
കോട്ടയം : കടുത്തുരുത്തി നിയോജകമണ്ഡലത്തിലുള്ള കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിട നിർമ്മാണത്തിന് കിഫ്ബിയിൽ ഉൾപ്പെടുത്തി സർക്കാർ പരിഗണിച്ചിരിക്കുന്ന 33 കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കാൻ ആരോഗ്യവകുപ്പ് മന്ത്രി മുൻകൈയെടുത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ നിയമസഭാ പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
കേരളത്തിൻറെ ആരോഗ്യമേഖല തകർച്ചയിലേക്ക് പോകുന്ന ഗുരുതര സ്ഥിതി വിശേഷത്തെ കുറിച്ച് നിയമസഭ നടപടികൾ നിർത്തിവെച്ച് നടത്തിയ അടിയന്തിര പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016 – 2017 സാമ്പത്തിക വർഷം ബഡ്ജറ്റിൽ ഉൾപ്പെടുത്തി സർക്കാർ പ്രഖ്യാപിച്ച കുറവിലങ്ങാട് ഗവ: ആശുപത്രി വികസന പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ഹൗസിങ് ബോർഡിനെയാണ് സർക്കാർ ഏൽപ്പിച്ചത്. എന്നാൽ കഴിഞ്ഞ 9 വർഷമായി ധനകാര്യവകുപ്പും , ആരോഗ്യവകുപ്പും, കിഫ്ബിയും, ഹൗസിംഗ് ബോർഡും പരസ്പരം പഴിചാരി കുറിപ്പെഴുതുന്നത് അല്ലാതെ ഫണ്ട് ലഭ്യമാക്കി പദ്ധതി നടപ്പാക്കാൻ കഴിയാത്ത ദുരവസ്ഥയാണ് നിലവിലുള്ളത്. കേരളത്തിൻറെ ആരോഗ്യമേഖലയ്ക്ക് ഇപ്പോഴുള്ള കെടുകാര്യസ്ഥതയുടെ തെളിവാണ് കുറവിലങ്ങാട് പദ്ധതി നടപ്പാക്കാൻ കഴിയാതെ സർക്കാർ കാണിക്കുന്ന അനാസ്ഥയെന്ന് മോൻസ് ജോസഫ് കുറ്റപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമീബിക് മസ്ഥിഷ്കജ്വര രോഗം മൂലം നിരവധി വ്യക്തികൾ മരിക്കുകയും നിരവധി പേർക്ക് രോഗാവസ്ഥ റിപ്പോർട്ട് ചെയ്യുകയും ഉണ്ടായിട്ടും ആരോഗ്യവകുപ്പ് ജാഗ്രതയോടെ പ്രതിരോധ ചികിത്സാ കാര്യങ്ങൾക്ക് മുന്നോട്ടു വരാൻ കഴിയാതെ പോയത് സർക്കാർ സിസ്റ്റത്തിന്റെ തകരാറ് മൂലമാണ്.
അമീബിക് മസ്തിഷ്കജ്വര രോഗവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഒന്നാം പിണറായി സർക്കാരിൻറെ കാലഘട്ടത്തിൽ വന്നതിന്മേൽ കാര്യമായ ശ്രദ്ധ ചെലുത്താൻ ആരോഗ്യവകുപ്പിനും ഇടതുപക്ഷ സർക്കാരിനും കഴിയാതെ പോയത് ഭരണ പരാജയമാണ് വിളിച്ചറിയിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ ഉൾപ്പെടെ രോഗികൾ വലയുന്ന സ്ഥിതി മോൻസ് ജോസഫ് വൈകാരികതയോടെ ചൂണ്ടിക്കാണിച്ചു.
ശസ്ത്രക്രിയകൾക്ക് ആവശ്യമായ സാമഗ്രികളും മരുന്നും ഡോക്ടർമാർ പുറത്തേക്ക് എഴുതിക്കൊടുക്കുകയാണ്. പാവപ്പെട്ട മനുഷ്യർ ലക്ഷക്കണക്കിന് തുക സ്വന്തമായി കണ്ടെത്തിയാൽ മാത്രമേ സർക്കാർ ആശുപത്രിയിൽ സർജറി നടക്കുകയെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ സൗകര്യം നിഷേധിക്കുന്നത് ആരോഗ്യ മേഖലയുടെ പ്രവർത്തനം താളം തെറ്റിയതിനെ തുടർന്നാണ്. യുഡിഎഫ് സർക്കാർ ഏർപ്പെടുത്തിയ കാരുണ്യ പദ്ധതി ഉൾപ്പെടെയുള്ള ജനക്ഷേമ നടപടികൾ ഇടതുപക്ഷ സർക്കാർ നിർത്തലാക്കിയത് ഏറ്റവും വലിയ ജനദ്രോഹമായി തീർന്നിരിക്കുന്നു.
പാവപ്പെട്ടവരും സാധാരണക്കാരും അനുഭവിക്കുന്ന ഇപ്പോഴത്തെ ദയനീയ സ്ഥിതിക്ക് മാറ്റം ഉണ്ടാകുന്നതിന് സംസ്ഥാന സർക്കാർ ഫലപ്രദമായി പരിഹാര നടപടികൾ അടിയന്തരമായി നടപ്പാക്കണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു.