്ങാ- ഒരു കപ്പ്
പച്ചമുളക്- 3-4 എണ്ണം
വാളൻ പുളി- ഒരു ചെറു കഷ്ണം
ഉപ്പ്- ആവശ്യത്തിന്.

മേൽപ്പറഞ്ഞ എല്ലാ ചേരുവകളും അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ചമ്മന്തി തയ്യാർ.