ഇ-സിം കാർഡ് ആക്‌ടിവേഷന്റെ പേരിൽ തട്ടിപ്പ് വ്യാപകം; തട്ടിപ്പ് രീതി ഇങ്ങനെ, ജാഗ്രതൈ

Spread the love

പ്രമുഖ ടെലികോം കമ്പനികളുടെ ഇ-സിം കാർഡ് ആക്ടിവേഷൻ എന്ന പേരിൽ തട്ടിപ്പുകൾ വ്യാപകമാകുന്നു. വെറും മൊബൈൽ നമ്പറിലൂടെ മാത്രം അക്കൗണ്ടിലെ മുഴുവൻ പണവും തട്ടിപ്പുകാർ കവരും എന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്റർ.

മൊബൈൽ നമ്പർ കൈവശപ്പെടുത്തി ഇരയുടെ അക്കൗണ്ടിലെ പണം മിനിറ്റുകൾ കൊണ്ട് കവരുന്ന തട്ടിപ്പാണിത്. മൊബൈൽ സേവനദാതാവിന്റെ കസ്റ്റമർ കെയറിൽ നിന്നാണെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഇടപാടുകാരെ ബന്ധപ്പെടുന്നത്. നിലവിലുള്ള ഫിസിക്കൽ സിം കാർഡ് ഇ-സിമ്മായി (എംബഡഡ് സിം) മാറ്റാമെന്ന് അറിയിക്കും. സമ്മതിക്കുന്നവരോട് ഇ-സിം ആക്ടീവേഷൻ റിക്വസ്റ്റ് സ്വീകരിക്കാൻ ആവശ്യപ്പെടും. എന്നാൽ ഇങ്ങനെ അപേക്ഷ സ്വീകരിക്കപ്പെടുന്നതോടെ നിലവിലുള്ള സിം കാർഡിന് നെറ്റ‌്വർക്ക് നഷ്ട‌മാകും. ഒപ്പം തട്ടിപ്പുകാരുടെ പക്കലുള്ള ഇ-സിം പ്രവർത്തനക്ഷമമാകും. ഇരകളുടെ നമ്പർ തട്ടിപ്പുകാരുടെ ഡിവൈസിലേക്ക് മാറ്റുന്നതോടെ കോളുകളും സന്ദേശങ്ങളും ഒടിപിയും നേരിട്ട് അവരിലേക്ക് പോകും.

ഈ ഒടിപികൾ ഉപയോഗിച്ച് ഇടപാടുകൾ അംഗീകരിക്കാനും പാസ് വേഡുകൾ റീ-സെറ്റ് ചെയ്യാനും പണം കൈക്കലാക്കാനും സാധിക്കും. കോളുകൾ, മെസേജുകൾ, ഒടിപി മുതലായവ തട്ടിപ്പുകാർക്ക് ലഭിക്കും. തുടർന്ന് ബാങ്ക് അക്കൗണ്ടിലെ പണം പിൻവലിക്കും. ഇ-സിം സേവനങ്ങൾക്ക് സേവനദാതാക്കളുടെ ഔദ്യോഗിക കസ്റ്റമർ കെയർ മാത്രം ഉപയോഗിക്കണമെന്നും മൊബൈൽ നെറ്റ‌്വർക്ക് നഷ്‌ടമായാൽ ഉടൻ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നും സൈബർ പോലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുതലമുറ ഫോണുകളിൽ ലഭ്യമാകുന്ന ഡിജിറ്റൽ സിം ആണ് ഇ-സിം(എംബെഡഡ് സിം). ഒരു സിം സ്ലോട്ട് മാത്രമുള്ള ഫോണിലും രണ്ട് നമ്പർ ഉപയോഗിക്കേണ്ടവർക്ക് അതിൽ ഒന്നിനെ ഇ-സിം ആയി മാറ്റാൻ കഴിയും. സാധാരണ സിം കാർഡ് ഇ-സിം ആയി ആക്ടിവേറ്റ് ചെയ്താൽ, പഴയ ഫിസിക്കൽ സിം സ്വയം പ്രവർത്തനരഹിതമാകും.